ADVERTISEMENT

മുംബൈ ∙ എട്ടുമാസത്തെ വിലക്കു കഴിഞ്ഞ് പൃഥ്വി ഷാ മടങ്ങിയെത്തുകയാണ്; പഴയ ഷായല്ല, പൃഥ്വി ഷാ 2.O ആയിട്ട്! ഇരുപതാം ജന്മദിനത്തിൽ, ഇന്നലെ ഷാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലാണ് ഈ പഞ്ച് ഡയലോഗ്. ജൂലൈയിൽ മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിനിടെ ഉത്തേജക പരിശോധനയിൽ നിരോധിത വസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇരുപതുകാരൻ താരത്തിനു വിലക്കേർപ്പെടുത്തിയത്. ലോകകപ്പ് നേടിയ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയിൽ ശ്രദ്ധ കവർന്ന ഷാ, സീനിയർ ടീമിനായും വിജയകരമായി അരങ്ങേറിയതിനു പിന്നാലെയാണ് പരുക്കിനെത്തുടർന്ന് മുഖ്യധാരയിൽനിന്ന് മാറിയത്. പിന്നാലെ നിരോധിത വസ്തു ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് വിലക്കും ലഭിച്ചു.

രണ്ടു ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ പൃഥ്വി ഷാ, ചുമയ്ക്കു കഴിച്ച മരുന്നിലൂടെയാണ് നിരോധിത വസ്തുവിന്റെ സാന്നിധ്യം മൂത്രസാംപിളിലെത്തിയത് എന്ന വിശദീകരണമാണു നൽകിയത്. മാർച്ച് 16നു മുൻകാല പ്രാബല്യത്തോടെ തുടങ്ങിയതിനാൽ ഈ 15നു വിലക്കു കാലാവധി അവസാനിക്കും. മുഷ്താഖ് അലി ചാംപ്യൻഷിപ്പിൽ മുംബൈയ്ക്കു വേണ്ടി കളിക്കാൻ പരിശീലനം നടത്തുന്നതിന്റെ വിഡിയോ സഹിതമാണു ഷായുടെ കമന്റ്.

‌‌‘എനിക്ക് ഇന്ന് 20 വയസ്സു തികഞ്ഞു. ഇനിയങ്ങോട്ട് പൃഥ്വി ഷാ 2.0 ആയിരിക്കും ഞാൻ. പിന്തുണ നൽകിയ എല്ലാവർക്കും നന്ദി, വീണ്ടും കാണാം’ – ഷാ ട്വിറ്ററിൽ കുറിച്ചു.

∙ ഇന്ത്യൻ ജഴ്സിയിൽ 188.50 ശരാശരി!

നിസാരക്കാരനല്ല ഷാ. ഉജ്വല സെഞ്ചുറിയുമായി വെസ്റ്റിൻഡീസിനെതിരെ രാജ്കോട്ടിൽ ഷാ നടത്തിയ രാജ്യാന്തര അരങ്ങേറ്റത്തിന് ഒരു വയസ്സ് പൂർത്തിയായത് കഴിഞ്ഞ ദിവസാണ്. ഇതുവരെ കളിച്ച രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്സുകളിൽനിന്ന് 118.50 ശരാശരിയിൽ 237 റൺസാണ് ഷായുടെ സമ്പാദ്യം. ഇതിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടുന്നു.

‘മാൻ ഓഫ് ദ് മാച്ച്’ പുരസ്കാരം നേടിയ പ്രകടനത്തോടെയാണ് അന്ന് വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഷാ കളംപിടിച്ചത്. ഓപ്പണറായെത്തിയ താരം 154 പന്തിൽ 19 ഫോർ സഹിതം 134 റൺസെടുത്താണ് പുറത്തായത്. മത്സരം ഇന്ത്യ ഇന്നിങ്സിനും 272 റൺസിനും ജയിച്ചു. പൃഥ്വി ഷാ മാൻ ഓഫ് ദ് മാച്ചുമായി.

prithvi-shaw-2

ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത് ഷാ തന്നെ. സഹ ഓപ്പണർ ലോകേഷ് രാഹുൽ തുടർച്ചയായി രണ്ടാം ഇന്നിങ്സിലും പരാജയപ്പെട്ടെങ്കിലും പൃഥ്വി ഷാ വീണ്ടും അർധസെഞ്ചുറി കുറിച്ചു. ഏകദിന ശൈലിയിൽ തകർത്തടിച്ച ഷാ 53 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 70 റൺസാണെടുത്തത്. രണ്ടാം ഇന്നിങ്സിൽ 45 പന്തിൽ നാലു ഫോർ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. അപ്പോഴേക്കും ഇന്ത്യ വിജയത്തിന് ആവശ്യമായ 72 റൺസിലെത്തിയിരുന്നു.

ഏറെ പ്രതീക്ഷ നൽകിയ ഈ അരങ്ങേറ്റത്തിനു പിന്നാലെ സംഭവിച്ച പരുക്ക് ഷായുടെ കരിയറിൽ വില്ലനായി. ഓസ്ട്രേലിയൻ പര്യടനത്തിൽ ഷായുടെ പ്രകടനം കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കി താരം ടീമിനു പുറത്തായി. ഇതിനിടെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ നിരോധിത വസ്തു ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്ന് ബിസിസിഐയുടെ വിലക്കു ലഭിച്ചത്.

dhoni-shah-kohli

എട്ടു മാസത്തെ വിലക്കിന്റെ കാലാവധി നവംബർ 16ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരിച്ചടിയിൽനിന്നെല്ലാം കരകയറി ശക്തമായി തിരിച്ചെത്തുമെന്നാണ് ഇരുപതുകാരന്റെ ഉറപ്പ്. വിലക്കിന്റെ കാലത്ത് രാഹുൽ ദ്രാവിഡിനു കീഴിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു ഷാ.

നിലവിൽ നടന്നുവരുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഷായെ ഉൾപ്പെടുത്തിയേക്കുമെന്ന് മുംബൈ സിലക്ഷൻ കമ്മിറ്റി ചെയർമാൻ മിലിന്ദ് റെഗെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പ്രമുഖ താരങ്ങളായ ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ശിവം ദുബെ തുടങ്ങിയവരുടെ സേവനം ഇക്കുറി മുംബൈയ്ക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ ആദ്യത്തെ മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെ മാത്രമേ മുംബൈ പ്രഖ്യാപിച്ചിട്ടുള്ളൂ. അതേസമയം, ഷാ കളത്തിലിറങ്ങുമ്പോഴേയ്ക്കും മുംബൈ അവരുടെ ഏഴു മത്സരങ്ങളിൽ ആറും പൂർത്തിയാക്കും.

English Summary: Prithvi Shaw promises version 2.0 on 20th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com