sections
MORE

രാജ്കോട്ടിൽ രോഹിത് (43 പന്തിൽ 85) രാജാവ്; ഇന്ത്യയ്ക്ക് ജയം, പരമ്പരയിൽ ഒപ്പം

rohit-fifty-dhawan
അർധസെഞ്ചുറി പിന്നിട്ട രോഹിത് ആരാധകരെ അഭിവാദ്യം ചെയ്യുന്നു. ശിഖർ ധവാൻ സമീപം.
SHARE

രാജ്കോട്ട് ∙ ‘ഹിറ്റ്മാൻ’ സൂപ്പർ ഫോമിൽ ആഞ്ഞടിച്ചപ്പോൾ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. 43 പന്തിൽ അർധ സെഞ്ചുറി (85, 6 ഫോർ, 6 സിക്സ്) കുറിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ മികവിൽ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ 3 മത്സര പരമ്പര 1–1 സമനിലയിലായി. അവസാന മത്സരം ഞായറാഴ്ച നാഗ്പുരിൽ നടക്കും.

മുസ്തഫിസുറിന്റെ ആദ്യ ഓവറിൽ 2 ഫോറടിച്ചു ധവാൻ സൂചന നൽകിയത് പിന്നീടങ്ങോട്ട് രോഹിത് ഏറ്റെടുത്തു. മുസ്ഫിസുറിന്റെ അടുത്ത ഓവറിൽ 2 ഫോറും 2 സിക്സും അടിച്ച രോഹിത് സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികൾക്കു ദീപാവലി ആഘോഷത്തുടർച്ച നൽകി. ഒൻപതാം ഓവറിൽ സ്കോർ 100 കടന്നു. മൊസാദഖ് എറിഞ്ഞ പത്താം ഓവറിന്റെ ആദ്യ 3 പന്തും സിക്സടിച്ച് രോഹിത് വെടിക്കെട്ട് തുടർന്നു. 11–ാം ഓവറിൽ ധവാൻ (27 പന്തിൽ 31) പുറത്തായി. സെഞ്ചുറിയിലേക്കു കുതിച്ച രോഹിത് അമിനുല്ലിന്റെ പന്തിൽ മിഥുൻ പിടിച്ചു പുറത്താകുമ്പോൾ ഇന്ത്യയ്ക്കു ജയം 45 പന്തിൽ 29 റൺസ് അകലെ മാത്രം. രോഹിതിന്റെ 22–ാം അർധ സെഞ്ചുറിയാണിത്; ഇതോടെ രാജ്യാന്തര ട്വന്റി20യിൽ രോഹിത് 100 മത്സരം തികച്ചു. കെ.എൽ.രാഹുലും(8*) ശ്രേയസ് അയ്യരും(24*) ചേർന്ന് അനായാസം ടീമിനെ വിജയത്തിലെത്തിച്ച് ആഘോഷം പൂർണമാക്കുകയും ചെയ്തു.

നേരത്തെ, ആദ്യം ബാറ്റുചെയ്യാൻ അയയ്ക്കപ്പെട്ട ബംഗ്ലദേശിന് ലിറ്റൻ ദാസും നയീമും ചേർന്ന് നല്ല തുടക്കമാണു നൽകിയത്. ഖലീൽ എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായി 3 ഫോറടിച്ച് നയീം സ്കോറിങ് ടോപ് ഗിയറിലാക്കി. ഫീൽഡർമാരുടെ പിഴവുകൾ കൂടിയായതോടെ സ്കോർ കുതിച്ചു.

∙ ആവേശം കൂടി, നിയമം മറന്നു

ആറാം ഓവറിൽ സ്കോർ 50 കടന്നു. ചെഹൽ എറിഞ്ഞ ഈ ഓവറിന്റെ മൂന്നാം പന്തിൽ ദാസിനെ പുറത്താക്കാനുള്ള സുവർണാവസരം അമിതാവേശത്തിൽ കീപ്പർ ഋഷഭ് പന്ത് പാഴാക്കി. ക്രീസ് വിട്ടിറങ്ങിയ ദാസിനെ സ്റ്റംപ് ചെയ്തെങ്കിലും പന്തു പിടിച്ചപ്പോൾ കീപ്പറുടെ കൈകൾ സ്റ്റംപിനു മുന്നിലായതോടെ നോബോൾ. വാഷിങ്ടൻ സുന്ദർ എറിഞ്ഞ അടുത്ത ഓവറിൽ നയീം നൽകിയ അനായാസ ക്യാച്ച് രോഹിത് ശർമ പാഴാക്കി. ചെഹലിന്റെ അടുത്ത ഓവറിൽ ഋഷഭ് പന്ത് എൽബി അപ്പീലുമായി ആവേശം കാണിച്ചപ്പോൾ റണ്ണിനു ശ്രമിച്ചത് ദാസിനു വിനയായി. തട്ടിയിട്ട പന്ത് പിടിച്ച് ഋഷഭ് പന്ത് ദാസിനെ റണ്ണൗട്ടാക്കി.

36 റൺസെടുത്ത നയീം പതിനൊന്നാം ഓവറിൽ സ്കോർ 83ൽ എത്തിയപ്പോൾ സുന്ദറിന്റെ പന്തിൽ ഡീപ് മിഡ്‍വിക്കറ്റിൽ അയ്യർക്കു ക്യാച്ച് നൽകി മടങ്ങി. 12–ാം ഓവറിൽ ക്രുനാലിനെ സൗമ്യ സർക്കാർ ഇന്നിങ്സിലെ ആദ്യ സിക്സിനു പറത്തി. എന്നാൽ ചെഹൽ എറിഞ്ഞ അടുത്ത ഓവറിൽ സ്വീപ് ചെയ്ത മുഷ്ഫിക്കറിനു പിഴച്ചു. ക്രുനാലിനു ക്യാച്ച്. 12.3 ഓവറിൽ സ്കോർ 100 കടന്നു. ആ ഓവറിന്റെ അവസാന പന്തിൽ ക്രീസ് വിട്ട സർക്കാരിനെ(30) സ്റ്റംപ് ചെയ്തത് മൂന്നാം അംപയറുടെ തീരുമാനത്തിനു വിട്ടെങ്കിലും ഇക്കുറി പന്തിന് ആശ്വാസമായി ‘ഔട്ട്’ തെളിഞ്ഞു.

∙ അടികൊണ്ട് ഖലീൽ

ഇന്ത്യയുടെ ഇടംകൈ മീഡിയം പേസർ ഖലീൽ അഹമ്മദിന് ഇന്നലെ നല്ല ദിവസമായിരുന്നില്ല. ഖലീൽ ബോൾ ചെയ്യാനെത്തിയപ്പോഴെല്ലാം ബാറ്റ്സ്മാൻമാർ തകർത്തടിച്ചു. ആദ്യ ഓവറിൽ 3 ഫോർ വഴങ്ങിയ ഖലീൽ അടുത്ത ഓവറുകളിലും ധാരാളിത്തം തുടർന്നു. മൂന്നാം ഓവറിൽ ഹുസൈന്റെ വിക്കറ്റ് ലഭിച്ചിട്ടും കഷ്ടകാലത്തിനു മാറ്റമില്ലായിരുന്നു. അവസാന ഓവറിൽ വഴങ്ങിയ 9 റൺസ് ഉൾപ്പെടെ നൽകിയത് 444 റൺസ്. വേഗം കൂട്ടാൻ ശ്രമിച്ച മഹ്മദുല്ല (30) 19–ാം ഓവറിൽ പുറത്തായതോടെ ഇന്ത്യയുടെ ലക്ഷ്യം എത്തിപ്പിടിക്കാവുന്നതായി.

English Summary: India vs Bangladesh 2nd twenty20 match at Rajkot, Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA