ADVERTISEMENT

നാഗ്പുർ∙ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും കളത്തിലിറങ്ങാൻ അവസരം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെ മലയാളി താരം സഞ്ജു സാംസണിന് ഇന്ന് 25–ാം ജന്മദിനം. നാഗ്പുർ ട്വന്റി20യിൽ തകർപ്പൻ വിജയവുമായി പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ സഞ്ജുവിന്റെ ജന്മദിനവും ഇന്ത്യൻ താരങ്ങൾ ഗംഭീരമായി ആഘോഷിച്ചു. ടീം ക്യാംപിൽ ആഘോഷപൂർവം സഞ്ജു കേക്കു മുറിക്കുന്ന വിഡിയോ താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ 1994 നവംബർ 11നായിരുന്നു സഞ്ജുവിന്റെ ജനനം. പതിനേഴാം വയസ്സിൽ വിദർഭയ്ക്കെതിരെ കേരള ജഴ്സിയിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. മൂന്നു തവണ ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചത് ഒരേയൊരു മത്സരത്തിൽ മാത്രം. 2015 ജൂലൈ 19ന് ഹരാരെയിൽ സിംബാബ്‌വെയ്ക്കെതിരെയാണ് സഞ്ജു കളിച്ചത്. അന്ന് 19 റൺസെടുത്തു.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരള ക്രിക്കറ്റ് ടീമിലെ നിർണായക സാന്നിധ്യമായ സഞ്ജു, ഇന്ത്യൻ എ ടീമിനായി പലവട്ടം കളത്തിലിറങ്ങി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ടീമുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ശ്രദ്ധ നേടി. ഇത്തവണ ബംഗ്ലദേശിനെതിരായ പരമ്പരയിലും ടീമിൽ ഇടം ലഭിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാനായില്ല. സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ കളം നിറയുമ്പോഴാണ് താരത്തിന്റെ 25–ാം ജന്മദിനം എത്തുന്നത്.

English Summary: Sanju Samson's Birthday Celebration with Team India - Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com