sections
MORE

നാഗ്‌പുരിൽ സീനിയേഴ്സ് നിശബ്ദം; ‘പിള്ളേരു’ നിറഞ്ഞു കളിച്ചു, ഇന്ത്യ ജയിച്ചു

chahar-wicket-celebration
ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ ആറു വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ വിജയശിൽപിയായ ദീപക് ചാഹർ.
SHARE

മുൻ ഇന്ത്യൻ താരം കൂടിയായ കൃഷ്ണമാചാരി ശ്രീകാന്തിന്റെ നാവ് പൊന്നാകട്ടെ! ഇന്ത്യൻ ബോളർമാരിൽ ഏറ്റവും പ്രതീക്ഷ തരുന്ന യുവതാരം ദീപക് ചാഹറാണെന്ന് പറഞ്ഞ് അദ്ദേഹം നാവു വായിലേക്കിട്ടതേയുള്ളൂ – ദാ വരുന്നു, രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന ലോക റെക്കോർഡ് പ്രകടനവുമായി അതേ ചാഹർ! ഇന്ത്യ–ബംഗ്ലദേശ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനു മുന്നോടിയായി ഒരു ദേശീയമാധ്യമത്തിലെഴുതിയ കോളത്തിലാണ് ചാഹർ ഭാവിയുള്ള താരമാണെന്ന് ശ്രീകാന്ത് എഴുതിയത്. ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആ ഇരുപത്തേഴുകാരനിലേക്കായി! ഇന്ത്യ തോറ്റതും ജയിച്ചതുമായ മൂന്നു മത്സരങ്ങളിലും സ്ഥിരതയോടെ പന്തെറിഞ്ഞ ചാഹർ കളിയിലെ കേമൻ പട്ടം നേടിയതിനു പുറമെ പരമ്പരയുടെ താരവുമായി.

ഹാട്രിക് സഹിതം ആറു വിക്കറ്റുമായി ചാഹർ ആഞ്ഞടിച്ച മൂന്നാം മത്സരത്തിൽ 30 റണ്‍സിനാണ് ഇന്ത്യൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയത്. ഒരുവേള വിജയമുറപ്പിച്ച് കുതിച്ച ബംഗ്ലദേശ്, ചാഹർ–ദുബെ സഖ്യത്തിന്റെ തിരിച്ചടിയിൽ തകർന്ന് 19.2 ഓവറിൽ 144 റൺസിന് പുറത്തായി. ഇന്ത്യൻ വിജയം 30 റൺസിന്. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം തോറ്റശേഷം ഇന്ത്യ പരമ്പര വിജയം നേടുന്നത് ഇതു നാലാം തവണമാത്രം. 2016ൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയിൽവച്ചും പിന്നീട് സിംബാബ്‌വെയ്ക്കെതിരെ അവരുടെ നാട്ടിൽവച്ചും സമാനമായ പ്രകടനം ഇന്ത്യ നടത്തി. 2017ൽ ഇംഗ്ലണ്ടിനെ ഇവിടെവച്ച് പിന്നിൽനിന്ന് തിരിച്ചടിച്ച് തോൽപ്പിച്ചു.

എന്തായാലും നാഗ്പുർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ബംഗ്ലദേശിനെ തോൽപ്പിച്ച് രോഹിത് ശർമയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കുമ്പോൾ, വ്യക്തിപ്രകടനങ്ങളേക്കാൾ അതൊരു കൂട്ടായ്‌മയുടെ വിജയമാണ്. പരമ്പരയിൽ ഇന്ത്യയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ രാജ്കോട്ട് ട്വന്റി20യിൽ വിജയശിൽപികളായത് രോഹിത് ശർമയും ശിഖർ ധവാനും ഉൾപ്പെടെയുള്ള സീനിയേഴ്സാണെങ്കിൽ, നാഗ്പുരിലെ വിജയത്തിൽ തെളിഞ്ഞുനിൽക്കുന്നത് യുവതാരങ്ങളുടെ കയ്യൊപ്പാണ്. അത് ദീപക് ചാഹറിന്റെ അസാമാന്യ ബോളിങ് പ്രകടനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ഉറച്ച പിന്തുണ നൽകിയ ശിവം ദുബെ, രാജ്യാന്തര ട്വന്റി20യിൽ ആദ്യ അർധസെഞ്ചുറി കുറിച്ച ശ്രേയസ് അയ്യർ തുടങ്ങിയവരെല്ലാം അക്കൂട്ടത്തിലുണ്ട്.

∙ ‘ചാഹർ ചുഴലി’

അവിശ്വസനീയം, അസാമാന്യം – ബംഗ്ലദേശിനെതിരെ ദീപക് ചാഹറിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാൻ ഈ രണ്ടു വാക്കുകൾ മതിയാകുമോ? നാഗ്പുരിലെ പൊതുവെ ബാറ്റ്സ്മാൻമാരെ അതിരറ്റു തുണയ്ക്കുന്ന പിച്ചിലാണ് ചാഹറിന്റെ റെക്കോർഡ് പ്രകടനം. ‘ചക്കവീണു മുയലു ചത്ത’ പ്രകടനമല്ല ചാഹറിന്റേത് എന്നതാണ് അതിന്റെ മഹത്വം വർധിപ്പിക്കുന്നത്. വിജയം അനിവാര്യമെന്ന സാഹചര്യത്തിൽ ബംഗ്ലദേശ് താരങ്ങൾ കൂട്ടത്തോടെ ആക്രമിക്കുമ്പോൾ കൊഴിഞ്ഞുവീണ വിക്കറ്റുകളല്ല ആ ആറെണ്ണം. മൂന്നു ചെറു സ്പെല്ലുകളായിട്ടാണ് ചാഹർ 3.2 ഓവർ ബോൾ ചെയ്തത്. ഓരോ വരവിലും വിക്കറ്റ് നേടാനും ചാഹറിനായി.

ഇന്നിങ്സിലെ 3–ാം ഓവറിലാണു ചാഹർ പന്തെറിഞ്ഞു തുടങ്ങിയത്. അതേ ഓവറിലെ 4–ാം പന്ത് മുതൽ ചാഹർ വിക്കറ്റെടുത്തു തുടങ്ങി. ചാഹറിന്റെ ഷോർട് ബോൾ ലിട്ടൺ ദാസ് (9) ലെഗ് സൈഡിൽ ഉയർത്തിവിട്ടത് വാഷിങ്ടൻ സുന്ദർ കയ്യിലൊതുക്കി. അഞ്ചാം പന്തിൽ വീണ്ടും ചാഹർ. ഓഫ് സ്റ്റംപിനു വെളിയിൽവന്ന ചാഹറിന്റെ പന്ത് ഡ്രൈവ് ചെയ്യാനുള്ള സൗമ്യ സർക്കാരിന്റെ (പൂജ്യം) ശ്രമം പാളി. മിഡോഫിൽ ദുബെ ക്യാച്ചെടുത്തു. 3–ാം ഓവറിനുശേഷം പന്ത് കയ്യിൽ കിട്ടിയത് 13–ാം ഓവറിൽ. ഇന്ത്യയ്‍‌ക്കെതിരെ ട്വന്റി20യിൽ ബംഗ്ലദേശിന്റെ ഏറ്റവുമുയർന്ന കൂട്ടുകെട്ട് തീർത്ത മുഹമ്മദ് നയിം – മുഹമ്മദ് മിഥുൻ സഖ്യം സന്ദർശകർക്ക് വിജയപ്രതീക്ഷ സമ്മാനിക്കുമ്പോഴായിരുന്നു ഇത്. പന്ത് ചാഹറിനു നൽകിയ രോഹിത്തിന്റെ തീരുമാനം പിഴച്ചില്ല. ഓവറിലെ അവസാന പന്തിൽ ചാഹറിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ മുഹമ്മദ് മിഥുൻ (27) ലോങ് ഓഫിൽ രാഹുലിന്റെ കയ്യിലൊതുങ്ങി. 98 റൺസ് നീണ്ട കൂട്ടുകെട്ടിനു വിരാമം.

indian-team-with-trophy
ഇന്ത്യൻ താരങ്ങൾ കിരീടവുമായി.

തുടർന്നുള്ള ഓവറുകളിൽ ഖലീൽ അഹമ്മദ്, ശിവം ദുബെ, യുസ്‍വേന്ദ്ര ചെഹൽ എന്നിവരുടെ ഓവറുകൾ തീർത്ത് ചാഹറിനെ ഡെത്ത് ഓവറുകളിലേക്കു കാത്തുവച്ച രോഹിത്തിന്റെ അടുത്ത തന്ത്രവും ഫലിച്ചു. 18–ാം ഓവർ ബോൾ ചെയ്ത ചാഹർ നാലാം വിക്കറ്റ് പോക്കറ്റിലാക്കി. ഓവറിലെ അവസാന പന്തിൽ ചാഹറിന്റെ സ്‍ലോ ബൗൺസർ ഷഫിയുൽ ഇസ്‍ലാം (4) ഉയർത്തിവിട്ടത് ലോങ് ഓണിൽ രാഹുലിന്റെ കയ്യിലെത്തി. അവസാന ഓവർ എറിയാൻ ചാഹർ വീണ്ടുമെത്തുമ്പോൾ ബംഗ്ലദേശിനു വേണ്ടിയിരുന്നത് ആറു പന്തിൽ 31 റൺസ്. കൈവശമുണ്ടായിരുന്നത് രണ്ടു വിക്കറ്റും. 18–ാം ഓവറിന്റെ തുടർച്ചയായി ബോൾ ചെയ്ത ചാഹർ ആദ്യ രണ്ടു പന്തുകളിൽതന്നെ ‘പണി തീർത്തു’. ചാഹറിന്റെ ആദ്യ പന്ത് പറത്താനുള്ള മുസ്തഫിസുർ റഹ്മാന്റെ (1) ശ്രമം ഡീപ് പോയിന്റിൽ ശ്രേയസ് അയ്യരുടെ കയ്യിൽ അവസാനിച്ചു. തൊട്ടുപിന്നാലെ ചാഹറിനെ നേരിട്ട ആദ്യ പന്തിൽത്തന്നെ അമിനുൽ ഇസ്‍‌ലാം (0) ക്ലീൻ ബോൾഡ്. ട്വന്റി20യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബോളറെന്ന നേട്ടം ചാഹറിന്. പുറമെ രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം. എല്ലാറ്റിലുമുപരി ഇന്ത്യയ്ക്ക് 30 റൺസ് ജയം, പരമ്പര!

∙ രാജ്യാന്തര ട്വന്റി20യിലെ മികച്ച ബോളിങ് പ്രകടനങ്ങൾ

6/7 – ദീപക് ചാഹർ, ബംഗ്ലദേശിനെതിരെ 2019

6/8 – അജാന്ത മെൻഡിസ് സിംബാബ്‌വെയ്‌ക്കെതിരെ, 2012

6/16 – അജാന്ത മെൻഡിസ് ഓസ്ട്രേലിയയ്‌ക്കെതിരെ, 2011

6/25 – യുസ്‌വേന്ദ്ര ചെഹൽ ഇംഗ്ലണ്ടിനെതിരെ 2017

∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ബോളർമാരുടെ ഹാട്രിക്കുകൾ

ടെസ്റ്റ്: ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, ജസ്പ്രീത് ബുമ്ര

ഏകദിനം: ചേതർ ശർമ, കപിൽ ദേവ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി

ട്വന്റി20: ദീപക് ചാഹർ

∙ മികച്ച സഹനടൻ, ദുബെ

ഈ പരമ്പരയിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ ശിവം ദുബെയ്ക്കും കൊടുക്കണം കയ്യടി. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ പേസ് ബോളിങ് ഓൾറൗണ്ടറുടെ വേഷം ഭംഗിയാക്കിയ ദുബെ, നാഗ്പുരിൽ ചാഹറിന് നൽകിയ പിന്തുണ കൂടിയാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് ദുബെ പിഴുതത്. താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.

ബംഗ്ലദേശ് പ്രതീക്ഷകളുടെ ആണിക്കല്ലായിരുന്ന മുഹമ്മദ് നയീമിനെ പുറത്താക്കിയ ആ ഓവർ എടുത്തുപറയണം. ആറു വിക്കറ്റ് കയ്യിലിരിക്കെ 28 പന്തിൽ വിജയത്തിലേക്ക് 49 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ദുബെ അവരുടെ ടോപ് സ്കോറർ കൂടിയായ നയീമിന്റെ കുറ്റി തെറിപ്പിച്ചത്. ഉജ്വലമായൊരു യോർക്കറിലൂടെ നയീമിനെ പരീക്ഷിച്ച ദുബെയ്ക്കു പിഴച്ചില്ല. 48 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 81 റൺസുമായി തകർത്തടിച്ചുവന്ന നയീം ക്ലീൻ ബൗൾഡ്! തൊട്ടടുത്ത പന്തിൽ അഫീഫ് ഹുസൈനെ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് ബംഗ്ലദേശിനെ ആറിന് 126 റൺസ് എന്ന നിലയിലേക്കു തള്ളിവിട്ടു, ദുബെ.

rohit-dube
മൂന്നു വിക്കറ്റെടുത്ത ശിവം ദുബെയ്‌ക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭിനന്ദനം.

രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബോളറെന്ന നേട്ടം കൈവരിച്ച യുസ്‌വേന്ദ്ര ചെഹലിനെക്കുറിച്ചും രണ്ടു വാക്ക് പറയാതെ പോകുന്നതെങ്ങനെ? ബംഗ്ലദേശിനെതിരെ സ്വതവേ മികച്ച ബോളിങ് റെക്കോർഡുള്ള ചെഹൽ നാഗ്‌പുരിൽ പൂർണ മികവിലൊന്നുമായിരുന്നില്ല. നാല് ഓവറിൽ 43 റൺസ് വിട്ടുകൊടുത്ത് ബംഗ്ലദേശിനെതിരെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയതെങ്കിലും നിർണായകമായൊരു വിക്കറ്റ് ലഭിച്ചു.

ബംഗ്ലദേശ് ക്യാപ്റ്റൻ മഹ്മൂദുല്ലയെ ക്ലീൻ ബോൾ ചെയ്ത ആ പന്തിലൂടെ ചെഹൽ രാജ്യാന്തര ട്വന്റി20യിൽ 50 വിക്കറ്റ് തികച്ച മൂന്നാമത്തെ ഇന്ത്യൻ താരമായി. 10 പന്തിൽ എട്ടു റൺസുമായാണ് മഹ്മൂദുല്ല ചെഹലിനു മുന്നിൽ കീഴടങ്ങിയത്. 34–ാം മത്സരത്തിൽ ഈ നേട്ടത്തിലെത്തിയ ചെഹൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ താരം കൂടിയാണ്. രാജ്യാന്തര തലത്തിൽ പക്ഷേ ഇക്കാര്യത്തിൽ നാലാം സ്ഥാനമാണ് ചെഹലിന്. 

∙ ഏറ്റവും കുറഞ്ഞ ട്വന്റി20 മത്സരങ്ങളിൽനിന്ന് 50 വിക്കറ്റ്

26 – അജാന്ത മെൻഡിസ്

31 – ഇമ്രാൻ താഹിർ/റാഷിദ് ഖാൻ

33 – മുസ്താഫിസുർ റഹ്മാൻ

34 – യുസ്‌വേന്ദ്ര ചെഹൽ

35 – ഡെയ്‌ൽ സ്റ്റെയ്ൻ

∙ ഇന്ത്യയ്ക്ക് ‘ശ്രേയസ്സായി’ ബാറ്റിങ് യുവത്വം

ബോളിങ്ങിനൊപ്പം ബാറ്റിങ്ങിലും ഇന്ത്യയുടെ കരുത്ത് പ്രകടമായ മത്സരമാണ് നാഗ്പുരിലേത്. രണ്ടാം മത്സരത്തിൽ ഇന്ത്യൻ പ്രതീക്ഷകളുടെ ആണിക്കല്ലായ രോഹിതും ധവാനും ഉൾപ്പെടെയുള്ള ‘സീനിയേഴ്സ്’ ഇക്കുറി നിശബ്ദരായപ്പോൾ യുവതാരങ്ങൾ ഉത്തരവാദിത്തമേറ്റെടുക്കുന്ന കാഴ്ച ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് എത്രയോ ആഹ്ലാദകരം! കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച രോഹിത് ശർമ സ്കോർ ബോർഡിൽ വെറും മൂന്നു റൺസ് മാത്രമുള്ളപ്പോഴാണ് പുറത്തായത്. സ്കോർ 35ൽ എത്തിയപ്പോൾ ധവാനെന്ന വൻമരവും വീണു.

ഇതിനു ശേഷം ഇന്ത്യയുടെ രക്ഷകരായി അവതരിച്ചത് രണ്ടു പേർ – കെ.എൽ. രാഹുലും ശ്രേയസ് അയ്യരും. സാമാന്യം നീണ്ടൊരു കാലയളവിനുശേഷം രാഹുൽ വീണ്ടും ഫോം കണ്ടെത്തിയപ്പോൾ, പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായതിന്റെ ചാരിതാർഥ്യം അയ്യർക്കും. മൂന്നാം വിക്കറ്റിൽ അർധസഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും ഇന്ത്യയെ രക്ഷപ്പെടുത്തിയത്. 41 പന്തുകൾ ക്രീസിൽനിന്ന ഇരുവരും 59 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്.

shreyas-iyer-batting
ശ്രേയസ് അയ്യർ അർധസെഞ്ചുറിയിലേക്ക്.

33 പന്തിൽ ഏഴു ഫോർ സഹിതം രാഹുലാണ് ഇന്ത്യൻ നിരയിൽ ആദ്യം 50 കടന്നത്. രാജ്യാന്തര ട്വന്റി20യിൽ രാഹുലിന്റെ 4–ാം അർധസെഞ്ചുറി. അധികം വൈകാതെ ശ്രേയസ് അയ്യരും അർധസെഞ്ചുറി പിന്നിട്ടു. 27 പന്തിൽ ഒരേയൊരു ഫോറും അഞ്ചു സിക്സും സഹിതമായിരുന്നു അയ്യരുടെ അർധസെഞ്ചുറി. സ്കോർ 94ൽ നിൽക്കെ 35 പന്തിൽ 52 റണ്‍സുമായി രാഹുൽ മടങ്ങിയെങ്കിലും അയ്യർ ഇന്ത്യൻ സ്കോർബോർഡിൽ റണ്ണെത്തുന്നുവെന്ന് ഉറപ്പാക്കി. നാലാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം അയ്യർ കൂട്ടിച്ചേർത്തത് 45 റൺസ്. ഇതിൽ 39 റൺസും അയ്യർ വക. പന്ത് നേടിയത് ആറു റൺസ് മാത്രം. പരമ്പരയിലാദ്യമായി അവസരം ലഭിച്ച മനീഷ് പാണ്ഡെ 13 പന്തിൽ മൂന്നു ഫോർ സഹിതം 22 റൺസെടുത്ത് ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കി. ദുബെ എട്ടു പന്തിൽ ഒൻപതു റൺസുമായി കൂട്ടുനിന്നു.

∙ ബംഗ്ലദേശ് ശ്രമിച്ചു, പക്ഷേ...

ബംഗ്ലദേശിന്റെ കാര്യമാണ് കഷ്ടം. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച അവരുടെ പ്രതീക്ഷകൾ വാനോളമായിരുന്നു. ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ നേടിയ ആ വിജയം അവർക്ക് വെറുമൊരു വിജയമായിരുന്നില്ല. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏതാണ്ട് ഇന്ത്യ–പാക്കിസ്ഥാൻ മത്സരങ്ങളുടെയത്ര ആവേശമുയർത്തുന്ന ഒട്ടേറെ മത്സരങ്ങളിൽ അവസാന നിമിഷം തോൽവിയേറ്റു വാങ്ങിയതിന്റെ നിരാശയെല്ലാം മായിച്ചാണ് ഡൽഹിയിൽ അവർ ഇന്ത്യയ്ക്കെതിരെ തങ്ങളുടെ ആദ്യ ട്വന്റി20 വിജയം കുറിച്ചത്. അതും അന്തരീക്ഷ മലിനീകരണം ഉൾപ്പെടെയുള്ള വെല്ലുവിളികളോടു പടപൊരുതി. മാത്രമല്ല, വിലക്കിന്റെ പശ്ചാത്തലത്തിൽ ഷാക്കിബ് അൽ ഹസ്സനും വ്യക്തിപരമായ കാരണങ്ങളാൽ തമിം ഇക്ബാലും ടീമിൽനിന്നു വിട്ടുനിൽക്കുകയുമായിരുന്നു.

എന്നാൽ, ബംഗ്ലദേശിന്റെ വിപ്ലവമെല്ലാം ആദ്യ മത്സരത്തോടെ ചോർന്നുപോയി. രാജ്കോട്ടിലെ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ ‘സീനിയേഴ്സും’ നാഗ്‌പുരിലെ മൂന്നാം ട്വന്റി20യിൽ ഇന്ത്യൻ ‘ജൂനിയേഴ്സും’ ചേർന്ന് അവരുടെ എല്ലാ പ്രതീക്ഷകളും തച്ചുടച്ചു. നാഗ്പുരിൽ ഒരുവേള അവർ വിജയം ഏതാണ്ട് ഉറപ്പിച്ചതുമാണ്. ഇന്ത്യയ്‌ക്കെതിരെ ട്വന്റി20യിൽ ബംഗ്ലദേശ് താരത്തിന്റെ ഉയർന്ന സ്കോറുമായി മുഹമ്മദ് നയിമും, ഏതു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടുമായി നയിം–മുഹമ്മദ് മിഥുൻ സഖ്യവും പൊരുതിയപ്പോൾ, 12.5 ഓവറിൽ രണ്ടിന് 110 റൺസ് എന്ന നിലയിലായിരുന്നു അവർ.

india-vs-bangladesh

എന്നാൽ, അസാമാന്യ മികവോടെ പന്തെറിഞ്ഞ ദീപക് ചാഹറും ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയും ചേർന്നതോടെ അവരുടെ അവസാന എട്ടു വിക്കറ്റുകൾ നിലംപൊത്തിയത് വെറും 34 റൺസിനിടെ! ബംഗ്ലാ ഇന്നിങ്സിൽ ക്യാപ്റ്റൻ മഹ്മൂദുല്ല ഉൾപ്പെടെ ഒൻപതു പേർക്ക് രണ്ടക്കം കടക്കാൻ പോലുമായില്ല!

∙ ഇന്ത്യയ്‌ക്കെതിരെ ട്വന്റി20യിൽ ബംഗ്ലദേശ് താരങ്ങളുടെ ഉയർന്ന സ്കോറുകൾ

81 മുഹമ്മദ് നയിം, നാഗ്പുർ, 2019

77 സാബിർ റഹ്മാൻ, കൊളംബോ, 2018

72* മുഷ്ഫിഖുർ റഹിം, കൊളംബോ, 2018

60* മുഷ്ഫിഖുർ റഹിം, ഡൽഹി, 2019

∙ കയ്യടി നേടി ‘ക്യാപ്റ്റൻ രോഹിത്’

ഇന്ത്യൻ നായകസ്ഥാനത്ത് വിരാട് കോലിയുടെ നിഴലല്ല താനെന്ന് ഒരിക്കൽക്കൂടി രോഹിത് ഉറക്കെ വിളിച്ചുപറഞ്ഞ പരമ്പരയാണിത്. രാജ്കോട്ടിലെ രണ്ടാം ട്വന്റി20യിൽ ടീമിനെ മുന്നിൽനിന്നു നയിച്ച രോഹിത്, മൂന്നാം ട്വന്റി20യിൽ മികച്ച ബോളിങ് മാറ്റങ്ങളുമായും ശ്രദ്ധ നേടി. കോലിയുടെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള തന്റെ വരവ് ‘മെറിറ്റിന്റെ’ അടിസ്ഥാനത്തിൽത്തന്നെയെന്ന് രോഹിത് ഉറപ്പിക്കുന്നു.

നാഗ്പുരിൽ ദീപക് ചാഹറെന്ന തുറുപ്പുചീട്ട് രോഹിത് ഉപയോഗിച്ച രീതി നോക്കുക. മൂന്നാം ഓവറിൽ രണ്ടു വിക്കറ്റ് പിഴുത് കരുത്തുകാട്ടിയ ദീപക് ചാഹറിനെ രോഹിത് പിന്നെ പന്തേൽപ്പിക്കുന്നത് 13–ാം ഓവറിലാണ്. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടിന്റെ വക്കിലെത്തിയ മുഹമ്മദ് മിഥുൻ – മുഹമ്മദ് നയിം കൂട്ടുകെട്ടു പൊളിക്കാനായിരുന്നു ഇത്. ചാഹർ ഭംഗിയായി ചുമതല നിറവേറ്റി. പിന്നീട് രോഹിത് ചാഹറിനെ തിരിച്ചുവിളിക്കുന്നത് ഡെത്ത് ഓവറുകളിലാണ്. പരമ്പരയിൽ അത്ര മികവു കാട്ടാതിരുന്ന ഖലീൽ അഹമ്മദ് ഉൾപ്പെടെയുള്ളവരുടെ ഓവറുകൾ തീർത്തതിനുശേഷം 18–ാം ഓവറിൽ. ആ നീക്കവും പാളിയില്ല. അടുത്ത രണ്ട് ഓവറുകളിൽനിന്ന് ഹാട്രിക് സഹിതം മൂന്നു വിക്കറ്റുകൾ കൂടി പിഴുതാണ് ചാഹർ ഇന്ത്യയുടെ വിജയശിൽപിയായത്.

rohit-chahar
മത്സരത്തിനിടെ ദീപക് ചാഹറിനു നിർദ്ദേശം നൽകുന്ന രോഹിത്.

ആദ്യ മത്സരത്തിൽ സമ്പൂർണമായി നിരാശപ്പെടുത്തിയ താരങ്ങളെ ഉൾപ്പെടെ ചേർത്തുപിടിച്ച് പരമ്പരയിലുടനീളം കളിച്ച രോഹിത് ശർമയെന്ന ക്യാപ്റ്റൻ നൽകിയ സന്ദേശവും ശ്രദ്ധേയം. ആദ്യ രണ്ടു മത്സരങ്ങളിലും സമ്പൂർണമായി നിരാശപ്പെടുത്തിയ ഖലീൽ അഹമ്മദിനെ മൂന്നാമത്തെ മത്സരത്തിൽ പുറത്തിരുത്തണമെന്ന് വ്യാപകമായി ആവശ്യമുയർന്നെങ്കിലും രോഹിത് ചെവിക്കൊണ്ടില്ല. വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഖലീൽ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ദീപക് ചാഹർ കഴിഞ്ഞാൽ ഇന്ത്യൻ നിരയിൽ റൺസ് വഴങ്ങുന്നതിൽ ഏറ്റവും പിശുക്കു കാട്ടിയ ബോളർ ഖലീലായിരുന്നു. മൂന്നാം മത്സരത്തിൽ ബാറ്റിങ് നിരയ്ക്ക് കുറച്ചുകൂടി ആഴം നൽകാൻ ക്രുനാൽ പാണ്ഡ്യയ്ക്കു പകരം മനീഷ് പാണ്ഡെയെ ഉൾപ്പെടുത്തിയതു മാത്രമാണ് രോഹിത് വരുത്തിയ ഏക മാറ്റം.

∙ പിൻകുറിപ്പ്: പരാജയപ്പെട്ടവരെ ചേർത്തുപിടിച്ച് രോഹിത് മികച്ചസന്തേശം നൽകാൻ ശ്രമിച്ചപ്പോഴും തുടർച്ചയായി പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിന് ആവർത്തിച്ച് അവസരം നൽകിയത് കല്ലുകടിയായി. പ്രത്യേകിച്ചും സഞ്ജു സാംസണിനേപ്പോലെ മികവു തെളിയിച്ച, വിക്കറ്റ് കീപ്പർ കൂടിയായൊരു താരം പുറത്തിരിക്കുമ്പോൾ. തുടർച്ചയായ മൂന്നാം ട്വന്റി20യിലും ഋഷഭ് പന്ത് നിരാശപ്പെടുത്തിയപ്പോൾ, അതിലേറെ മലയാളി ആരാധകരെ വേദനിപ്പിച്ചത് അവരുടെ പ്രിയപ്പെട്ട സഞ്ജു സാംസണിന് ലഭിക്കാതെ പോയ അവസരം തന്നെ. ഇന്ന് സഞ്ജുവിന്റെ 25–ാം ജന്മദിനമാണെന്നതും ശ്രദ്ധേയം. മികച്ച പ്രകടനങ്ങളുമായി കളംനിറഞ്ഞിട്ടും സഞ്ജുവിനെ ടീമിലേക്കു തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സിലക്ടർമാർ കാട്ടിയ അതേ അമാന്തം, ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ടീം മാനേജ്മെന്റും കാട്ടി. ഒന്നോ രണ്ടോ മത്സരങ്ങളിൽ ഫോം ഔട്ടാകുന്ന താരങ്ങളെ കൈവിടാതെ ക്യാപ്റ്റൻ രോഹിത് ശർമ നൽകിയ നല്ല സന്ദേശത്തിനു കയ്യടിക്കുമ്പോഴും തുടർച്ചയായി നിരാശപ്പെടുത്തിയ ഋഷഭ് പന്തിനു പകരം സഞ്ജുവിന് ഒരു അവസരം നൽകാമായിരുന്നുവെന്ന സങ്കടം ബാക്കി.

English Summary: India Vs Bangladesh Third T20 Match At Nagpur, Analysis

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA