ADVERTISEMENT

ആന്റിഗ്വ ∙ സാക്ഷാൽ സച്ചിൻ തെൻഡു‍ൽക്കറുടെ 30 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ഇന്ത്യൻ വനിതാതാരം ഷഫാലി വർമ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഷഫാലിയുടെ മാസ്മരിക പ്രകടനം. 49 പന്തിൽ 73 റൺസെടുത്ത ഷഫാലിയുടെ മികവിൽ ഇന്ത്യൻ വനിതാ ടീം വിൻഡീസിനെ 84 റൺസിനു തകർത്തു. തൊട്ടടുത്ത ദിവസം നടന്ന രണ്ടാം ട്വന്റി20യിലും ഷഫാലി അർധസെഞ്ചുറി പ്രകടനം ആവർത്തിച്ചു. ഇത്തവണ 26 പന്തിലാണ് ഷഫാലി അർധസെഞ്ചുറി പിന്നിട്ടത്. മന്ഥനയ്ക്കൊപ്പം ഷഫാലി തീർത്ത സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യൻ വനിതകൾ വിൻഡീസിനെ തകർത്തത് 10 വിക്കറ്റിന്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലുമെത്തി.

നവംബർ ഒൻപതിനു നടന്ന ആദ്യ ട്വന്റി20യിൽ അർധസെഞ്ചുറി കടക്കുമ്പോൾ ഷഫാലിയുടെ പ്രായം 15 വർഷവും 285 ദിവസവും. താരത്തിന്റെ അഞ്ചാമത്തെ മാത്രം രാജ്യാന്തര ട്വന്റി20 ആയിരുന്നു ഇന്നലത്തേത്; കരിയറിലെ ആദ്യ അർധ സെഞ്ചുറിയും. 16 വർഷവും 214 ദിവസവും പ്രായമുള്ളപ്പോൾ 1989ൽ തന്റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെതിരെ അർധ സെഞ്ചുറി നേടിയ സച്ചിന്റെ പേരിലായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരത്തിന്റെ അർധ സെഞ്ചുറി റെക്കോർഡ്.

രണ്ടാം മത്സരത്തിൽ 26 പന്തിൽനിന്ന് അർധസെഞ്ചുറി നേടിയ ഷഫാലി രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ വനിതയുടെ വേഗമേറിയ മൂന്നാമത്തെ അർധസെഞ്ചുറിയാണ് കുറിച്ചത്. 2019ൽ ന്യൂസീലൻഡിനെതിരെ 24 പന്തിൽനിന്നും അർധസെഞ്ചുറി കടന്ന സ്മൃതി മന്ഥനയുടെ പേരിലാണ് ഇന്ത്യൻ റെക്കോർഡ്. 2018ൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽനിന്നും 50 കടന്ന മന്ഥന തന്നെ രണ്ടാം സ്ഥാനത്തും. ഷഫാലി വിൻഡീസിനെതിരെ 26 പന്തിൽ 50 കടക്കുമ്പോൾ മറുവശത്ത് സാക്ഷിനിന്നതും ഇതേ മന്ഥന തന്നെ.

∙ അർധസെഞ്ചുറി, സെഞ്ചുറി കൂട്ടുകെട്ട്

വിൻഡീസിനെതിരായ പരമ്പരയിലെ രണ്ടു മത്സരങ്ങളിലും ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്ത് ഷഫാലി റെക്കോർഡിട്ടു. ഹരിയാനക്കാരിയായ താരം ഒന്നാം ട്വന്റി20യിൽ ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയുമായി ചേർന്നു 143 റൺസാണ് കൂട്ടിച്ചേർത്തത്. വനിതാ ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടിയിൽ 9 വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുക്കാനേ ആതിഥേയർക്കായുള്ളൂ.

രണ്ടാം മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് വനിതകൾ ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്. ഇക്കുറി നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദീപ്തി ശർമ തകർത്തെറിഞ്ഞതോടെ വിൻഡീസിനു നിശ്ചിത 20 ഓവറിൽ നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് മാത്രം. ഷഫാലി വർമയും സ്മൃതി മന്ഥനയും ഒരിക്കൽക്കൂടി തകർത്തടിച്ചതോടെ 10.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ വിജയത്തിലെത്തി. ഷഫാലി 35 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 69 റൺസുമായി പുറത്താകാതെ നിന്നു. സ്മൃതി 28 പന്തിൽ നാലു ഫോർ സഹിതം 30 റൺസുമായി കൂട്ടുനിന്നു.

English Summary: Shafali Verma Sets New Indian Record after Overtaking Sachin Tendulkar to Score a fifty of youngest Indian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com