sections
MORE

13 പന്ത്, 0 റൺസ്, 6 വിക്കറ്റ്; ട്വന്റി20യിൽ ചരിത്രം കുറിച്ച് നേപ്പാൾ ബോളർ!

anjali-chand
റെക്കോർഡ് പ്രകടനത്തിനുശേഷം അഞ്ജലി ചന്ദ് (വലത്)
SHARE

പൊഖറ∙ രാജ്യാന്തര ക്രിക്കറ്റിൽ നേപ്പാളും മാലദ്വീപും തമ്മിലുള്ള പോരാട്ടം അത്ര വലിയ സംഭവമൊന്നുമല്ല. പ്രത്യേകിച്ചും അത് വനിതാ ക്രിക്കറ്റ് ടീമുകളുടെ പോരാട്ടമാകുമ്പോൾ. നേപ്പാളിലെയും മാലദ്വീപിലെയും മാധ്യമങ്ങൾക്കു പോലും അത്ര ‘വലിയ സംഭവ’മാകാൻ ഇടയില്ലാത്ത അത്തരമൊരു മത്സരം ഇന്നിതാ രാജ്യാന്തര മാധ്യമങ്ങളിലടക്കം ഇടംപിടിച്ചിരിക്കുന്നു! സൗത്ത് ഏഖ്യൻ ഗെയിംസിന്റെ ഭാഗമായി കുഞ്ഞൻ രാജ്യങ്ങൾ തമ്മിലുള്ള ഈ മത്സരം വലിയ വാർത്താപ്രാധാന്യം നേടിയതിനു പിന്നിൽ ഒരു കാരണമുണ്ട്; നേപ്പാൾ ബോളർ അഞ്ജലി ചന്ദ്! മത്സരത്തിലാകെ 13 പന്തെറിഞ്ഞ അഞ്ജലി, റണ്ണൊന്നും വഴങ്ങാതെ വീഴ്ത്തിയത് ആറു വിക്കറ്റാണ്! മത്സരം പൂർത്തിയാകുമ്പോൾ അ‍ഞ്ജലിയുടെ ബോളിങ് അക്കങ്ങളിൽ രേഖപ്പെടുത്തിയത് ഇങ്ങനെ; 2.1 - 2 - 0 - 6 !

അഞ്ജലിയുടെ സമാനതകളില്ലാത്ത പ്രകടനത്തിന്റെ ബലത്തിൽ മാലദ്വീപിനെ വെറും 16 റൺസിനാണ് നേപ്പാൾ ചുരുട്ടിക്കെട്ടിയത്. ഓൾഔട്ടാകും മുൻപ് 16 റൺസെടുക്കാനായി അവർ നേരിട്ടത് 10.1 ഓവറുകളാണ്! നേപ്പാളിന്റെ മറുപടി ബാറ്റിങ്ങാണ് അതിലും രസകരം. വെറും അഞ്ചു പന്തിനുള്ളിൽ അവർ വിജയലക്ഷ്യം കണ്ടെത്തി. ബാക്കിയായത് 19.1 ഓവറുകൾ!

മത്സരത്തിൽ ടോസ് നേടിയ മാലദ്വീപ് വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവർ വിജയകരമായി വിക്കറ്റ് നഷ്ടമില്ലാതെ പൂർത്തിയാക്കിയെങ്കിലും രണ്ടാം ഓവർ മുതൽ മാലദ്വീപിന്റെ തകർച്ച തുടങ്ങി. ആദ്യം വീണ നാലു വിക്കറ്റുകളിൽ രണ്ടും റണ്ണൗട്ടായിരുന്നു. അടുത്ത രണ്ടു വിക്കറ്റുകൾ കരുണ ഭണ്ഡാരി സ്വന്തമാക്കി. അതിനുശേഷമായിരുന്നു അഞ്ജലി ചന്ദിന്റെ അവതാരം. ഏഴ്, ഒൻപത്, 11 ഓവറുകൾ ബോൾ ചെയ്ത അഞ്ജലി, ശേഷിച്ച ആറു പേരെയും പുറത്താക്കി.

മാലദ്വീപ് വനിതകളിൽ റൺ നേടാനായത് രണ്ടു പേർക്കു മാത്രമാണ്. ഓപ്പണർ ഹംസ നിയാസ് (11 പന്തിൽ ഒൻപത്), വിക്കറ്റ് കീപ്പർ ബാറ്റ്സ്‌വുമൺ ഹഫ്സ അബ്ദുല്ല (10 പന്തിൽ നാല്) എന്നിവർ. ഇതിനു പുറമെ മൂന്ന് വൈഡുകൾ കൂടി ചേർത്താണ് മാലദ്വീപ് സ്കോർ ബോർഡിൽ 16 റൺസെത്തിയത്. ശേഷിച്ച ഒൻപതു പേരും സം‘പൂജ്യ’രായി. സജ ഫാത്തിമ, സുമയ്യ അബ്ദുൽ, ക്യാപ്റ്റൻ സൂണ മറിയം, ലത്ഷ ഹലീമത്ത്, ഷഫ സലീം, ഈശാൽ ഇബ്രാഹിം, കിനാനത്ത് ഇസ്മയിൽ, ഷാമ അലി എന്നിവരാണ് പൂജ്യത്തിന് പുറത്തായി. എയ്മ ഐഷാന്ത് 12 പന്തു നേരിട്ട് അക്കൗണ്ടു തുറക്കാനാകാതെ ഒരറ്റത്ത് നോട്ടൗട്ടായി നിന്നു! അ‍ഞ്ചലിക്കു പുറമെ രണ്ടു വിക്കറ്റ് പിഴുത കരുണ ഭണ്ഡാരി 2 ഓവറിൽ വഴങ്ങിയത് നാലു റൺസ് മാത്രം. രണ്ട് ഓവർ ബോൾ ചെയ്ത സീത റാണ റണ്ണൊന്നും വഴങ്ങിയുമില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ അഞ്ചാം പന്തിൽ ലക്ഷ്യത്തിലെത്തി. ഓപ്പണർ കാജൽ ശ്രേഷ്ഠ അഞ്ചു പന്തിൽ മൂന്നു ഫോറുകൾ സഹിതം 13 റൺസെടുത്തപ്പോൾ, നാലു റൺസ് ലെഗ് ബൈ ഇനത്തിലും കിട്ടി. സഹ ഓപ്പണർ സീത റാണയ്ക്ക് ഒന്നും ചെയ്യാൻ അവസരം കിട്ടിയില്ല.

English Summary: 6 wickets, 0 runs: Nepal's Anjali Chand creates T20I history at South Asian Games

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA