ADVERTISEMENT

അഡ്‍ലെയ്ഡ്∙ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ആദ്യ ട്രിപ്പിൾ സെഞ്ചുറി സ്വന്തമാക്കി ഓസ്ട്രേലിയൻ ഓപണർ ഡേവിഡ് വാർണർ‌. പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലായിരുന്നു വാർണറുടെ ട്രിപ്പിൾ സെഞ്ചുറി നേട്ടം. 389 പന്തുകളിൽനിന്നാണ് താരം നേട്ടം സ്വന്തമാക്കിയത്. 418 പന്തിൽ 335 റൺസുമായി പുറത്താകാതെ നിന്ന വാർണറുടെ കരുത്തില്‍ ഓസീസ് ആദ്യ ഇന്നിങ്സ് മൂന്നിന് 589 റണ്‍സ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു.

2012 ജനുവരിയിൽ മൈക്കൽ ക്ലാർക്ക് ഇന്ത്യയ്ക്കെതിരെ ട്രിപ്പിൾ സെഞ്ചുറി (329*) തികച്ചശേഷം ആദ്യമായാണ് ഒരു ഓസീസ് താരം ട്രിപ്പിൾ സെഞ്ചുറി പൂർത്തിയാക്കുന്നത്. ടെസ്റ്റിലെ എല്ലാ മത്സരങ്ങളും എടുത്താൽ ഇതിനുമുൻപ് അവസാനമായി ഒരു ടെസ്റ്റ് ട്രിപ്പിൾ സെഞ്ചുറി പിറന്നത് 2016ൽ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ താരം കരുൺ നായരാണ് അന്ന് ട്രിപ്പിൾ (303) അടിച്ചത്. അഡ്‍ലെയ്ഡ് ഓവൽ സ്റ്റേഡിയത്തിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് വാർണർ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. ഇക്കാര്യത്തിൽ വാർണർ തകർത്തതാകട്ടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡും. 299 റൺസായിരുന്നു ബ്രാഡ്മാൻ അഡ്‍ലെയ്ഡിൽനിന്നും നേടിയത്.

രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറുമാണ് വാർണറുടേത്. ഇക്കാര്യത്തിൽ വാർണർക്കു മുൻപിലുള്ളത് മുൻ ഓസീസ് താരം മാത്യു ഹെയ്‍ഡന്‍ മാത്രം. സിംബാബ്‍വെയ്ക്കെതിരെ 380 റൺസാണ് മാത്യു ഹെയ്ഡന്‍ സ്വന്തമാക്കിയത്. ഹെയ്ഡന്റെ റെക്കോ‍ര്‍ഡ് വാർണർ തകർക്കുമെന്നു തോന്നിച്ചെങ്കിലും അതിനു മുൻപു തന്നെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ടീം തീരുമാനിക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗത്തിലുള്ള ട്രിപ്പിൾ സെഞ്ചുറികളുടെ കണക്കെടുത്താൽ നാലാമതാണ് ഡേവിഡ് വാർണർ. ഇക്കാര്യത്തിൽ വിരേന്ദർ സെവാഗും മാത്യു ഹെയ്ഡനുമാണ് വാർണർക്കു മുന്നില്‍.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗത്തിലുള്ള ട്രിപ്പിൾ സെഞ്ചുറികൾ (താരം, നേരിട്ട പന്തുകൾ, എതിർ ടീം, വര്‍‌ഷം)

വിരേന്ദർ സെവാഗ്– 278 പന്തുകൾ, ദക്ഷിണാഫ്രിക്ക, 2007–08

മാത്യു ഹെയ്ഡന്‍– 362 പന്തുകള്‍, സിംബാബ്‍വെ, 2003–04

വിരേന്ദർ സെവാഗ്– 364 പന്തുകൾ, പാക്കിസ്ഥാൻ‌, 2003–04

ഡേവിഡ് വാർണർ– 389 പന്തുകൾ, പാക്കിസ്ഥാൻ, 2019

English Summary: David Warner hits 4th fastest Test triple-hundred vs Pakistan in Adelaide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com