sections
MORE

ഹാട്രിക് സഹിതം 6 വിക്കറ്റുമായി ചാഹർ റെക്കോർഡ് ബുക്കിൽ; ഇന്ത്യയ്ക്ക് പരമ്പര

deepak-chahar-wicket-celebration
ഹാട്രിക് സഹിതം ആറു വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറിനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.
SHARE

നാഗ്പൂർ∙ ഹാട്രിക് സഹിതം ആറു വിക്കറ്റെടുത്ത് രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങുതകർത്ത യുവതാരം ദീപക് ചാഹറിന്റെ മികവിൽ മൂന്നാം ട്വന്റി20യിൽ ബംഗ്ലദേശിനെ 30 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് പരമ്പര. 3.2 ഓവറിൽഏഴു റൺസ് മാത്രം വഴങ്ങിയാണ് ചാഹർ ആറു വിക്കറ്റ് പിഴുതത്. ഇതോടെ, സിംബാബ്‌വെയ്ക്കെതിരെ നാല് ഓവറിൽ എട്ടു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് പിഴുത ശ്രീലങ്കൻ താരം അജാന്ത മെൻഡിസിന്റെ അവിശ്വസനീയ പ്രകടനം ചാഹറിനു മുന്നിൽ വഴിമാറി. ഇന്ത്യ ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 19.2 ഓവറിൽ 144 റൺസിനു പുറത്തുമായി. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ ബോളറുടെ ആദ്യ ഹാട്രിക് കൂടിയാണ് നാഗ്പുരിൽ പിറന്നത്.

ബംഗ്ലദേശ് നിരയിൽ യുവതാരം മുഹമ്മദ് നയീമിനു മാത്രമാണു മികച്ച പ്രകടനം നടത്താൻ സാധിച്ചത്. 47 പന്തുകളിൽ 81 റൺസെടുത്ത നയീം കരിയറിലെ മികച്ച സ്കോർ കണ്ടെത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നയിമിനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് 27 റണ്‍സെടുത്ത മുഹമ്മദ് മിഥുന്‍ മാത്രം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ, പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.

ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, മുഹമ്മദ് മിഥുൻ, അമിനുൽ ഇസ്‍ലാം, ഷാഫിയുൽ ഇ‍സ്‍ലാം, മുസ്താഫിസുർ റഹീം എന്നിവരാണ് ചാഹറിനു മുന്നിൽ വീണത്. ചാഹറിനു പുറമെ ഇന്ത്യയ്ക്കായി ശിവം ദുബെ മൂന്നും യുസ്‍വേന്ദ്ര ചെഹൽ ഒരു വിക്കറ്റും നേടി. ഇതോടെ, ചെഹൽ രാജ്യാന്തര ട്വന്റി20യിൽ 50 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി. രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര എന്നിവരാണ് മറ്റു രണ്ടുപേർ. അതേസമയം, വേഗത്തിൽ 50 കടക്കുന്നതിന്റെ ഇന്ത്യൻ റെക്കോർഡ് ചെഹലിന്റെ പേരിലായി.

∙ രാഹുൽ, ശ്രേയസ് തിളങ്ങി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. ശ്രേയസ് അയ്യർ, കെ.എല്‍. രാഹുൽ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് ഇന്ത്യ എത്തിയത്. രാജ്യാന്തര ട്വന്റി20യിലെ ആദ്യ അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 33 പന്തിൽനിന്ന് 62 റൺസെടുത്താണു പുറത്തായത്. താരം അടിച്ചുകൂട്ടിയത് അഞ്ച് സിക്സും മൂന്ന് ഫോറുകളും. 35 പന്തുകളിൽനിന്ന് 52 റണ്‍സെടുത്താണു രാഹുൽ പുറത്തായത്. രോഹിത് ശർമ (2), ശിഖർ ധവാന്‍ (16 പന്തില്‍ 19), ഋഷഭ് പന്ത് (9 പന്തിൽ 6) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ. മനീഷ് പാണ്ഡെയും (22) ശിവം ദുബെയും (9) പു‌റത്താകാതെ നിന്നു.

sreyas-iyyer
ബംഗ്ലദേശിനെതിരെ അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരുടെ ആഹ്ലാദം

രണ്ടാം ഓവറിൽ ഇന്ത്യ മൂന്ന് റണ്‍സിൽ നില്‍ക്കെയാണ് ഷാഫിയുൾ ഇസ്‍ലാമിന്റെ പന്തിൽ രോഹിത് ശർമ പുറത്തായത്. രണ്ട് റണ്‍സ് മാത്രമെടുത്ത രോഹിതിനെ ഷാഫിയുൾ ബൗൾഡാക്കുകയായിരുന്നു. ഷാഫിയുളിന്റെ തന്നെ പന്തിൽ മഹ്മൂദുല്ല ക്യാച്ച് എടുത്താണ് ധവാനെ മടക്കിയത്. സ്കോർ 94 ൽ നിൽക്കെ അൽ അമിൻ ഹുസൈന്റെ പന്തിൽ അർധസെഞ്ചുറി നേടിയ കെ.എൽ. രാഹുലും പുറത്തായി.

ഋഷഭ് പന്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആറ് റൺസ് മാത്രമെടുത്ത പന്ത് സൗമ്യ സർക്കാരിന്റെ പന്തിൽ ബൗള്‍ഡായി. ശ്രേയസ് അയ്യരുടെ‌യും വിക്കറ്റ് സൗമ്യ സർക്കാരിനാണ്. ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മൂന്നാം മത്സരത്തിലും മലയാളി താരം സഞ്ജു വി. സാംസണ് ടീമില്‍ ഇടം ലഭിച്ചില്ല.

English Summary: India vs Bangladesh, 3rd T20I - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA