ADVERTISEMENT

രാജ്കോട്ട്∙ ഈ ഋഷഭ് പന്തിന് എന്താണു പറ്റിയത്? സമകാലിക ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയേറെ മത്സരങ്ങളിൽ തുടർച്ചയായി നിറം മങ്ങിയിട്ടും പന്തിനോളം അവസരം കിട്ടിയ മറ്റാരെങ്കിലുമുണ്ടോ? സംശയമാണ്. ഡൽഹി ട്വന്റിയിൽ അനവസരത്തിൽ ഡിആർഎസ് വിളിക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ചും ശിഖർ ധവാന്റെ റണ്ണൗട്ടിനു ഹേതുവായും ആരാധകരുടെ കണ്ണിലെ കരടായി മാറിയ പന്ത്, രാജ്കോട്ടിലും ‘പതിവു’ തെറ്റിച്ചില്ല. വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം പോലും മറന്ന് ഉറപ്പുള്ള സ്റ്റംപിങ് അവസരം കളഞ്ഞുകുളിച്ച താരം, പലപ്പോഴും പന്തിന്റെ ദിശയറിയാതെ കാഴ്ചക്കാരനായും മാറി. പന്തിന്റെ പിഴവുകൾ ഏറിയതോടെ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മഹേന്ദ്രസിങ് ധോണിയെ വിക്കറ്റ് കീപ്പറായി തിരിച്ചുകൊണ്ടുവരണമെന്ന പ്രചാരണം ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ശക്തമായി. ധോണിയില്ലെങ്കിൽ ദിനേഷ് കാർത്തിക്കായാലും മതിയെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

വിക്കറ്റ് കീപ്പറെന്ന നിലയിൽ ഋഷഭ് പന്തിന്റെ മികവിനെ സംശയിക്കുന്നവർക്ക് കൂടുതൽ ശക്തിയോടെ അടിക്കാൻ വടി നൽകുന്നതാണ് രാജ്കോട്ട് ട്വന്റി20യിൽ വരുത്തിയ ചില പിഴവുകൾ. യുസ്‌വേന്ദ്ര ചെഹലെറിഞ്ഞ ആറാം ഓവറിൽ വിക്കറ്റ് കീപ്പിങ്ങിന്റെ ബാലപാഠം മറന്നുപോയതു തന്നെ അതിൽ പ്രധാനം. ആറാം ഓവറിലെ മൂന്നാം പന്തിൽ ബംഗ്ലദേശ് ഓപ്പണർ ലിട്ടൺ ദാസിനെ സ്റ്റംപു ചെയ്തു പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പന്ത് നിയമം തെറ്റിച്ചത്. ഈ സമയത്ത് 5.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. ഇന്ത്യ ഏതുവിധേനയും ഒരു വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്ന സമയം. ലിട്ടൺ ദാസ് 13 പന്തിൽ 17 റൺസോടെയും മുഹമ്മദ് നയിം 19 പന്തിൽ 26 റൺസോടെയും ക്രീസിൽ. ഓവറിലെ മൂന്നാം പന്ത് നേരിട്ട ലിട്ടൺ ദാസ് ചെഹലിനെ കയറി കളിക്കാൻ ശ്രമിച്ചത് പാളിപ്പോയി. ഋഷഭ് പന്ത് ആ പന്ത് പിടിച്ചെടുക്കുമ്പോൾ ക്രീസിന് ഏറെ വെളിയിലായിരുന്നു ലിട്ടൺ ദാസ്. പന്ത് സ്റ്റംപിളക്കി. ഇന്ത്യൻ താരങ്ങൾ ആഘോഷവും തുടങ്ങി.

ഇതിനിടെയാണ് കൗതുകകരമായൊരു സംഭവം അരങ്ങേറിയത്. ലിട്ടൺ ദാസ് ക്രീസിന് ഏറെ വെളിയിലാണെന്ന് ഉറപ്പുണ്ടായിട്ടും ഔട്ടാണോ എന്ന കാര്യത്തിൽ അംപയർമാർക്കു സംശയം. അങ്ങനെ ടെലവിഷൻ റീപ്ലേ പരിശോധിച്ചപ്പോഴാണ് പന്തിന്റെ ‘കുപ്രസിദ്ധമായ’ നിയമലംഘനം വെളിച്ചത്തായത്. ബോളർ എറിയുന്ന പന്ത് സ്റ്റംപിനു പിന്നിൽനിന്നു മാത്രമേ വിക്കറ്റ് കീപ്പർ പിടിക്കാൻ പാടുള്ളുവെന്നിരിക്കെ, ലിട്ടൺ ദാസിനെ പുറത്താക്കാനുള്ള ആവേശത്തിൽ വിക്കറ്റ് കീപ്പർ പന്ത് സ്റ്റംപു കടക്കും മുൻപേ പന്തു പിടിച്ചു! എന്നിട്ട് ലിട്ടൺ ദാസിനെ സ്റ്റംപും ചെയ്തു. എന്തു കാര്യം! തേഡ് അംപയർ ആ ഔട്ട് തീരുമാനം റദ്ദാക്കി. മാത്രമല്ല, പന്ത് നോബോളും വിളിച്ചു! ചെഹലിന്റെ അടുത്ത രണ്ടു പന്തും ബൗണ്ടറി കടത്തിയാണ് ലിട്ടൺ ദാസ് ‘ലൈഫ്’ ആഘോഷിച്ചത്. വാഷിങ്ടൺ സുന്ദർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ രോഹിത് ശർമയും ലിട്ടൺ ദാസിനെ കൈവിട്ടതോടെ ബംഗ്ലദേശിന് ‘ഇരട്ടി സന്തോഷം’!

അഞ്ചാം ഓവറിലെ പിഴവു തിരുത്തി ഒടുവിൽ പന്തു തന്നെയാണ് ലിട്ടണ്‍ ദാസിനെ പുറത്താക്കിയതും. ചെഹൽ എറിഞ്ഞ എട്ടാം ഓവറിൽ പന്തിന്റെ നേരിട്ടുള്ള ഏറിൽ ലിട്ടൺ ദാസ് റണ്ണൗട്ടായി. 21 പന്തിൽ നാലു ഫോർ സഹിതം 29 റണ്‍സെടുത്ത ലിട്ടൺ ദാസ്, ഓവറിലെ രണ്ടാം പന്ത് കളിച്ച ശേഷം റണ്ണിനായി ശ്രമിച്ചതാണ് വിനയായത്. പന്ത് എവിടെയാണെന്ന് ലിട്ടൺ ദാസ് കണ്ടില്ലെങ്കിലും അതു കണ്ടിരുന്ന മുഹമ്മദ് നയീം മറുവശത്ത് നിന്ന് അനങ്ങിയില്ല. ലിട്ടൺ ദാസ് ക്രീസിൽ തിരിച്ചെത്തും മുൻപേ പന്തു പിടിച്ചെടുത്ത ഋഷഭ് നേരിട്ടുള്ള ഏറിൽ സ്റ്റംപിളക്കി.

‘തെറ്റു തിരുത്തലോടെ’ പന്ത് ‘നന്നായെന്ന’ തോന്നലുയർന്നെങ്കിലും അതു വെറുതെയാണെന്ന് അധികം വൈകാതെ മനസ്സിലായി. 13–ാം ഓവറിൽ ചെഹലിന്റെ തന്നെ പന്തിൽ സൗമ്യ സർക്കാരിനെ പന്ത് സ്റ്റംപ് ചെയ്തപ്പോഴും അംപയർമാർ സംശയം പ്രകടിപ്പിച്ചു. സംശയനിവൃത്തിക്കായി മൂന്നാം അംപയറിന്റെ സഹായവും തേടി. ഇക്കുറിയും പന്തു പിടിച്ചെടുക്കുമ്പോൾ സ്റ്റംപിനോടു ചേർന്നുതന്നെയായിരുന്നു പന്തിന്റെ ഗ്ലൗ. തേഡ് അംപയറിന്റെ തീരുമാനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കവെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ തെളിഞ്ഞത് ‘നോട്ട് ഔട്ട്’! ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ചു പോയപ്പോൾ ബംഗ്ലദേശ് ആരാധകർ പന്തിന്റെ പിഴവിനെ ആഘോഷമാക്കി. എന്നാൽ, തേഡ് അംപയറിന്റെ തീരുമാനത്തിൽ പിഴവു വന്നതാണെന്ന് തൊട്ടുപിന്നാലെ വിശദീകരണം വന്നപ്പോഴാണ് ഇന്ത്യൻ ആരാധകർക്ക് സമാധാനമായത്, പന്തിനും! ചുരുക്കത്തിൽ ഇക്കുറി പന്ത് കഷ്ടിച്ചു രക്ഷപ്പെട്ടു.

ഇതിനിടെ മറ്റൊരു രസകരമായ കാഴ്ചയും കണ്ടു. ക്രുനാൽ പാണ്ഡ്യ എറിഞ്ഞ 12–ാം ഓവറിനിടെ പന്ത് കാണാതെ വട്ടം കറങ്ങുന്ന വിക്കറ്റ് കീപ്പർ പന്ത്! 12–ാം ഓവറിലെ നാലാം പന്ത് മുഷ്ഫിഖുർ റഹിം സ്വീപ് ചെയ്യാൻ ശ്രമിച്ചതിനു പിന്നാലെയാണ് വിക്കറ്റ് കീപ്പർ പന്ത് ബോളിനായി വട്ടം കറങ്ങിയത്. ബോളാകട്ടെ റഹിമിന്റെ കയ്യിലും ഹെൽമറ്റിലും തട്ടി തൊട്ടുമുന്നിലാണു വീണത്. ബോൾ പിച്ചിൽ കിടക്കെ പന്തിനായി വട്ടം കറങ്ങുന്ന പന്തിന്റെ വിഡിയോയും ട്വിറ്റഴറിൽ വൈറലാണ്.

English Summary: Rishabh Pant was criticized for his 'schoolboy error' of collecting the ball in front of the stumps before effecting a stumping. However, Pant redeemed himself by effecting a run out and a stumping off the same bowler later in the innings.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com