ADVERTISEMENT

ലക്നൗ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരത്തിനിടെ അഫ്ഗാനിസ്ഥാൻ താരം ഇക്രം അലിഖിന്റെ റണ്ണൗട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലെ ലക്നൗവിൽ നടന്ന ഒന്നാം ഏകദിനത്തിനിടെ അർധസെഞ്ചുറി പൂർത്തിയാക്കിയ സഹതാരം റഹ്മത്ത് ഷായെ അഭിനന്ദിക്കാൻ ക്രീസ് വിട്ടിറങ്ങിയപ്പോഴാണ് അസാധാരണമായ രീതിയിൽ ഇക്രം അലിഖിൽ റണ്ണൗട്ടായത്. മത്സരം വിൻഡീസ് ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. അതേസമയം, മാന്യൻമാരുടെ കളിയെന്ന് അറിയപ്പെടുന്ന ക്രിക്കറ്റിനെ വെസ്റ്റിൻഡീസ് നാണംകെടുത്തുകയാണ് ചെയ്തതെന്ന് ഒരു വിഭാഗം ആരാധകർ വിമർശിച്ചു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് അഫ്ഗാനിസ്ഥാൻ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. 15 റൺസിനിടെ ഓപ്പണർമാരെ ഇരുവരെയും നഷ്ടമായ ശേഷം മൂന്നാം വിക്കറ്റിൽ ഇക്രം അലിഖിലും റഹ്മത്ത് ഷായും ചേർന്ന് മികച്ചൊരു കൂട്ടുകെട്ടിലൂടെ അഫ്ഗാനെ രക്ഷപെടുത്തുന്നതിനിടെയാണ് സംഭവം. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് അഫ്ഗാനെ മികച്ച നിലയിലേക്കു നയിക്കുന്നതിനിടെ ഇക്രം അലിഖിൽ ആദ്യം അർധസെഞ്ചുറി പൂർത്തിയാക്കി.

അഫ്ഗാൻ ഇന്നിങ്സിലെ 27–ാം ഓവർ എറിയാൻ റോസ്റ്റൺ ചേസ് എത്തുമ്പോൾ അലിഖിൽ 57 റൺസോടെയും റഹ്മത്ത് ഷാ 49 റൺസോടെയും ക്രീസിലുണ്ടായിരുന്നു. ഓവറിലെ മൂന്നാം പന്ത് നേരിട്ട ഷാ, സിംഗിള്‍‌ നേടി അർധസെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ ഇക്രം അലിഖിൽ ഷായ്ക്കടുത്തെത്തി താരത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇതിനിടെയാണ് അഫ്ഗാൻ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ച് വെസ്റ്റിൻഡീസ് റണ്ണൗട്ടിനായി അംപയർ റീഫലിനോട് അപ്പീൽ ചെയ്തത്. എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാവരും അന്തിച്ചുനിൽക്കെ തേഡ് അംപയർ ടെലവിഷൻ റീപ്ലേ പരിശോധിക്കാൻ ആരംഭിച്ചു. ഇതോടെ സംഭവം വ്യക്തം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന ഇക്രം അലിഖിൽ ബാറ്റിങ് ക്രീസിലെത്തി സിംഗിൾ പൂർത്തിയാക്കിയതാണ്. എന്നാൽ, അർധസെഞ്ചുറി പൂർത്തിയാക്കിയ റഹ്മത്ത് ഷായെ അഭിനന്ദിക്കാനുള്ള ആവേശത്തിൽ പന്ത് ‘‍ഡെഡ്’ ആകുന്നതിനു മുന്‍പുതന്നെ ക്രീസ് വിട്ടിറങ്ങി. പന്ത് വിൻഡീസ് വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ കയ്യിലെത്തും മുൻപാണ് ഇക്രം അലിഖിൽ ക്രീസ് വിട്ടിറങ്ങിയത്. റണ്ണിനായിട്ടായിരുന്നില്ല അലിഖിൽ ക്രീസ് വിട്ടതെങ്കിലും പന്ത് ‘ഓൺ പ്ലേ’ ആയിരുന്നതിനാൽ ഹോപ്പ് ബെയ്‌ലിളക്കി. വിശദ പരിശോധനയ്ക്കൊടുവിൽ അംപയർ ഔട്ട് അനുവദിക്കുകയും ചെയ്തു. താൻ റണ്ണിനായിട്ടല്ല ക്രീസ് വിടുന്നതെന്ന് വിൻഡീസ് താരങ്ങളെയും അംപയറെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അലിഖിന് ഔട്ടിൽനിന്ന് രക്ഷപ്പെടാമായിരുന്നു.

അഫ്ഗാൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ടീം ഒന്നാകെ തകർന്നു. മൂന്നാം വിക്കറ്റിൽ അലിഖിൽ – റഹ്മത്ത് ഷാ സഖ്യം 111 റൺസ് കൂട്ടുകെട്ടാണ് തീർത്തത്. എന്നാൽ അടുത്ത 68 റൺസിനിടെ ശേഷിച്ച എട്ടു വിക്കറ്റും നഷ്ടമാക്കിയ അഫ്ഗാൻ 194 റൺസിന് പുറത്തായി. ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ് എന്നിവരുടെ അർധസെഞ്ചുറി കരുത്തിൽ 21 പന്തുകൾ ബാക്കിനിൽക്കെ മുന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിൻഡീസ് ലക്ഷ്യം കണ്ടു.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വിൻഡീസ് ടീമിനെ വിമർശിച്ച് ഒട്ടേറെ ആരാധകർ രംഗത്തെത്തി. അവർ കുറച്ചുകൂടി സ്പോർട്സ്മാൻ സ്പിരിറ്റ് കാട്ടേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ വിമർശകർ, 2006ൽ ന്യൂസീലൻഡ് താരങ്ങൾ സമാനമായ രീതിയിൽ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനെ പുറത്താക്കിയതും അനുസ്മരിച്ചു. അന്ന് സെഞ്ചുറി നേടിയ കുമാർ സംഗക്കാരയെ അഭിനന്ദിക്കാനായി ക്രീസ് വിട്ട മുരളീധരനെ ന്യൂസീലൻഡ് താരങ്ങൾ റണ്ണൗട്ടാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ന്യൂസീലൻഡ് ടെസ്റ്റിൽ ശ്രീലങ്കയെ തോൽപ്പിച്ചെങ്കിലും അതിന്റെ പകിട്ട് മുരളീധരന്റെ റണ്ണൗട്ട് വിവാദത്തിൽ മുങ്ങിപ്പോയി.

English Summary: Ikram Alikhil’s ‘brain fade’ moment leads to a ‘never seen before’ run-out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com