ADVERTISEMENT

രാജ്കോട്ട്∙ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനെ ‘മര്യാദ പഠിപ്പിച്ച്’ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ സദസ്സിലിരുന്ന മാധ്യമപ്രവർത്തകന്റെ ഫോൺ ശബ്ദിച്ചപ്പോഴാണ് ‘അത് സൈലന്റ് ആക്കി വയ്ക്കാൻ’ രോഹിത് ആവശ്യപ്പെട്ടത്. ഇതിനുശേഷം വാർത്താ സമ്മേളനം തുടരുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒന്നാം ട്വന്റി20യിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് ഗുജറാത്തിലെ രാജ്കോട്ടിൽ ഇന്ന് രണ്ടാം മത്സരത്തിനായി ഇന്ത്യൻ ടീം ഇറങ്ങുന്നത്. വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന രോഹിത്, ടീമിനെക്കുറിച്ചും ട്വന്റി20 ഫോർമാറ്റിൽ ടീം കൈക്കൊള്ളുന്ന രീതികളെക്കുറിച്ചും വിശദീകരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.

സംസാരം നിർത്തി അസ്വസ്ഥത പ്രകടിപ്പിച്ച രോഹിത് മാധ്യമപ്രവർത്തകനെ നോക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. സംസാരം തുടരുന്നതിനിടെയാണ് ഫോൺ സൈലന്റ് മോഡിലാക്കാൻ രോഹിത് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ വാർത്താ സമ്മേളനം തുടരുകയും ചെയ്തു.

പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വേദിയാണ് ട്വന്റി20 ഫോർമാറ്റെന്ന് രോഹിത് ചൂണ്ടിക്കാട്ടി. ട്വന്റി20യിൽ ‘കളിച്ചുതെളിഞ്ഞ്’ ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിലും പരീക്ഷിക്കാൻ തക്കവിധത്തിലേക്ക് താരങ്ങളെ പരുവപ്പെടുത്തിയെടുക്കാനാണ് ശ്രമമെന്ന് രോഹിത് വിശദീകരിച്ചു. ഇപ്രകാരം ഏകദിന, ടെസ്റ്റ് ടീമുകളിലേക്ക് എത്തിയ ഒരുപിടി താരങ്ങളുണ്ടെന്നും രോഹിത് ചൂണ്ടിക്കാട്ടി.

അതേസമയം, രാജ്കോട്ട് ട്വന്റി20യോടെ കരിയറിലെ പുതിയൊരു നാഴികക്കല്ലു താണ്ടാനൊരുങ്ങുകയാണ് രോഹിത്. കരിയറിലെ 100–ാം രാജ്യാന്തര ട്വന്റി20ക്ക് തയാറെടുക്കുന്ന രോഹിത്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറും. രാജ്യാന്തര ക്രിക്കറ്റിൽത്തന്നെ ഇതുവരെ 100 ട്വന്റി20 മത്സരങ്ങൾ പൂർത്തിയാക്കിയ ഒരേയൊരു താരമേയുള്ളൂ. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവു കൂടിയായ പാക്കിസ്ഥാൻ താരം ശുഐബ് മാലിക്ക്. ഇതുവരെ 111 ട്വന്റി20 മത്സരങ്ങളിലാണ് മാലിക്ക് കളിച്ചിട്ടുള്ളത്.

English Summary: Please keep your phone on silent, boss: Rohit Sharma tells journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com