ADVERTISEMENT

രാജ്കോട്ട് ∙ ട്വന്റി20യിലും ഏകദിനത്തിലുമെല്ലാം സിക്സറടി ശീലമാക്കിയ രോഹിത് ശർമ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി: ‘എത്ര വലിയ മസിലുണ്ടായിട്ടും കാര്യമില്ല. ടൈമിങ് ശരിയായാലേ സിക്സർ പായിക്കാൻ കഴിയുകയുള്ളൂ.’ ബിസിസിഐ വെബ്സൈറ്റിനുവേണ്ടി യുസ്‌വേന്ദ്ര ചെഹലുമായി നടത്തിയ സംഭാഷണത്തിലാണു ഹിറ്റ്മാൻ മനസ്സ് തുറന്നത്. കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരെ 6 തവണയാണു രോഹിത് ബൗണ്ടറിക്കു മുകളിലൂടെ പന്ത് പറത്തിയത്. 43 പന്തിൽ 85 റൺസെടുത്ത് രോഹിത് കളിയിലെ കേമനുമായി.രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ചതിന്റെ റെക്കോർഡ് രോഹിത്തിന്റെ പേരിലാണ്: 115. മാർട്ടിൽ ഗപ്ടിലാണു രണ്ടാമത് (108). ക്രിസ് ഗെയ്‍ൽ മൂന്നാമത്: 105.

ഇതിനു ശേഷമാണ് സിക്സടിക്കുന്നതിന്റെ രഹസ്യം രോഹിത് വെളിപ്പെടുത്തിയത്. മാത്രമല്ല, ചെഹലിനെ നൈസായിട്ടൊന്നു ട്രോളുകയും ചെയ്തു. ‘തുടർച്ചയായി വിക്കറ്റുകൾക്കിടയിലൂടെ ഓടി ക്ഷീണിക്കുമ്പോഴും ഇങ്ങനെ സിക്സ് അടിക്കാനുള്ള കരുത്ത് എവിടെനിന്നു കിട്ടുന്നു’ എന്നായിരുന്നു ചെഹലിന്റെ സംശയം.

രോഹിത്തിന്റെ മറുപടി ഇങ്ങനെ: ‘മസിൽ ഇല്ലാത്ത നിന്നെപ്പോലെയുള്ളവർക്കും സിക്സടിക്കാം (ഇതിനുശേഷം മസിൽ കാണിക്കാൻ രോഹിത് ചെഹലിനോട് ആവശ്യപ്പെടുന്നുണ്ട്. ക്യാപ്റ്റന്റെ നിർദ്ദേശം പാലിച്ച് ചെഹൽ വലതുകയ്യിലെ മസിൽ കാട്ടുകയും ചെയ്തു). രോഹിത് തുടർന്നു: ക്രീസിലെ സ്ഥാനം പ്രധാനമാണ്. കരുത്തുണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. തലയുടെയും കൈകളുടെയും സ്ഥാനവും കൃത്യമായിരിക്കണം.’

‘സെഞ്ചുറി നേടിയിട്ടാകട്ടെ ഇനി ചെഹൽ ടിവിയിലേക്കുള്ള രോഹിത്തിന്റെ വരവെന്ന് ചെഹൽ ആശംസ നേർന്നപ്പോൾ രോഹിത്തിന്റെ മറുപടി ഇങ്ങനെ: ‘എന്റെ സെഞ്ചുറി അവിടെ നിൽക്കട്ടെ. നിങ്ങൾ എപ്പോൾ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കും?’ – രോഹിത്തിന്റെ ചോദ്യം ചെഹലിനെ കളിയാക്കാൻ ട്രോളൻമാർ ഏറ്റെടുക്കുകയും ചെയ്തു.

അതിനിടെ, രാജ്കോട്ടിൽ ബംഗ്ലദേശ് സ്പിന്നർ മൊസാദേക് ഹുസൈനെതിരെ ഒരു ഓവറിൽ ആറു സിക്സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും രോഹിത് വെളിപ്പെടുത്തി. 30 പന്തിൽ 58 റൺസുമായി നിൽക്കെയാണ് മൊസാദേക് ഹുസൈനെതിരെ രോഹിത് ആദ്യ മൂന്നു പന്തിൽ മൂന്നു സിക്സടിച്ചത്. ഇതോടെ ആറു പന്തും ഗാലറിയിലെത്തിക്കാൻ തീരുമാനിച്ചെങ്കിലും നാലാം പന്ത് തൊടാനാകാതെ പോയത് തിരിച്ചടിയായി. പിന്നീട് സിംഗിളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും രോഹിത് വെളിപ്പെടുത്തി.

∙ ചെഹൽ സിക്സടിക്കുമോ?

രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ 50 ഏകദിനങ്ങളും 33 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സിക്സ് നേടിയിട്ടില്ലാത്ത താരമാണ് ചെഹൽ. ഏകദിനത്തിൽ നാലു ഫോർ നേടിയിട്ടുണ്ടെങ്കിലും ട്വന്റി20യിൽ അതുമില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 47 ഇന്നിങ്സുകളിൽനിന്ന് ചെഹൽ രണ്ടു സിക്സും ലിസ്റ്റ് എ ക്രിക്കറ്റിൽ 36 ഇന്നിങ്സുകളിൽനിന്ന് ഒരു സിക്സും നേടിയിട്ടുണ്ട്. അങ്ങനെ ആകെ മൂന്നു സിക്സാണ് രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിലെ സമ്പാദ്യം!

പുറത്താകാതെ നേടിയ 18 റൺസാണ് ഏകദിനത്തിലെ ഉയർന്ന സ്കോർ. ട്വന്റി20യിൽ മൂന്ന് റൺസും! ഏകദിനത്തിൽ 50 മത്സരങ്ങളിൽനിന്ന് 39 റൺസും ട്വന്റി20യിൽ 33 മത്സരങ്ങളിൽനിന്ന് നാലു റൺസുമാണ് സമ്പാദ്യം! അതേസമയം, ഇന്ത്യൻ ബാറ്റിങ് നിരയുടെ ആഴവും ചെഹലിന്റെ മോശം ബാറ്റിങ് റെക്കോർഡിൽ വ്യക്തമാണ്. ഏകദിനത്തിൽ 50 മത്സരം കളിച്ചിട്ടുണ്ടെങ്കിലും ചെഹലിന് ബാറ്റിങ്ങിന് അവസരം കിട്ടിയത് എട്ടു മത്സരങ്ങളിൽ മാത്രമാണ്. ട്വന്റി20യിൽ 33 മത്സരങ്ങളിൽ ബാറ്റിങ്ങിന് ഇറങ്ങിയത് വെറും മൂന്നു മത്സരത്തിലും!

∙ റെക്കോർഡിനരികെ ചെഹൽ

ബാറ്റിങ്ങിൽ അത്ര മികവില്ലെങ്കിലും ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിന് തയാറെടുക്കുമ്പോൾ ബോളിങ്ങിൽ റെക്കോർഡ് ബുക്കിലും പേരു ചേർക്കാനൊരുങ്ങുകയാണ് ചെഹൽ. രാജ്യന്തര ട്വന്റി20യിൽ 50 വിക്കറ്റ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിന് ഒരേയൊരു വിക്കറ്റ് അകലെയാണ് ചെഹൽ. നിലവിൽ 33 മത്സരങ്ങളിൽനിന്ന് 49 വിക്കറ്റുകളാണ് സമ്പാദ്യം.

മാത്രമല്ല, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ചെഹലിനെ കാത്തിരിക്കുന്നു. ചെഹലിനു മുൻപ് 50 വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങളിൽ വേഗത്തിൽ നാഴികക്കല്ലു പിന്നിട്ടത് ജസ്പ്രീത് ബുമ്രയാണ്. വേണ്ടിവന്നത് 41 മത്സരങ്ങൾ. ഇതിലും ഒരു മത്സരം കൂടുതൽ വേണ്ടിവന്നു 50 വിക്കറ്റ് ക്ലബ്ബിലെ രണ്ടാമനായ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്. അടുത്ത മത്സരത്തിൽ ഒരു വിക്കറ്റ് കൂടി നേടിയാൽ 34 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റ് നേടി ബഹുദൂരം മുന്നിലെത്തും ചെഹൽ. അതേസമയം, എല്ലാ രാജ്യക്കാരെയും പരിഗണിച്ചാൽ അഞ്ചാം സ്ഥാനത്താകും ചെഹൽ. 26 മത്സരങ്ങളൽനിന്ന് 50 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ നിഗൂഡ സ്പിന്നർ അജാന്ത മെൻഡിസാണ് ഒന്നാമത്.

ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന നേട്ടവും ചെഹലിന് കയ്യെത്തും ദൂരെയാണ്. ഞായറാഴ്ച നാഗ്പുരിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയാൽ 53 വിക്കറ്റുമായി ട്വന്റി20യിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ചെഹൽ മുന്നിലെത്തും. നിലവിൽ 52 വിക്കറ്റുമായി അശ്വിനാണ് മുന്നിൽ. 51 വിക്കറ്റുമായി ബുമ്ര രണ്ടാമതും നിൽക്കുന്നു.

English Summary: Rohit Sharma pokes fun at Yuzvendra Chahal’s ‘huge biceps’, explains how to hit a six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com