പാക്കിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടാൻ ഇനി ഒരു വഴി മാത്രം; ഉപദേശിച്ച് ഇമ്രാൻ ഖാൻ
Mail This Article
ഇസ്‌ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സർഫറാസ് അഹമ്മദ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹം പങ്കുവച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ നൽകി സർഫറാസ് തിരിച്ചുവരവ് നടത്തണമെന്നാണു തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റ് മെച്ചപ്പെട്ടാൽ മാത്രമേ ഇനി പാക്കിസ്ഥാൻ ക്രിക്കറ്റിന് രക്ഷയുള്ളുവെന്നും ഇമ്രാന്‍ വ്യക്തമാക്കി. ട്വന്റി20 ക്രിക്കറ്റു കൊണ്ട് ഒരു താരത്തിന്റെ പ്രകടനമോ, ഫോമോ വിലയിരുത്താൻ സാധിക്കുമെന്നു തോന്നുന്നില്ല. അതിന് വേണ്ടത് ടെസ്റ്റ് ക്രിക്കറ്റും ഏകദിന മത്സരങ്ങളുമാണ്. സർഫറാസിന് ദേശീയ ടീമിലേക്കു മടങ്ങിവരാൻ സാധിക്കും. അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ നൽകി കളിക്കണം– ഇമ്രാൻ ഖാൻ പറഞ്ഞു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മിസ്ബ ഉൾ ഹഖിനെ നിയമിച്ച നടപടിയെയും ഇമ്രാൻ ഖാൻ പിന്തുണച്ചു. വലിയ അനുഭവ പരിചയമുള്ള ആളാണ് മിസ്ബ. നീതിമാനും പക്ഷഭേദങ്ങളില്ലാത്ത ആളുമാണ്. അദ്ദേഹത്തിന്റെ നിയമനം ഏറ്റവും ക്രിയാത്മകമാണ്. ഏകദിനത്തിലും ടെസ്റ്റിലും മിസ്ബയുടെ കീഴിൽ പാക്കിസ്ഥാൻ മികച്ച പ്രകടനം നടത്തുമെന്നാണു കരുതുന്നത്. താരങ്ങളെ വളർത്തിയെടുക്കുന്നതിനും അവരുടെ പ്രകടനം മെച്ചപ്പെട്ടതാക്കുന്നതിനും അദ്ദേഹത്തിനു സാധിക്കും.
ആറ് പ്രാദേശിക ടീമുകളെ ഉൾപ്പെടുത്തിയിട്ടുള്ള ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഫോർമാറ്റ് പാക്കിസ്ഥാനിലെ ക്രിക്കറ്റ് സിസ്റ്റത്തെ വളർച്ചയിലേക്കു നയിക്കുമെന്നാണു പ്രതീക്ഷ. നമ്മുടെ ആഭ്യന്തര ക്രിക്കറ്റ് വളർന്നാൽ, പാക്കിസ്ഥാൻ ക്രിക്കറ്റും മുന്നോട്ടുപോകും– ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. ലോകകപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്ന് സർഫറാസ് അഹമ്മദിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
അധികം വൈകാതെ താരത്തിനു ടീമിലെ സ്ഥാനവും നഷ്ടമായി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മോശം പ്രകടനവും താരത്തിനു തിരിച്ചടിയായി. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇടം കണ്ടെത്താന്‍ സർഫറാസിനു സാധിച്ചിരുന്നില്ല.
English Summary: Pakistan’s cricket will only improve once their domestic cricket gets strong: Imran Khan