sections
MORE

‌ഒന്നു നിർത്താമോ, പ്ലീസ്; പന്തിനെ കുറച്ചുനാൾ വെറുതെവിടാൻ ആവശ്യപ്പെട്ട് രോഹിത്

rishabh-pant-rohit-sharma
ഋഷഭ് പന്തും രോഹിത് ശർമയും ഡൽഹി ട്വന്റി20ക്കിടെ.
SHARE

നാഗ്പുർ∙ ‘കുറച്ചുകാലത്തേക്ക് ഋഷഭ് പന്തിൽനിന്ന് നിങ്ങളുടെ കണ്ണൊന്നു മാറ്റാമോ? അപേക്ഷയാണ്’ – വിരാട് കോലിയുടെ അഭാവത്തിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമയുടെ വാക്കുകളാണിത്. പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ‘അൽപം സമാധാനം’ കൊടുക്കാൻ രോഹിത് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാൽ, ഞായറാഴ്ച നാഗ്പുരിൽ നടക്കുന്ന മൂന്നാം മത്സരം നിർണായകമാണ്.‌

ന്യൂഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിലും രാജ്കോട്ടിൽ നടന്ന രണ്ടാം ട്വന്റി20യിലും ഋഷഭ് പന്ത് വരുത്തിയ പിഴവുകൾ ആരാധകരുടെ അപ്രീതിക്കു കാരണമായിരുന്നു. ഡൽഹി ട്വന്റി20യിൽ അനവസരത്തിൽ ഡിആർഎസ് എടുക്കാൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രേരിപ്പിച്ച പന്ത്, പിന്നീട് ശിഖർ ധവാന്റെ റണ്ണൗട്ടിനും കാരണക്കാരനായി. രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിലെ ബാലപാഠങ്ങൾ മറന്ന് പന്ത് സ്റ്റംപിനു മുന്നിൽ കയറി ബോൾ പിടിച്ചതോടെ ഇന്ത്യയ്ക്ക് ലഭിച്ച വിക്കറ്റും നഷ്ടമായി. ഇതോടെ പന്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകളാണ് പിറന്നത്.

‘ഋഷഭ് പന്തിനെക്കുറിച്ച് എല്ലാ ദിവസവും എന്നല്ല, ഓരോ നിമിഷവും അനാവശ്യമായി ചർച്ച നടത്തുകയാണ്. കളത്തിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. കുറച്ചുകാലത്തേക്ക് എല്ലാവരും പന്തിൽനിന്ന് ശ്രദ്ധയൊന്നു മാറ്റണമെന്നാണ് എന്റെ അപേക്ഷ’ – രോഹിത് പറഞ്ഞു.

‘നിർഭയനായ ക്രിക്കറ്റ് താരമാണ് പന്ത്. അദ്ദേഹത്തിന് അതേ സ്വാതന്ത്ര്യം നൽകാനാണ് ടീം മാനേജ്മെന്റിന് ഇഷ്ടം. മാത്രമല്ല, അനാവശ്യമായി പന്തിനെ പിന്തുടരന്ന പതിവ് നിങ്ങൾ നിർത്തിയാൽ അദ്ദേഹത്തിന്റെ പ്രകടനവും മെച്ചപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്’ – രോഹിത് ചൂണ്ടിക്കാട്ടി.

‘വെറും 22 വയസ്സ് മാത്രം പ്രായമുള്ള പയ്യനാണ് പന്ത്. രാജ്യാന്തര ക്രിക്കറ്റിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്നയാൾ. മൈതാനത്ത് പന്ത് ഓരോ ചുവടു വയ്ക്കുമ്പോഴും അതു ചർച്ചയാവുകയാണ്. അതു ശരിയല്ല. സ്വതസിദ്ധമായി കളിക്കാൻ നമ്മൾ പന്തിനെ അനുവദിക്കുകയാണ് വേണ്ടത്. അദ്ദേഹം ആഗ്രഹിക്കുന്നതും അതുതന്നെ’ – രോഹിത് പറഞ്ഞു.

പന്തിനു പിഴവു സംഭവിക്കുമ്പോഴല്ല, അദ്ദേഹം മികച്ച പ്രകടനം നടത്തുമ്പോഴാണ് ഇത്രയും പ്രാധാന്യത്തോടെ ചർച്ചകൾ നടത്തേണ്ടതെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ‘പിഴവു പറ്റുമ്പോൾ മാത്രമല്ല, നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും നിങ്ങൾ അദ്ദേഹത്തിന് ഇത്രയും ശ്രദ്ധ നൽകൂ. ഇപ്പോഴും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുകയാണ്. മുൻപ് പന്ത് മികച്ച പ്രകടനം പുറത്തെടുത്ത സന്ദർഭങ്ങൾ വളരെയധികമുണ്ട്. ടീം മാനേജ്മെന്റ് അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നതെന്തോ, അതു നൽകാനാണ് പന്ത് ശ്രമിക്കുന്നത്’ – രോഹിത് വിശദീകരിച്ചു.

ഋഷഭ് പന്തിനെയും ശ്രേയസ് അയ്യരെയും പോലുള്ള താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്നും രോഹിത് പറഞ്ഞു. ‘അവർ രണ്ടു പേരും പ്രതിഭാധനരായ താരങ്ങളാണ്. തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് അവരെന്നും പലവട്ടം തെളിയിച്ചതാണ്. രണ്ടു വർഷത്തോളമായി പന്ത് ടീമിനൊപ്പമുണ്ട്. കുറച്ചുകാലം അകത്തും പുറത്തുമൊക്കെയായി നിന്നെങ്കിലും ശ്രേയസ് അയ്യരും ഏകദിന ടീമിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ ട്വന്റി20യിലും ഇടമുറപ്പാക്കാനാണ് ശ്രമം’ – രോഹിത് പറഞ്ഞു.

‘ഏതു ഫോർമാറ്റിലായാലും സ്വതസിദ്ധമായി കളിക്കുക എന്നതാണ് അവരോട് എനിക്കു പറയാനുള്ളത്. സ്വന്തം കളിയിൽ ആത്മവിശ്വാസമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. പരിശീലന സെഷനുകളിൽ കഠിനാധ്വാനം ചെയ്യുന്നവരാണ് ഇരുവരും. അവർക്ക് അതിന്റെ ഫലം ലഭിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്. രാജ്യാന്തര ക്രിക്കറ്റിൽ വിജയിക്കാനാവശ്യമായ എല്ലാം മികവും അവർക്കുണ്ട്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എല്ലാ പിഴവുകളും തിരുത്തി ഇരുവരും തകർത്തടിക്കുന്നത് നിങ്ങൾ കാണും’ – രോഹിത് പറഞ്ഞു.

∙ പന്തിനെ പിന്തുണച്ച് ഗാംഗുലി, സംഗക്കാര, ലക്ഷ്മൺ

ആദ്യ രണ്ട് ട്വന്റി20കളിൽ പ്രകടനം മോശമായതോടെ ഋഷഭ് പന്തിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ പിന്തുണയുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, ശ്രീലങ്കയുടെ മുൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാര, മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ എന്നിവർ രംഗത്തെത്തി. പന്തിന് കുറച്ചുകൂടി സമയം അനുവദിക്കാൻ ഗാംഗുലി അഭ്യർഥിച്ചു. തീരെ ചെറിയ പ്രായമാണ് പന്തിനെന്ന് ചൂണ്ടിക്കാട്ടിയ ഗാംഗുലി, യുവതാരത്തിന് അനാവശ്യ സമ്മർദ്ദങ്ങൾ നൽകരുതെന്നും അഭ്യർഥിച്ചു.

English Summary: Please leave Rishabh Pant alone, says Rohit Sharma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA