ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാനിൽനിന്നുള്ള ഇടങ്കയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദ് ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ പാകമായിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഖലീൽ നിരാശപ്പെടുത്തിയ സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ വിമർശനം. കാര്യങ്ങൾ പഠിച്ചെടുത്ത് ഖലീൽ എത്രയും വേഗം കൂടുതൽ ഉയരങ്ങളിലേക്കു വളരേണ്ടതുണ്ടെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

‘ഉള്ളതുപറഞ്ഞാൽ ഈ തലത്തിൽ കളിക്കാൻ ഖലീൽ അഹമ്മദ് ഇപ്പോഴും പാകമായിട്ടില്ല. തെറ്റുതിരുത്താനും വളർച്ചയ്ക്കും സാധ്യതയില്ലെന്നല്ല പറയുന്നത്. പക്ഷേ, അദ്ദേഹം എത്രയും വേഗം കാര്യങ്ങൾ പഠിച്ചെടുക്കണം’ – ശ്രീകാന്ത് പറഞ്ഞു.

ട്വന്റി20യിൽ ഇന്ത്യയുടെ ബാറ്റിങ് നിര അതിശക്തമാണെങ്കിലും ബോളിങ്ങിന്റെ കാര്യത്തിൽ ചില ആശങ്കകളുണ്ടെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ‘മുൻനിരയിലെ ചില ഒറ്റപ്പെട്ട മാറ്റങ്ങൾ ഒഴിവാക്കിയാൽ വിരാട് കോലിയെ സംബന്ധിച്ച് ട്വന്റി20 ബാറ്റിങ് നിര സന്തുലിതമാണ്. ബോളിങ്ങിന്റെ കാര്യത്തിൽ പക്ഷേ, ചില ആശങ്കകളുണ്ട്. സീനിയർ ബോളർമാർക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ തീർന്നു’ – ശ്രീകാന്ത് പറഞ്ഞു.

‘ദീപക് ചാഹർ അല്‍പം വ്യത്യസ്തകളുള്ള ബോളറാണ്. പക്ഷേ അന്തരീക്ഷം സഹായിക്കണമെന്നു മാത്രം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ചാഹറിന് എത്രകണ്ടു ശോഭിക്കാനാകുമെന്ന് സംശയമാണ്. കുറച്ചുകൂടി വൈവിധ്യം ബോളിങ്ങിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ചാഹറിന് ടീമിൽ സ്ഥാനമുറപ്പിക്കാം’ – ശ്രീകാന്ത് പറഞ്ഞു.

‘ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണ് ഇപ്പോഴത്തെ ടീമിൽ നാം നടത്തുന്ന അഴിച്ചുപണികളെന്നു വ്യക്തമാണ്. എന്റെ അഭിപ്രായത്തിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ നിർണായക പങ്കുവഹിക്കുക കൈക്കുഴ സ്പിന്നർമാരാകും. അതുകൊണ്ടുതന്നെ കുൽദീപ് യാദവിനെ ടീമിലേക്കു തിരിച്ചെത്തിക്കേണ്ട സമയം അതിക്രമിച്ചു’ – ശ്രീകാന്ത് വിശദീകരിച്ചു.

‘ഓസ്ട്രേലിയയിലെ വലിയ ബൗണ്ടറികളും അസാധ്യ ബൗണ്‍സും കുൽദീപ് – ചെഹൽ ദ്വയത്തെ അപകടകാരികളാക്കുമെന്ന് തീർച്ചയാണ്. ടീമിലില്ലാത്ത കുൽദീപ് യാദവ് തിരിച്ചെത്തി ആത്മവിശ്വാസം ആർജിക്കേണ്ടത് അനിവാര്യമാണ്. ഈ പരമ്പരയിൽ ഉണ്ടായിരുന്നെങ്കിൽ കുൽദീപിന് കൂടുതൽ സമയവും കിട്ടുമായിരുന്നു. രാഹുൽ ചാഹൽ മോശക്കാരനല്ലെങ്കിലും കുൽദീപിന്റെ പരിചയസമ്പത്ത് അവഗണിക്കാനാകില്ല’ – ശ്രീകാന്ത് പറഞ്ഞു.

∙ ഖലീലിന്റെ വിലാപം

ബംഗ്ലദേശിനെതിരായ പരമ്പരയിൽ ഇതുവരെ ബോൾ ചെയ്ത എട്ട് ഓവറുകളിൽനിന്ന് 81 റൺസാണ് ഖലീൽ വിട്ടുകൊടുത്തത്. ആകെ വീഴ്ത്താനായത് രണ്ടു വിക്കറ്റും. ഡൽഹി ട്വന്റി20യിൽ നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഖലീൽ, രാജ്കോട്ട് ട്വന്റി20യിൽ നാല് ഓവറിൽ 44 റൺസും വിട്ടുകൊടുത്തു. ഈ സാഹചര്യത്തിൽ മൂന്നാം ട്വന്റി20യിൽ ഖലീലിനു പകരം ഷാർദുൽ താക്കൂറിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശ്രീകാന്തും വിമർശനവുമായെത്തുന്നത്.

സഹീർ ഖാൻ വിരമിച്ചശേഷം ലക്ഷണമൊത്തൊരു ഇടങ്കയ്യൻ പേസ് ബോളർക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് രാജ്യാന്തര വേദിയിൽ ഇരുപത്തൊന്നുകാരനായ ഖലീൽ തുടർച്ചയായി നിരാശപ്പെടുത്തുന്നത്. ഇതുവരെ രാജ്യാന്തര തലത്തിൽ 13 ട്വന്റി20 മത്സരങ്ങൾ കളിച്ച ഖലീൽ ഒരു ഓവറിൽ വിട്ടുകൊടുക്കുന്ന ശരാശരി റൺസ് 9 ആണ്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ഏകദിനത്തിൽ പക്ഷേ 5.81 എന്ന ഭേദപ്പെട്ട ശരാശരിയുണ്ട്.  ഏകദിനത്തിൽ ആകെ 15 വിക്കറ്റുകളും ട്വന്റി20യിൽ 13 വിക്കറ്റുകളുമാണ് നേട്ടം. ബാറ്റിങ്ങിലും കാര്യമായ മികവൊന്നും എടുത്തു പറയാനില്ല.

English Summary: Khaleel Ahmed looks a misfit, needs to learn fast: Kris Srikkanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com