sections
MORE

സെഞ്ചുറിയടിക്കാതെ പാക്കിസ്ഥാനെ സ്നേഹിച്ചു; സിദ്ധുവിന്റെ സ്വീകരണം വൈറൽ

imran-khan-sidhu
ഇമ്രാൻ ഖാനൊപ്പം സിദ്ധു.
SHARE

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർതാർപൂർ ഇടനാഴി കടന്ന് പാക്കിസ്ഥാന്റെ മണ്ണിലെത്തിയ ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്ന കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ധുവിന് പാക്കിസ്ഥാൻ നൽകിയ ‘രസകരമായ’ സ്വീകരണം കൗതുകമുണർത്തി. കർതാർപൂർ‌ ഇടനാഴി കടന്ന് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ സംഘത്തെ സ്വീകരിക്കുന്നതിനിടെ സിന്ധുവിനെ വേദിയിലേക്കു ക്ഷണിച്ച പാക്ക് സെനറ്റ് അംഗം ഫൈസൽ ജാവേദ് ഖാനാണ് രസകരമായ പരാമർശവുമായി കയ്യടി നേടിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ആദ്യ തീർഥാടക സംഘത്തിൽ അംഗമായി സിദ്ധുവും പാക്കിസ്ഥാനിലെത്തിയത്.

‘ടെസ്റ്റ് കരിയറിൽ സിദ്ധു ഒൻപതു സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും അതിലൊന്നു പോലും പാക്കിസ്ഥാനെതിരെയല്ല. അദ്ദേഹത്തിന് പാക്കിസ്ഥാനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുള്ള ഇഷ്ടത്തിന്റെ തെളിവാണിത്’ – എന്നു ചൂണ്ടിക്കാട്ടിയാണ് ഫൈസൽ ജാവേദ് ഖാൻ താരത്തെ വേദിയിലേക്കു ക്ഷണിച്ചത്. ജനക്കൂട്ടം ആവേശത്തോടെയാണ് ഖാന്റെ നർമം കലർന്ന സ്വാഗതവാചകങ്ങളെ എതിരേറ്റത്. സിദ്ധുവിനെ വേദിയിലേക്കു സ്വീകരിച്ച ഇമ്രാൻ ഖാൻ വേദിയിൽവച്ച് അദ്ദേഹത്തെ ആലിംഗനം ചെയ്തപ്പോഴും ജനം ഇളകിമറിഞ്ഞു. ‘ഒരു ആലിംഗനത്തിന് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങൾ കൂടുതൽ ആലിംഗനം ചെയ്യേണ്ടിയിരിക്കുന്നു’ – എന്നായിരുന്നു ഇതേക്കുറിച്ച് സിദ്ധുവിന്റെ പ്രതികരണം.

ഒന്നര ദശാബ്ദത്തിലധികം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ 51 ടെസ്റ്റുകളാണ് സിദ്ധു കളിച്ചിട്ടുള്ളത്. ഒൻപതു സെഞ്ചുറികളും 15 അർധസെഞ്ചുറികളും സഹിതം 42.13 റൺസ് ശരാശരിയിൽ 3202 റൺസ് നേടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടാൻ സിദ്ധുവിന് സാധിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഖാന്റെ സ്വാഗത പ്രസംഗം. 1989–90 കാലഘട്ടത്തിൽ പാക്കിസ്ഥാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സിദ്ധു. അന്ന് ഏഴ് ഇന്നിങ്സുകൾ കളിച്ചെങ്കിലും ഒരിക്കൽപ്പോലും സെഞ്ചുറി നേടാൻ സിദ്ധുവിന് കഴിഞ്ഞില്ല. നാലാം ടെസ്റ്റിൽ 97 റൺസെടുത്തെങ്കിലും അപ്പോഴും മൂന്നു റൺസിന് സെഞ്ചുറി നഷ്ടമായി. അതേസമയം, 136 ഏകദിനങ്ങളിൽനിന്ന് ആറു സെഞ്ചുറിയും 33 അർധസെഞ്ചുറിയും സഹിതം 4413 റൺസ് നേടിയിട്ടുള്ള സിദ്ധു, കന്നി സെഞ്ചുറി നേടിയത് പാക്കിസ്ഥാനെതിരെയാണ്.

ഇടനാഴിയുടെ ഇന്ത്യൻ ഭാഗത്തെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അതുവഴി സിദ്ധു ഉൾപ്പെടെയുള്ള 500 പേരടങ്ങുന്ന സംഘം പാക്കിസ്ഥാനിലെത്തിയത്. സിദ്ധുവിനു പുറമെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കു പുറമെ പഞ്ചാബിലെ 117 എംഎൽഎമാരും ആദ്യ സംഘത്തിൽ ഉണ്ടായിരുന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ ദേര ബാബ നാനാക്കിൽനിന്ന് പാക്കിസ്ഥാനിലെ കർതാർപുരിലേക്കുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കാണ് നാലര കിലോമീറ്റർ വരുന്ന ഇടനാഴി.

English Sumamry: Pakistani Senator hilariously points out Navjot Singh Sidhu’s failure to score a Test ton against Pakistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA