ADVERTISEMENT

മുംബൈ∙ ‘രാജ്യാന്തര ക്രിക്കറ്റിൽ ഒരേ ദിവസം രണ്ടു ട്വന്റി20 മത്സരങ്ങളിലായി രണ്ട് അർധസെഞ്ചുറി നേടിയ ആദ്യ താരം ആര്? ഓപ്ഷൻസ്: എ. നവ്റോസ് മംഗൽ, ബി. മുഹമ്മദ് ഹഫീസ്, സി. മുഹമ്മദ് ഷഹ്സാദ്, ഡി. ഷാക്കിബ് അൽ ഹസ്സൻ. ഒറ്റനോട്ടത്തിൽ അത്ര ‘ഉപദ്രവകാരി’യൊന്നുമല്ലെന്നു തോന്നാവുന്ന ചോദ്യം, അല്ലേ? എങ്കിൽ ഉത്തരമൊന്നു പറയാമോ? ഓപ്ഷൻ എ, നവ്റോസ് മംഗൽ? ഓപ്ഷൻ ബി, മുഹമ്മദ് ഹഫീസ്? ഓപ്ഷൻ സി, മുഹമ്മദ് ഷഹ്സാദ്? ഓപ്ഷൻ ഡി, ഷാക്കിബ് അൽ ഹസ്സൻ? ആരുടെയും സഹായമില്ലാതെ, ഗൂഗിളിൽ തിരയാതെ ഓപ്ഷൻ സി, മുഹമ്മദ് ഷഹ്സാദ് എന്ന ശരിയുത്തരം കണ്ടെത്തിയ എത്രപേരുണ്ട്? ശരിയുത്തരം കണ്ടെത്താൻ സാധിച്ചെങ്കിൽ ഒന്നുറപ്പ്, നിങ്ങൾ അത്ര നിസാരരല്ല. ഏഴു കോടി രൂപ ‘വിലയുള്ള’ ഉത്തരമാണ് നിങ്ങൾ കണ്ടെത്തിയിരിക്കുന്നത്!

അതേ, ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ തരംഗമായ ‘കോൻ ബനേഗാ ക്രോർപതി’യുടെ 11–ാം പതിപ്പിലാണ് ഏഴു കോടി വിലയുള്ള ചോദ്യം ഉയർന്നത്. ബോളിവുഡിലെ സൂപ്പർതാരം അമിതാഭ് ബച്ചൻ അവതാരകനായ ഷോയിൽ ബിഹാറുകാരനായ അജീത് കുമാറിനാണ് ഈ ചോദ്യത്തിനുത്തരം നൽകി ഏറ്റവും ഉയർന്ന സമ്മാനത്തുകയായ ഏഴു കോടി സ്വന്തമാക്കാൻ അവസരം കിട്ടിയത്. നിർഭാഗ്യവശാൽ അജീത് കുമാറിന് ഉത്തരം പറയാനായില്ല. ചോദ്യത്തിൽനിന്ന് പിൻമാറിയതോടെ ഒരു കോടി രൂപയുമായി അദ്ദേഹം ഷോയിൽനിന്ന് മടങ്ങുകയും ചെയ്തു.

ഈ സീസണിൽ ഒരു കോടി നേടുന്ന നാലാമത്തെ മാത്രം മത്സരാർഥിയാണ് അജീത് കുമാർ. അതേസമയം, ഈ സീസണിൽ ഏഴു കോടി നേടുന്ന ആദ്യ മത്സരാർഥിയാകാനുള്ള അവസരം നഷ്ടമാക്കുകയും ചെയ്തു. ബിഹാറിൽ ജയിൽ സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെയാണ് ‘കോൻ ബനേഗാ ക്രോർപതി’യിൽ മാറ്റുരയ്ക്കാൻ അജീത് കുമാറിന് അവസരം ലഭിച്ചത്.

16 ചോദ്യങ്ങളുള്ള ഷോയിൽ 1000 രൂപയുടെ ആദ്യ ചോദ്യത്തിനുമുതൽ ശരിയുത്തരം നൽകി കയറിവന്ന അജീത് കുമാറിനു മുന്നിൽ അമിതാഭ് ബച്ചൻ വച്ച 15–ാമത്തെ ചോദ്യം ഇതായിരുന്നു; ബ്രിട്ടീഷ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ആദ്യത്തെ ബ്രിട്ടിഷ് സാറ്റലൈറ്റ് ഏതാണ്? 50–50 ലൈഫ് ലൈൻ ഉപയോഗിച്ച അജീത് കുമാർ ഓപ്ഷൻസിന്റെ എണ്ണം രണ്ടിലേക്കു ചുരുക്കി. ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം ‘പ്രോസ്പെറോ’ എന്ന ശരിയുത്തരം നൽകുകയും ചെയ്തു. ഇതോടെ സീസണിൽ ഒരു കോടിയിലെത്തുന്ന നാലാമത്തെ മാത്രം മത്സരാർഥിയായി അജീത്.

ഇതിനു പിന്നാലെയാണ് ക്രിക്കറ്റുമായി ബന്ധപ്പെട്ട 16–ാം ചോദ്യം എത്തിയത്. ശരിയുത്തരം പറഞ്ഞാൽ ലഭിക്കുക ഏഴു കോടി രൂപ! ഈ ഒരു ഉത്തരത്തിന്റെ മാത്രം വില ആറു കോടി! അജീത് കുമാറിന് ഉത്തരത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ലൈഫ് ലൈനുകളും ശേഷിച്ചിരുന്നില്ല. ഉത്തരം തെറ്റിയാൽ ഒരു കോടി രൂപയും നഷ്ടപ്പെടുമെന്ന സ്ഥിതിയിൽ അജീത് ചോദ്യത്തിൽനിന്ന് പിൻമാറി. പിന്നീട് വെറുതെ ഒരു ഉത്തരം തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ അജീത് തിരഞ്ഞെടുത്തത് ഓപ്ഷൻ എ, നവ്റോസ് മംഗലെന്ന തെറ്റുത്തരം. എന്തായാലും ഒരു കോടി കിട്ടിയതിന്റെ ആഹ്ലാദം പങ്കുവച്ചാണ് അജീത് കുമാർ ഷോ വിട്ടത്.

∙ ഒരു ദിവസം, രണ്ടുകളി, രണ്ടു ഫിഫ്റ്റി

അഫ്ഗാനിസ്ഥാന്‍ താരമായ മുഹമ്മദ് ഷഹ്സാദ്, ഡെസേർട്ട് ട്വന്റി20 ടൂർണമെന്റിലാണ് ഒരേ ദിവസം രണ്ടു മത്സരങ്ങളിലായി രണ്ട് അർധസെഞ്ചുറി നേടിയത്. എട്ട് ഐസിസി അസോഷ്യേറ്റ് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റ് യുഎഇയിലാണ് നടന്നത്. ടൂർണമെന്റിന്റെ സെമി, ഫൈനൽ മത്സരങ്ങൾ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒരേ ദിവസമാണ് നടന്നത്.

സെമിയിൽ ഒമാനെതിരെയാണ് ഷഹ്സാദ് ആദ്യ അർധസെഞ്ചുറി നേടിയത്. ആദ്യം ബാറ്റു ചെയ്ത് ഒമാൻ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടരവെ, 60 പന്തിൽ 80 റൺസടിച്ച് ഷഹ്സാദ് അഫ്ഗാന്റെ വിജയശിൽപിയായി. ഒൻപതു പന്തു ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിയ അഫ്ഗാൻ എട്ടു വിക്കറ്റ് ജയത്തോടെ ഫൈനലിൽ കടന്നു. സ്കോട്‌ലൻഡിനെ 98 റൺസിന് തകർത്തെത്തിയ അയർലൻഡായിരുന്നു ഫൈനലിൽ എതിരാളികൾ.

കൃത്രിമ വെളിച്ചത്തിൽ നടന്ന കലാശപ്പോരിൽ ആദ്യം ബാറ്റു ചെയ്ത അയർലൻഡ് 13.2 ഓവറിൽ വെറും 71 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനായി ഷഹ്സാദ് വീണ്ടും തകർത്തടിച്ചു. 40 പന്തിൽ അർധസെഞ്ചുറി പിന്നിട്ട ഷഹ്സാദിന്റെ മികവിൽ അഫ്ഗാൻ എട്ടാം ഓവറിൽത്തന്നെ വിജയത്തിലെത്തി.

English Summary: Afghanistan cricket icon Mohammad Shahzad holds the world record that the first cricketer to score fifties in two separate international matches, on the same day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com