ADVERTISEMENT

ബെംഗളൂരു∙ ആഭ്യന്തര തലത്തിലെ ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററായതിനു പിന്നാലെ ട്വന്റി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റൺസ് വാരിക്കൂട്ടി ഇന്ത്യൻ സീനിയർ ടീമിലേക്ക് ഒരു പടികൂടി അടുത്ത് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഇന്ത്യയിലെ എല്ലാ ടീമുകളും മത്സരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിലവിലെ ടോപ് സ്കോററാണ് ഈ പത്തൊൻപതുകാരൻ. നാലു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 127.50 ശരാശരിയിൽ 255 റൺസാണ് ദേവ്ദത്തിന്റെ സമ്പാദ്യം. ഇതിനകം നേടിയത് ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും! ഇതോടെ, സഞ്ജു സാംസണിനൊപ്പം ഇന്ത്യൻ സീനിയർ ടീമിന്റെ പടിക്കലേക്ക് ഒരു മലയാളി കൂടി എത്തുകയാണ്; എടപ്പാളുകാരൻ ദേവ്ദത്ത് പടിക്കൽ!

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയിൽ 11 ഇന്നിങ്സുകളിൽനിന്ന് 609 റണ്‍സ് അടിച്ചുകൂട്ടിയ ഈ പത്തൊൻപതുകാരന്റെ മികവിലാണ് കർണാടക നാലാം തവണ കിരീടം ചൂടിയത്. രണ്ടു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും സഹിതമാണ് ദേവ്ദത്ത് 609 റൺസ് വാരിക്കൂട്ടിയത് ഇതോടെ, വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പടിക്കൽ സ്വന്തമാക്കിയിരുന്നു. കിരീടവിജയത്തിനു പിന്നാലെ കർണാടക ക്യാപ്റ്റൻ മനീഷ് പാണ്ഡെ വാതോരാതെ സംസാരിച്ചതും ദേവ്ദത്തിനെക്കുറിച്ചാണ്. ഇത്തരം താരങ്ങൾ ടീമിലുള്ളപ്പോൾ ക്യാപ്റ്റനെന്ന നിലയിൽ അഭിമാനമാണെന്നായിരുന്നു പാണ്ഡെയുടെ പരാമർശം.

∙ 53 നോട്ടൗട്ട്, 5, 122 നോട്ടൗട്ട്, 75 !

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഈ സീസണിൽ നാലു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മിന്നുന്ന ഫോമിലാണ് ദേവ്ദത്ത്. ഈ സീസണിൽ കർണാടകയുടെ കിരീട പ്രതീക്ഷകളുടെ ആണിക്കല്ലും ദേവ്ദത്ത് തന്നെ. ഇതുവരെ കളിച്ച നാലിൽ മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് എയിൽ ഒന്നാമതാണ് കർണാടക. തോറ്റത് ഒരേയൊരു മത്സരത്തിലാണ്; ബറോഡയ്‌ക്കെതിരെ. ദേവ്ദത്ത് ഇതുവരെ നിറംമങ്ങിയതും കർണാടക തോറ്റ ഈ ഒരേയൊരു മത്സരത്തിലാണെന്ന് ഇതിനോടു ചേർത്തുവായിക്കണം.

∙ ഉത്തരാഖണ്ഡിനെതിരായ ഒന്നാം മത്സരത്തിൽ വണ്‍‍ഡൗണായെത്തിയ പടിക്കൽ അർധസെഞ്ചുറിയോടെയാണ് തുടങ്ങിയത്. 33 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ നേടിയത് 53 റൺസ്. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഓപ്പണർ രോഹൻ കദത്തിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ടീമിന് ഒൻപതു വിക്കറ്റ് വിജയവും സമ്മാനിച്ചു. 71 പന്തിൽനിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 108 റണ്‍സ്!

∙ ഉത്തരാഖണ്ഡിനെതിരായ മത്സരത്തോടെ തുടർച്ചയായി 15 മത്സരങ്ങൾ ജയിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട കർണാടകയ്ക്കേറ്റ അടിയായിരുന്ന രണ്ടാം മത്സരത്തിലെ അപ്രതീക്ഷിത തോൽവി. ബറോഡയോട് കർണാടക 14 റൺസിനു തോറ്റ ഈ മത്സരത്തിൽ ദേവ്ദത്തും നിരാശപ്പെടുത്തി. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടകയ്ക്കായി നേടിയത് നാലു പന്തിൽ അഞ്ച് റൺസ് മാത്രം! മുൻ ഇന്ത്യൻ താരം യൂസഫ് പഠാന്റെ അസാമാന്യ ക്യാച്ചിലാണ് പുറത്തായതെന്ന ‘ആശ്വാസം’ മാത്രം!

∙ രണ്ടാം മത്സരത്തില ‘പരാജയ’ത്തിന് മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായാണ് ദേവ്ദത്ത് പരിഹാരം ചെയ്തത്. അതിന്റെ ക്ഷീണമേറ്റു വാങ്ങിയത് ആന്ധ്രാപ്രദേശും. ട്വന്റി20യിൽ തന്റെ ആദ്യ സെഞ്ചുറി കുറിച്ച ദേവ്ദത്ത്, 60 പന്തിൽ പുറത്താകാതെ 122 റൺസാണ് നേടിയത്. അകമ്പടിയായത് 13 ഫോറും ഏഴു കൂറ്റൻ സിക്സും! 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്ത ആന്ധ്രയെ മറികടക്കാൻ കർണാടകയെ സഹായിച്ചതും ദേവ്ദത്തിന്റെ ഇന്നിങ്സ് തന്നെ. 122 റൺസ് നേടിയ ദേവ്ദത്ത് കഴിഞ്ഞാൽ കർണാടകയുടെ ടോപ് സ്കോറർ 35 റൺസെടുത്ത കൃഷ്ണപ്പ ഗൗതമായിരുന്നു!

185 റൺസിന്റെ സാമാന്യം ഉയർന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കർണാടകയ്ക്ക് ഏഴു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായതാണ്. മൂന്നാം വിക്കറ്റിൽ കൃഷ്ണപ്പ ഗൗതത്തിനൊപ്പവും (67), അഞ്ചാം വിക്കറ്റിൽ ശ്രേയസ് ഗോപാലിനൊപ്പവും (64) അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ദേവ്ദത്ത് ടീമിനെ താങ്ങിനിർത്തി. ഇതിൽ രണ്ടാമത്തെ അർധസെഞ്ചുറി കൂട്ടുകെട്ടിൽ ശ്രേയസ് ഗോപാലിന്റെ സംഭാവന 11 റൺസ് മാത്രം! പിന്നീട് പ്രവീൺ ദുബെയ്ക്കൊപ്പം പിരിയാത്ത ആറാം വിക്കറ്റിൽ 33 റൺസ് കൂടി ചേർത്ത് ദേവ്ദത്ത് ടീമിനെ വിജയത്തിലുമെത്തിച്ചു.

∙ സർവീസസിനെതിരായ നാലാം മത്സരത്തിൽ ഓപ്പണറുടെ വേഷത്തിലെത്തിയും ദേവ്ദത്ത് വിശ്വരൂപം കാട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ട്വന്റി20 സ്കോറായ മൂന്നിന് 250 റൺസെന്ന നിലയിലേക്ക് എത്തുമ്പോൾ അർധസെഞ്ചുറി നേടിയ ദേവ്ദത്തും അതിൽ നിർണായക പങ്കുവഹിച്ചു. ദേശീയ ടീമിൽനിന്ന് മടങ്ങിയെത്തി കർണാടകയെ നയിച്ച മനീഷ് പാണ്ഡെ തകർപ്പൻ സെഞ്ചുറിയുമായി (54 പന്തിൽ 129) പടനയിച്ച മത്സരത്തിൽ ദേവ്ദത്ത് നേടിയത് 43 പന്തിൽ 75 റൺസ്. എട്ടു ഫോറും നാലു സിക്സും ചന്തം ചാർത്തിയ ഇന്നിങ്സ്. രണ്ടാം വിക്കറ്റിൽ മനീഷ് പാണ്ഡെയ്ക്കൊപ്പം 167 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടു സ്ഥാപിക്കാനും ദേവ്ദത്തിനായി.

∙ റൺമെഷീൻ, ദേവ്ദത്ത്!

വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനത്തിനു സമാനമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ദേവ്ദത്തിന്റെ പ്രകടനം. അവിശ്വസനീയമെന്നോ അതിശയകരമെന്നോ വിശേഷിപ്പിക്കാവുന്ന മികവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിലെ പ്രധാന ബാറ്റിങ് റെക്കോർഡ് പട്ടികകളിലെല്ലാം ദേവ്ദത്തും ആദ്യ സ്ഥാനങ്ങളിലുണ്ട്. ഇതുവരെ 160 റൺസിനു മുകളിൽ നേടിയ താരങ്ങളിൽ കൂടുതൽ ശരാശരിയും (127.50), സ്ട്രൈക്ക് റേറ്റും (182.14) ദേവ്ദത്തിനാണ്. നാലു മത്സരങ്ങളിൽനിന്ന് 14 സിക്സുകൾ കണ്ടെത്തിയ ദേവ്ദത്ത് തന്നെ ഇക്കാര്യത്തിലും മുന്നിൽ. 11 വീതം സിക്സുകളുമായി മൂന്നു താരങ്ങൾ പിന്നിലുണ്ട്.

ആന്ധ്രയ്‌ക്കെതിരെ പുറത്താകാതെ നേടിയ 122 റൺസായിരുന്നു ഈ സീസണിലെ മികച്ച വ്യക്തിഗത പ്രകടനമെങ്കിലും ഇന്നലെ സർവീസസിനെതിരെ പുറത്താകാതെ 129 റൺസ് നേടിയ കർണാടക ക്യാപ്റ്റൻ കൂടിയായ മനീഷ് പാണ്ഡെ മറികടന്നു. ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സെന്ന നേട്ടവും ഇന്നലെ പാണ്ഡെ മറികടന്നെങ്കിലും രണ്ടാമത് ദേവ്ദത്തുണ്ട്. സർവീസസിനെതിരെ പാണ്ഡെ 10 സിക്സ് നേടിയപ്പോൾ, ആന്ധ്രയ്ക്കെതിരെ ഏഴു സിക്സ് നേടിയാണ് ദേവ്ദത്ത് രണ്ടാമതു നിൽക്കുന്നത്.

ഒരു ഇന്നിങ്സിൽ സിക്സിലൂടെയും ഫോറിലൂടെയും കൂടുതൽ റണ്‍സ് നേടിയ താരങ്ങളിലും ദേവ്ദത്ത് രണ്ടാമതുണ്ട്. സർവീസസിനെതിരെ 12 ഫോറും 10 സിക്സും സഹിതം 108 റൺസ് ബൗണ്ടറികളിലൂടെ തന്നെ കണ്ടെത്തിയ പാണ്ഡെയാണ് മുന്നിൽ. ആന്ധ്രയ്‌ക്കെതിരെ 13 ഫോറും ഏഴു സിക്സും സഹിതം 94 റൺസ് ബൗണ്ടറിയിലൂടെ നേടിയാണ് ദേവ്ദത്ത് രണ്ടാമതു നിൽക്കുന്നത്.

∙ കേരളത്തിന്റെ സ്വന്തം ദേവ്‌ദത്ത്

ദേവ്‌ദത്തിന്റെ അച്ഛൻ ബാബുനു നിലമ്പൂർ സ്വദേശിയും അമ്മ അമ്പിളി പടിക്കൽ എടപ്പാൾ സ്വദേശിയുമാണ്. അമ്മ വഴിയാണ് ദേവ്‌ദത്തിന്റെ പേരിനൊപ്പമുള്ള പടിക്കൽ സ്കോർ ബോർഡിലേക്കും കയറിക്കൂടിയത്. മൂത്ത സഹോദരി ചാന്ദ്നി അമേരിക്കയിൽ ഉപരിപഠനം നടത്തുന്നു. ദേവ്‌ദത്തിന് 4 വയസ്സുള്ളപ്പോൾ അച്ഛന്റെ ജോലി ആവശ്യാർഥം കുടുംബം ഹൈദരാബാദിലേക്കു താമസം മാറി. മകന്റെ ക്രിക്കറ്റ് ഭാവികൂടി കണക്കിലെടുത്ത് 2011ൽ ബെംഗളൂരുവിലെത്തി.

2011ൽ ബെംഗളൂരുവിലെത്തിയതു മുതൽ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിലാണ് പരിശീലനം. നസറുദീൻ എന്ന കോച്ച് പ്രത്യേക പരിശീലനം നൽകുന്നു. 2014 ൽ കർണാടകയ്ക്കായി കളി തുടങ്ങി. പിന്നീട് അണ്ടർ 14, 16, 19 ടീമുകളിൽ. മികച്ച കളി വരാൻ തുടങ്ങിയതോടെ അണ്ടർ 19 ഇന്ത്യൻ ടീമിലുമെത്തി. ശ്രീലങ്കൻ പര്യടനത്തിൽ തകർപ്പൻ കളി കാഴ്ചവച്ചു. ബംഗ്ലദേശിൽ നടന്ന ഏഷ്യാ കപ്പിലും കളി ആവർത്തിച്ചു. 3 വർഷമായി കർണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്കേഴ്സിന്റെ സൂപ്പർ താരമാണ്.

English Summary: Devdutt Padikkal in brilliant form for Karnataka in Syed Mushtaq Ali Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com