ADVERTISEMENT

ബെംഗളൂരു∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരോടായി ചുമ്മാ അങ്ങ് ചോദിച്ചതാണ്. പാർഥിവ് പട്ടേൽ അതിത്ര കാര്യമാക്കുമെന്ന് അവരറിഞ്ഞോ? ട്വിറ്ററിലെ ആരാധകർക്കായി ചുമ്മാ രസത്തിന് ചോദിച്ച ഒരു ചോദ്യം അതേ നാണയത്തിൽ തിരിച്ചടിച്ചതിന്റെ പകപ്പിലാണ് ഐപിഎൽ ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. വെറ്ററൻ താരം പാർഥിവ് പട്ടേലിനെയും മലയാളി കൂടിയായ യുവ സെൻസേഷൻ ദേവ്ദത്ത് പടിക്കിലിനെയും പരോക്ഷമായി താരത്യമപ്പെടുത്തുന്ന ചോദ്യമാണ് റോയൽ ചാലഞ്ചേഴ്സിനെ തിരിച്ചടിച്ചത്. സംഭവം ഇങ്ങനെ:

ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് പോസ്റ്റ് ചെയ്ത ഒരു ചോദ്യത്തിൽനിന്നാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ഒരു സവിശേഷ സാഹചര്യം വിവരിച്ചിട്ട് അതിന് യോജിച്ചതായി നിങ്ങൾ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം. ‘നമുക്ക് 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടരണം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ വിരാട് കോലിയുണ്ട്. അദ്ദേഹത്തിനൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യാൻ നിങ്ങൾ ആരെ തിരഞ്ഞെടുക്കും?’ – #പ്ലേബോൾഡ് എന്ന ഹാഷ്ടാഗോടെ കുറിച്ച ഈ ചോദ്യത്തിനൊപ്പം പാർഥിവ് പട്ടേൽ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ചിത്രങ്ങളും റോയൽ ചാലഞ്ചേഴ്സ് നൽകി. ‘നിങ്ങൾ ആരെ തിരഞ്ഞെടുക്കും?’ എന്നൊരു അധിക ചോദ്യവും.

റോയൽ ചാലഞ്ചേഴ്സിന്റെ ഈ പോസ്റ്റ് എന്തായാലും നിമിഷങ്ങൾ കൊണ്ടുതന്നെ വൈറലായി. ഒട്ടേറെ ആരാധകർ ഈ പോസ്റ്റിനു താഴെ മറുപടിയായി അഭിപ്രായം രേഖപ്പെടുത്തി. കരിയറിന്റെ അവസാന നാളുകളിലുള്ള മുപ്പത്തഞ്ചുകാരനായ പാർഥിവിനേക്കാൾ ഈ സീസണിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന പത്തൊൻപതുകാരനായ ദേവ്ദത്ത് പടിക്കലിനെയാണ് ആരാധകരിൽ ഭൂരിഭാഗവും പിന്തുണച്ചത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. റോയൽ ചാലഞ്ചേഴ്സിന്റെ പോസ്റ്റ് ഇങ്ങനെ വൈറലായി ‘ഓടിക്കൊണ്ടിരിക്കുന്ന’ സമയത്താണ് മറുപടിയുമായി സാക്ഷാൽ പാർഥിവ് പട്ടേലിന്റെ രംഗപ്രവേശം. പാർഥിവിന്റെ ഒരു ചെറിയ ചോദ്യത്തിനു മുൻപിൽ റോയൽ ചാലഞ്ചേഴ്സിന്റെ പോസ്റ്റ് ‘കെട്ടിപ്പൊക്കി കൊണ്ടുവന്ന’ എല്ലാ ഇമേജും വീണുടഞ്ഞു. പാർഥിവ് കുറിച്ചതിങ്ങനെ:

‘നമ്മൾ 239 റൺസ് വഴങ്ങണമെന്ന് നിങ്ങൾക്കെന്താണിത്ര നിർബന്ധം?’ എന്നായിരുന്നു പാർഥിവിന്റെ ചോദ്യം. കുറിക്കുകൊള്ളുന്ന ഈ മറുപടിക്കു പിന്നാലെയായി പിന്നെ ആരാധകരുടെ ഒഴുക്ക്. എന്തായാലും റോയൽ ചാലഞ്ചേഴ്സിന്റെ പോസ്റ്റിനേക്കാളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ഈ ചോദ്യമാണ്!

rcb-parthiv-patel

റോയൽ ചാലഞ്ചേഴ്സിന്റെ വായടപ്പിച്ച പാർഥിവ് അത്ര നിരാരക്കാരനല്ല. മഹേന്ദ്രസിങ് ധോണിയുടെ വരവിനു മുൻപ് 2002ൽ ഇന്ത്യൻ ജഴ്സിയിൽ വിക്കറ്റ് കീപ്പറായി അരങ്ങേറിയ താരമാണ് അദ്ദേഹം. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ടു ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ്, മുംബൈ ഇന്ത്യൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കായി കളിച്ച ശേഷമാണ് റോയൽ ചാല‍ഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമെത്തിയത്. കഴിഞ്ഞ സീസണിൽ ബാംഗ്ലൂരിനായി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.

എന്നാൽ, ഇന്ത്യൻ യുവതാരങ്ങളിൽ ശ്രദ്ധേയനായ ദേവ്ദത്ത് പടിക്കിൽ ഇത്തവണ ആഭ്യന്തര സീസണിൽ മിന്നുന്ന ഫോമിലാണ്. വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ദേവ്ദത്ത്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ടോപ് സ്കോറർ പട്ടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ഇതുവരെ 11 ഇന്നിങ്സുകളിൽനിന്ന് 68.50 റൺസ് ശരാശരിയിൽ ദേവ്ദത്തിന്റെ സമ്പാദ്യം 548 റൺസാണ്. മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിൽ! ദേവ്ദത്തിന്റെ അക്കൗണ്ടിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളുമുണ്ട്.

English Summary: Royal Challengers Bangalore roasted by Parthiv Patel on Instagram over a question

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com