sections
MORE

ഡൽഹിക്ക് ശ്വാസം മുട്ടുമ്പോൾ എംപി ജിലേബി ആസ്വദിക്കുന്നു; എഎപി–ഗംഭീർ പോര്

gautam-gambhir-laxman-indore
വി.വി.എസ്. ലക്ഷ്മൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്ന്.
SHARE

ന്യൂഡൽഹി∙ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ ബിജെപി എംപി കൂടിയായ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ഡൽഹി ഭരിക്കുന്ന ആംആദ്മി പാർട്ടിയും (എഎപി) തമ്മിൽ കടുത്ത വാക്പോര്. ഡൽഹിയിലെ ജനങ്ങൾ കടുത്ത അന്തരീക്ഷ മലിനീകരണം മൂലം ബുദ്ധിമുട്ടുമ്പോൾ അവരുടെ എംപി ഇൻഡോറിൽ ഇന്ത്യ–ബംഗ്ലദേശ് ക്രിക്കറ്റ് മത്സരത്തിന് കമന്ററി പറയാൻ പോയതിനെ എഎപി ട്വിറ്ററിലൂടെ പരിഹസിച്ചതാണ് വാക്പോരിനു കാരണമായത്. എഎപിയുടെ പരിഹാസ ട്വീറ്റിന് രൂക്ഷമായ മറുപടിയുമായി ഗംഭീർ രംഗത്തെത്തിയതോടെ വാക്പോര് മുറുകി.

അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാൻ ഡൽഹി സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് തുടർച്ചയായി വിമർശനമുന്നയിക്കുന്ന നേതാവാണ് ഗംഭീർ. എഎപിയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉന്നമിട്ട് ട്വിറ്ററിലൂടെ ഗംഭീർ നടത്തുന്ന വിമർശനങ്ങൾ ശ്രദ്ധ േനടാറുമുണ്ട്. ഇതിനിടെയാണ് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച യോഗം ഒഴിവാക്കി ഗംഭീർ കമന്ററി പറയാൻ പോയത്. വീണുകിട്ടിയ അവസരം എഎപി കൈവിട്ടു കളയുമോ? അവർ സംഭവം പരസ്യമാക്കി.

മനഃപൂർവമല്ലെങ്കിലും മുൻ ഇന്ത്യൻ താരം കൂടിയായ വി.വി.എസ്. ലക്ഷ്മണാണ് എഎപി – ഗംഭീർ വാക്പോരിനു തുടക്കമിട്ടതെന്നതും കൗതുകമായി. ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിനിടെ ലക്ഷ്മൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഗംഭീറിനെതിരെ എഎപിക്ക് പിടിവള്ളിയായത്. മത്സരത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ഗംഭീറുൾപ്പെടെയുള്ളവർക്കൊപ്പം ജിലേബി നുണയുന്ന ചിത്രമാണ് ലക്ഷ്മൺ ട്വിറ്ററിൽ പങ്കുവച്ചത്.

ചിത്രം ശ്രദ്ധയിൽപ്പെട്ട എഎപി ഉടനെ തിരിച്ചടിച്ചു. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗം ഒഴിവാക്കിയാണ് ഗംഭീർ ക്രിക്കറ്റുമായി ബന്ധപ്പെട്ട ജോലിക്കായി ഇൻഡോറിലേക്കു പോയതെന്ന് അവർ ട്വീറ്റ് ചെയ്തു. ഗംഭീർ ജിലേബി നുണയുന്ന ചിത്രവും അതേ ദിവസം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ചേരുന്ന യോഗത്തിന്റെ നോട്ടിസും ചേർത്ത് എഎപി ട്വിറ്ററിൽ ഒരു പോസ്റ്റിട്ടു. അതിനൊപ്പം ഇങ്ങനെ കുറിച്ചു:

‘ഡൽഹി ശ്വാസം കിട്ടാതെ പിടയുമ്പോൾ ഗൗതം ഗംഭീർ ഇൻഡോറിൽ ആഘോഷത്തിമിർപ്പിലാണ്. എംപി ഡൽഹിയിൽവന്ന് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ സംബന്ധിക്കുകയാണ് വേണ്ടത്. ഇത്തവണത്തെ യോഗം എംസിഡി, ഡിഡിഎ, പരിസ്ഥിതി മന്ത്രാലയം, ഡൽഹിയിലെ എംപിമാർ എന്നിവരുടെ നിസ്സഹകരണം മൂലം മാറ്റിവയ്ക്കേണ്ടി വന്നു. ഒരാൾ പോലും യോഗത്തിനായി എത്തിയില്ല.’

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞ നാലര വർഷത്തിനിടെ എന്തു ചെയ്തെന്ന് ഡല്‍ഹിയിലെ ജനങ്ങളോട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു മുൻപ് വിഡിയോ സഹിതം ഗംഭീർ പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി എഎപി ഇത്രകൂടി ചേർത്തു:

‘കമന്ററി ബോക്സിലിരുന്ന് സുഖിക്കുകയല്ല വേണ്ടത്. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങൾ ഉയർത്തുന്നതിനു പകരം ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന യോഗങ്ങളിൽ ആദ്യം പങ്കെടുക്കൂ. ഇത്തവണ നിങ്ങൾ യോഗത്തിനു വരാതെ മുങ്ങി. ഇത് സത്യത്തിൽ കോടതിയലക്ഷ്യമാണ്. യോഗത്തിന് എത്താതിരുന്ന എല്ലാവർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കണം.’

എഎപി വിമർശനം കടുപ്പിച്ചതോടെ ഉടൻതന്നെ ഗംഭീർ മറുപടിയുമായെത്തി. ട്വിറ്ററിലൂടെയായിരുന്നു ഗംഭീറിന്റെ മറുപടി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്ന വിഷയത്തിൽ ഇതുവരെ ചെയ്ത കാരങ്ങളെല്ലാം വിശദമായിത്തന്നെ പ്രതിപാദിച്ച് സുദീർഘമായൊരു കുറിപ്പ് ട്വീറ്റ് ചെയ്ത ഗംഭീർ, ഇങ്ങനെ കുറിച്ചു:

‘ഞാൻ ചെയ്യുന്ന ജോലികളാണ് എല്ലാറ്റിനുമുള്ള ഉത്തരം’ – മാത്രമല്ല, ട്രോളൻമാർക്കു ‘സിസി’ വച്ച് ഇത്രകൂടി ചേർത്തു; ‘എന്നെ അസഭ്യം പറയുന്നതുകൊണ്ട് ഡൽഹിയിലെ മലിനീകരണം കുറയുമെങ്കിൽ വർധിത വീര്യത്തോടെ അതു തുടരൂ...’!

English Summary: Gautam Gambhir responds to AAP’s allegations of skipping Delhi pollution meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA