ADVERTISEMENT

അഡ്‌ലെയ്ഡ് ഓവലിലെ ഗാലറി ഒന്നടങ്കം എഴുന്നേറ്റുനിന്നു കയ്യടിക്കുകയായിരുന്നു അപ്പോൾ. ചിത്രങ്ങളിൽ മാത്രം കാണുന്നൊരു പുൽമേടു പോലെ മനോഹരമായ മൈതാനത്തിന്റെ മധ്യത്തുനിന്ന് ഇരുകൈളും വാനിലുയർത്തി ഡേവിഡ് ആൻഡ്രൂ വാർണർ പവിലിയനിലേക്കു നടക്കുന്നു. അതിർത്തി വരയ്ക്കപ്പുറത്തു കാത്തു നിന്നൊരു കുഞ്ഞ് ആരാധകന് ഹെൽമറ്റ് സമ്മാനിച്ച് വാർണർ ഡ്രസിങ് റൂമിലേക്കു നടക്കുമ്പോഴും കരഘോഷം നിലച്ചിരുന്നില്ല.

വാർണറുടെ പ്രകടനത്തോടെ ഓസീസ് താരങ്ങളുടെ ട്രിപ്പിൾ സെഞ്ചുറി സ്കോറിൽ ഒരു റൺ പിന്നിലായിപ്പോയ മുൻനായകൻ മാർക്ക് ടെയ്‌ലറുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. അഡ്‌ലെയ്ഡ് ഓവലിൽ പിറന്ന ആദ്യത്തെ ട്രിപ്പിൾ സെഞ്ചുറി വാർണർ സ്വന്തം പേരിൽ കുറിച്ചപ്പോൾ മൈതാനത്തുണ്ടായിരുന്ന എല്ലാ മുഖങ്ങളും വിടർന്നു നിന്നു. പക്ഷേ, ഒരാൾ മാത്രം കണ്ണീർ വാർത്തു– വാർണറുടെ പത്നി കാൻഡിസ്.

കഴിഞ്ഞ 20 മാസത്തിനിടെ കടന്നുപോയ വിഷമസന്ധികൾക്കിടയിൽ കാൻഡിസ് ആയിരുന്നു വാർണറുടെ അത്താണി. കഴിഞ്ഞ വർഷം കേപ്ടൗൺ ടെസ്റ്റിലെ പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ ഒരു വർഷം വിലക്കു നേരിട്ട വാർണർ പിന്നീട് ടീമിൽ തിരിച്ചെത്തിയെങ്കിലും പുതുമുഖ താരത്തെപ്പോലെ പ്രതിഭ വീണ്ടും വീണ്ടും തെളിയിക്കേണ്ടി വന്നു.

അന്നത്തെ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തും ഒപ്പം വിലക്കു നേരിട്ടെങ്കിലും വിവാദത്തിലെ യഥാർഥ വില്ലൻ വാർണർ ആണെന്ന മട്ടിൽ ആരോപണങ്ങളുമുണ്ടായി. വിലക്കിനു ശേഷം കഴിഞ്ഞ ഐപിഎല്ലിലും പിന്നീട് ലോകകപ്പിലും നന്നായി കളിച്ചെങ്കിലും ആഷസ് പരമ്പരയിൽ തീർത്തും നിറം മങ്ങിയത് വാർണറുടെ താരമൂല്യം തീർത്തും ഇടിച്ചു. 10 ഇന്നിങ്സിൽ വെറും 95 റൺസാണ് താരം സ്കോർ ചെയ്തത്. ശരാശരി വെറും 9.5. ഇംഗ്ലണ്ടിനു വേണ്ടി പത്താം നമ്പറിൽ ഇറങ്ങുന്ന ഓഫ് സ്പിന്നർ ജാക്ക് ലീച്ചിനെക്കാൾ മോശമാണ് വാർണറുടെ ശരാശരിയെന്നു സമൂഹ മാധ്യമങ്ങളിൽൽ ആരാധകർ കളിയാക്കി.

പക്ഷേ, തോൽക്കാനില്ലെന്ന മനസ്സുറപ്പോടെ വാർണർ നടത്തിയ തയാറെടുപ്പു ഫലം കണ്ടു. ശ്രീലങ്കയ്ക്കെതിരെ ട്വന്റി20 പരമ്പരയിൽ ഒരു സെഞ്ചുറിയും 2 അർധശതകവുമടക്കം 217 റൺസോടെ ടോപ്സ്കോറർ. പാക്കിസ്ഥാനെതിരെ ബ്രിസ്ബേനിലെ ആദ്യ ടെസ്റ്റിൽ സെഞ്ചുറി (154). ഇപ്പോഴിതാ ട്രിപ്പിൾ സെഞ്ചുറിയും.

വാർണറെ പ്രശംസിച്ച് ഭാര്യ കാൻഡിസ് ട്വിറ്ററിൽ കുറിച്ചത് മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ്: ‘കരുത്ത് ശരീരത്തിൽനിന്നല്ല വരുന്നത്. അജയ്യമായ മനസ്സിൽ നിന്നാണ്. മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കുന്നുണ്ടോ എന്നതല്ല നിങ്ങൾ സ്വയം വിശ്വസിക്കുന്നതാണ് പ്രധാനം’.

English Summary: David Warner: Australia opener scores 335 against Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com