ADVERTISEMENT

കൊൽക്കത്ത ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടും ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിക്കാതിരുന്ന മലയാളം താരം സഞ്ജു സാംസൺ ടീമിനു പുറത്തായി. അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ശരാശരി പ്രകടനത്തിനിടയിലും കേദാർ ജാദവ് ടീമിൽ തിരിച്ചെത്തി. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ പുറത്തിരുന്ന ക്യാപ്റ്റൻ വിരാട് കോലി വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി.

മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ട്വന്റി20 പരമ്പരയിലെ ഒരു മത്സരം ഡിസംബർ എട്ടിന് തിരുവനന്തപുരത്തും നടക്കുന്നതിനാൽ തിരുവനന്തപുരം സ്വദേശിയായ സഞ്ജുവിനെ ടീമിൽ പ്രതീക്ഷിച്ച മലയാളി ആരാധകർക്ക് നിരാശ സമ്മാനിച്ചാണ് എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സിലക്ഷൻ കമ്മിറ്റി ഇക്കുറി യുവതാരത്തെ കൈവിട്ടത്. കൊൽക്കത്തയിൽവച്ചു നടന്ന സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ വിരാട് കോലി, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മലയാളി കൂടിയായ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.

തുടർച്ചയായി അവസരം ലഭിച്ചിട്ടും ഫോം കണ്ടെത്താനാകാതെ ഉഴറുന്ന യുവതാരം ഋഷഭ് പന്താണ് ഏകദിന, ട്വന്റി20 ടീമുകളുടെ വിക്കറ്റ് കീപ്പർ. ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയിട്ടും ഫോം കണ്ടെത്താൻ പാടുപെടുന്ന ഓപ്പണർ ശിഖർ ധവാനും ടീമിൽ സ്ഥാനം നിലനിർത്തി. ബംഗ്ലദേശിനെതിരായ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ദുബെ ട്വന്റി20 ടീമിലെ സ്ഥാനം നിലനിർത്തിയതിനു പുറമെ, ആദ്യമായി ഏകദിന ടീമിലും ഇടംപിടിച്ചു. പരുക്കുമൂലം ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൽ തിരിച്ചെത്താനാകാത്ത സാഹചര്യത്തിലാണ് പകരം ദുബെ ഏകദിന ടീമിലും ഇടം കണ്ടെത്തിയത്.

ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ഇന്ത്യയുടെ സ്ഥിരം സ്പിൻ ദ്വയമായിരുന്ന കുൽദീപ് യാദവ് – യുസ്‌വേന്ദ്ര ചെഹൽ സഖ്യവും ചെറിയ ഇടവേളയ്ക്കുശേഷം ടീമിൽ ഒരുമിച്ചു. രവീന്ദ്ര ജഡേജ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ ക്രുനാൽ പാണ്ഡ്യ, രാഹുൽ ചാഹർ എന്നിവർ പുറത്തായി. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ഏകദിന, ട്വന്റി20 ടീമുകളിൽ തിരിച്ചെത്തി. ബംഗ്ലദേശിനെതിരെ ഹാട്രിക്കുമായി തിളങ്ങിയ ദീപക് ചാഹർ ട്വന്റി20 ടീമിൽ സ്ഥാനം നിലനിർത്തിയതിനു പുറമെ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

വാഷിങ്ടൻ സുന്ദറിനു ട്വന്റി20 ടീമിലും കേദാർ ജാദവിന് ഏകദിന ടീമിലും മാത്രമേ ഇടമുള്ളൂ. ബാക്കി 14 പേരും ഇരു ടീമുകളും ഇടംപിടിച്ചിട്ടുണ്ട്. ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന ഖലീൽ അഹമ്മദ്, ഷാർദുല്‍ താക്കൂർ എന്നിവർ പുറത്തായി.

ഇന്ത്യൻ ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ

ഇന്ത്യൻ ട്വന്റി20 ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ

English Summary: Indian Team Announced for the ODI, T20 Series Vs West Indies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com