sections
MORE

അഡ്‌ലെയ്‌ഡിൽ യാസിർ ഷായുടെ ‘സൂപ്പർ ഷോ’; കരിയറിലെ ആദ്യ സെഞ്ചുറി!

yasir-shah-century
സെഞ്ചുറി നേട്ടം ആഘോഷിക്കുന്ന യാസിർ ഷാ.
SHARE

അഡ്‌ലെയ്ഡ്∙ യാസിറെന്ന ബോളറെയേ ക്രിക്കറ്റ് ലോകത്തിനറിയൂ, ഷായെന്ന ബാറ്റ്സ്മാനെ അധികമാർക്കുമറിയില്ല.’ – ഓസ്ട്രേലിയയുടെ സമ്പൂർണ ആധിപത്യം കണ്ട അഡ്‌ലെയ്‌ഡിലെ പിങ്ക് ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി പാക്കിസ്ഥാൻ താരം യാസിർ ഷായുടെ ‘സൂപ്പർ ഷോ’! ഓസീസ് പര്യടനത്തിൽ പാക്കിസ്ഥാന്റെ ബോളിങ് പ്രതീക്ഷകൾ തോളേറ്റിയെത്തിയ യാസിർ ഷാ, കരുത്തുകാട്ടിയതു പക്ഷേ, ബാറ്റുകൊണ്ട്. രാജ്യാന്തര ക്രിക്കറ്റിലെയെന്നല്ല, തന്റെ ക്രിക്കറ്റ് കരിയറിലെ തന്നെ ആദ്യ സെഞ്ചുറി കുറിച്ച യാസിർ ഷായുടെ മികവിൽ അഡ്‌ലെയ്ഡ് ടെസ്റ്റിൽ പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോർ കുറിച്ചു. 192 പന്തിൽ 12 ഫോറുകൾ സഹിതമാണ് മുപ്പത്തിമൂന്നുകാരനായ യാസിർ ഷായുടെ കന്നി സെഞ്ചുറി. മത്സരത്തിലാകെ 213 പന്തുകൾ നേരിട്ട ഷാ, 13 ഫോറുകൾ സഹിതം 113 റൺസെടുത്ത് പത്താമനായി മടങ്ങി.

യാസിറിന്റെ അവിശ്വസനീയ പ്രകടനത്തിന്റെ കരുത്തിൽ 300 കടന്ന പാക്കിസ്ഥാൻ, 94.4 ഓവറില്‍ 302 റൺസിന് ഓൾഔട്ടായി. ഇതോടെ 287 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ച ഓസീസ്, പാക്കിസ്ഥാനെ ഓഫോ ഓൺ ചെയ്യിച്ചു. പാക്കിസ്ഥാനായി ബാബർ അസം 97 റൺസെടുത്തു. 132 പന്തിൽ 11 ഫോറുകൾ സഹിതമാണ് അസം 97 റൺസെടുത്തത്. മുഹമ്മദ് അബ്ബാസ് 78 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്തു. മുഹമ്മദ് മൂസ 12 പന്തിൽ 12 റണ്‍സുമായി പുറത്താകാതെ നിന്നു. 89 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാന് ഏഴാം വിക്കറ്റിൽ യാസിർ ഷാ – ബാബർ അസം സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടും (105), ഒൻപതാം വിക്കറ്റിൽ യാസിർ ഷാ – മുഹമ്മദ് അബ്ബാസ് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുമാണ് (87) കരുത്തായത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് ആറും പാറ്റ് കമ്മിൻസ് മൂന്നും വിക്കറ്റ് വീഴ്ത്തി.

∙ ചരിത്രം, ഈ ഇന്നിങ്സ്!

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സികളിലൊന്നാണ് യാസിർ ഷായുടേത്. ഓസീസ് മണ്ണിൽ ബാബർ അസം ഒഴികെയുള്ള മറ്റെല്ലാ ബാറ്റ്സ്മാൻമാരും മുട്ടിടിച്ചു വീണപ്പോഴാണ് ഒരുപക്ഷേ ജീവിതത്തിൽ തന്നെ ആദ്യമായി ഷാ സെഞ്ചുറി തൊട്ടത്! 89 റൺസിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി ഓസീസ് കനത്ത ബാറ്റിങ് തകർച്ച നേരിടുമ്പോഴാണ് യാസിർ ക്രീസിലെത്തുന്നത്. ബാബർ അസമിനൊപ്പം ചേർന്ന് പതുക്കെ തുടങ്ങിയ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ യാസറിന്റെ സെഞ്ചുറിയോളമെത്തിയത്. ഈ പ്രകടനത്തിന് യാസിറിന് ആത്മവിശ്വാസം പകർന്ന ബാബർ അസമാകട്ടെ, സെഞ്ചുറിക്ക് മൂന്നു റൺസ് അകലെ പുറത്താകുകയും ചെയ്തു.

ഏഴാം വിക്കറ്റിൽ അസം– യാസിർ കൂട്ടുകെട്ട് പടുത്തുയർത്തിയത് 105 റൺസിന്റെ സെഞ്ചുറി കൂട്ടുകെട്ടാണ് പാക്ക് ഇന്നിങ്സിന് ബലം നൽകിയത്. 132 പന്തിൽ 11 ഫോറുകൾ സഹിതം 97 റൺസെടുത്ത അസമിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്കാണ് കൂട്ടുകെട്ടു പൊളിച്ചത്. തൊട്ടടുത്ത പന്തിൽ ഷഹീൻ അഫ്രീദിയെ ഗോൾഡൻ ഡക്കാക്കിയ സ്റ്റാർക്ക് ഹാട്രിക്കിന് തൊട്ടരികെ എത്തിയെങ്കിലും, ഒൻപതാമനായെത്തിയ മുഹമ്മദ് അബ്ബാസ് ചെറുത്തുനിന്നു. മാത്രമല്ല, സെഞ്ചുറിയിലേക്കുള്ള കുതിപ്പിന് യാസിറിന് യോജിച്ച പങ്കാളിയുമായി. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 86 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഷാൻ മസൂദ് (19), ഇമാം ഉൾ ഹഖ് (2), അസ്ഹർ അലി (9), ആസാദ് ഷഫീഖ് (9), ഇഫ്തിഖർ അഹമ്മദ് (10), മുഹമ്മദ് റിസ്‌വാൻ (0) എന്നിങ്ങനെയാണ് ഇതുവരെ പുറത്തായ മറ്റ് പാക്ക് താരങ്ങളുടെ പ്രകടനം. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് ആറും പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ നൂറഴക്, ഈ സെഞ്ചുറിക്ക്!

എട്ടു വർഷം പിന്നിട്ട രാജ്യാന്തര കരിയറിൽ ഈ ടെസ്റ്റിനായി കളത്തിലിങ്ങുന്നതിന് മുൻപ് യാസിർ കളിച്ചത് 36 ടെസ്റ്റുകൾ, 25 ഏകദിനങ്ങൾ, രണ്ട് ട്വന്റി20കൾ. ഒരു അർധസെഞ്ചുറി പോലും നേടിയിട്ടില്ല, യാസിർ. മൂന്നു ഫോർമാറ്റിലുമായി ഉയർന്ന സ്കോർ 42 മാത്രം! 18 വർഷം പിന്നിടുന്ന ആഭ്യന്തര കരിയറിൽ 133 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 90 ലിസ്റ്റ് എ മത്സരങ്ങളും 111 ട്വന്റി20 മത്സരങ്ങളം കളിച്ചിട്ടും സെഞ്ചുറി നേടാനായിട്ടില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏഴു തവണയും ലിസ്റ്റ് എയിൽ രണ്ടു തവണയും 50 കടന്നിട്ടുണ്ട്. ഉയർന്ന സ്കോർ ഫസ്റ്റ് ക്ലാസിൽ 71ഉം ലിസ്റ്റ് എയിൽ പുറത്താതാകെ 66ഉം.

ബാറ്റിങ്ങിൽ അങ്ങനെ എടുത്തുപറയാവുന്ന നേട്ടങ്ങളൊന്നുമില്ലാത്ത ‘കടുത്ത ദാരിദ്ര്യ’ത്തിനിടെയാണ് ഓസീസിനെതിരെ അവരുടെ മണ്ണിൽ ഷാ സെഞ്ചുറി നേടുന്നത്. അതും മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, നേഥൻ ലയോൺ തുടങ്ങിയ ഒന്നാം കിട ബോളർമാരെ നേരിട്ട്. സഹതാരങ്ങളെല്ലാം കാഴ്ചവച്ച ഉജ്വലമായ ബാറ്റിങ് പ്രകടനങ്ങളുടെ തുടർച്ചയായി ആ ഓളത്തിൽ നേടിയ സെഞ്ചുറിയല്ല യാസിറിന്റേത് എന്നതും ശ്രദ്ധേയം. ടീം കൂട്ടത്തകർച്ച നേരിടുമ്പോൾ ക്രീസിലെത്തി രക്ഷക വേഷമണിഞ്ഞാണ് യാസിർ ഈ പ്രകടനം കാഴ്ചവച്ചത്. ഈ സെഞ്ചുറിക്ക് തീർച്ചയായും നൂറഴകു തന്നെ!

∙ യാസിർ എന്ന ബോളറോ?

ബോളിങ്ങിൽ ഇക്കുറി അതിദയനീയമാണ് യാസിറിന്റെ പ്രകടനം. ഇത്തവണത്തെ പര്യടനത്തിൽ ഓസീസിനെതിരെ രണ്ട് ഇന്നിങ്സിലാണ് യാസിർ ഇതുവരെ ബോൾ ചെയ്തത്. ഒന്നാം ടെസ്റ്റിൽ 48.4 ഓവറിൽ വഴങ്ങിയത് 205 റൺസ്. നേടിയത് ആകെ നാലു വിക്കറ്റും. ഇതിൽ സ്റ്റീവ് സ്മിത്തിനെ ഏഴാം തവണയും പുറത്താക്കിയത് മാത്രമുണ്ട് എടുത്തു പറയാൻ! ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനായി എണ്ണപ്പെടുന്ന സ്മിത്തിനെ വെറും 11 ഇന്നിങ്സിനിടെയാണ് ഏഴു തവണ യാസിർ പുറത്താക്കിയത്. ഇതല്ലാതെ ഒന്നാം ടെസ്റ്റിൽ യാസിറിന് എടുത്തുപറയാൻ ഒന്നുമില്ല നേട്ടം.

yasir-shah-smith

ഏഴാം തവണയും സ്മിത്തിനെ പുറത്താക്കിയതിനു പിന്നാലെ ‘ഏഴ്’ എന്ന് അടയാളം കാട്ടി ആഘോഷിച്ച യാസിറിനെതിരെ, കരുതലോടെയേ ഇനി താൻ കളിക്കൂ എന്ന് സ്മിത്ത് മുന്നറിയിപ്പു നൽകിയിരുന്നു. എന്തായാലും അഡ്‌ലെയ്ഡിലും ബോളിങ്ങിൽ ദയനീയമായിരുന്നു യാസിറിന്റെ പ്രകടനം. 32 ഓവറിൽ 197 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ 80.4 ഓവർ ബോൾ ചെയ്ത യാസിർ, 402 റൺസ് വഴങ്ങി പിഴുതത് നാലു വിക്കറ്റ് മാത്രം. അതായത് 121 പന്തിനിടെ ഒരു വിക്കറ്റ്! ബോളിങ്ങിലെ ഈ ദയനീയ പ്രകടനത്തിനിടെയാണ് കരിയറിലെ ആദ്യ സെഞ്ചുറിയുമായി യാസിറിന്റെ അവതാരം!

English Summary: Australia vs Pakistan, 2nd Test - Live Cricket Score, Yasir Shah Century

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA