ADVERTISEMENT

മുംബൈ∙ ഇന്ത്യൻ സീനിയർ ടീം താരങ്ങളായ ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ തുടങ്ങിയവർ അണിനിരന്ന മുംബൈയ്ക്കെതിരെ മേഘാലയ്ക്ക് അട്ടിമറി ജയം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് മേഘാലയയുടെ അവിശ്വസനീയ പ്രകടനം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് മേഘാലയ ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്ിൽ 157 റൺസാണെടുത്തത്. നാലു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ മേഘാലയ ലക്ഷ്യത്തിലെത്തി.

ഗ്രൂപ്പ് ഡിയിൽ ആറു മത്സരം പൂർത്തിയാക്കിയ മുംബൈയുടെ ആദ്യ തോൽവിയാണിത്. അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും അഞ്ചു ജയം സഹിതം 20 പോയിന്റുമായി മുംബൈ തന്നെ ഒന്നാമത്. ആറു മത്സരങ്ങളിൽനിന്ന് രണ്ടാം ജയം കുറിച്ച മേഘാലയ, 10 പോയിന്റുമായി ആറാം സ്ഥാനത്താണ്. അവരുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്‌ക്ക് ഓപ്പണർ ജയ് ബിസ്തയുടെ ഇന്നിങ്സാണ് കരുത്തായത്. 30 പന്തു നേരിട്ട ബിസ്ത ആറു ഫോറും ഒരു സിക്സും സഹിതം 44 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ബിസ്ത – ആദിത്യ താരെ സഖ്യം 8.2 ഓവറിൽ 73 റൺസെടുത്തു. താരെ 22 പന്തിൽ 17 റൺസെടുത്തു. ശ്രേയസ് അയ്യർ (13 പന്തിൽ 14), സൂര്യകുമാർ യാദവ് (26 പന്തിൽ 28), സിദ്ധേഷ് ലാഡ് (17 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയയ്ക്ക് ഒരു റണ്ണിനിടെ ക്യാപ്റ്റൻ രാജു ബിശ്വയുടെ വിക്കറ്റ് നഷ്ടമായി. സ്കോർ 17ൽ നിൽക്കെ രണ്ടാം വിക്കറ്റും 41ൽ നിൽക്കെ മൂന്നാം വിക്കറ്റും നഷ്ടമായി. ഹരി ബിഷ്ത് (12 പന്തിൽ 23), ബിജോയ് ദാസ് (0) എന്നിവരാണ് പുറത്തായത്. ഇതോടെ തോൽവി ഉറപ്പിച്ച മേഘാലയയ്ക്ക് നാലാം വിക്കറ്റിൽ രവി തേജ – സഞ്ജയ് യാദവ് സഖ്യം കൂട്ടിച്ചേർത്ത 92 റൺസ് കൂട്ടുകെട്ടാണ് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. സ്കോർ 133ൽ നിൽക്കെ സഞ്ജയ് പുറത്തായെങ്കിലും അഭയ് നേഗിയെ കൂട്ടുപിടിച്ച് രവി തേജ മേഘാലയയെ വിജയത്തിലെത്തിച്ചു.

രവി തേജ 45 പന്തിൽ എട്ടു ഫോർ സഹിതം 61 റൺസെടുത്ത് പുറത്താകാതെ നിന്നു. സഞ്ജയ് യാദവ് 44 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 55 റൺസെടുത്ത് പുറത്തായി. അഭയ് നേഗി ഒൻപതു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.

English Summary: Mumbai Vs Meghalaya Syed Mushtaq Ali Trophy Match, Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com