ADVERTISEMENT

അഡ്‌ലെയ്ഡ്∙ തുടർച്ചയായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്സ് തോൽവി വഴങ്ങി ഓസീസ് മണ്ണിൽ നാണംകെട്ട് പാക്ക് പട. അഡ്‌ലെയ്ഡിൽ നടന്ന ഡേ–നൈറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 48 റണ്‍സിനുമാണ് പാക്കിസ്ഥാൻ തോറ്റത്. ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെയാണ് പാക്കിസ്ഥാൻ തോൽവിയേറ്റുവാങ്ങിയത്. ട്രിപ്പിൾ സെഞ്ചുറി നേടിയ ഓപ്പണർ ഡേവിഡ് വാർണറിന്റെ കരുത്തിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 589 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്സിൽ 302 റൺസിനു പുറത്തായി 287 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ പാക്കിസ്ഥാൻ, രണ്ടാം ഇന്നിങ്സിൽ 82 ഓവറിൽ 239 റൺസിന് എല്ലാവരും പുറത്തായി.

ഇതോടെ രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ഓസീസ് തൂത്തുവാരി. ഗാബയിൽ നടന്ന ഒന്നാം ടെസ്റ്റ് ഓസീസ് ഇന്നിങ്സിനും അഞ്ചു റൺസിനുമാണ് ജയിച്ചത്. ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറാണ് കളിയിലെ കേമൻ. പരമ്പരയുടെ താരവും വാർണർ തന്നെ. തുടർച്ചയായ രണ്ടാം ഇന്നിങ്സ് ജയത്തോടെ ഓസ്ട്രേലിയയ്ക്ക് ടെസ്റ്റ് ലോകകപ്പിൽ 176 പോയിന്റായി. 360 പോയിന്റുമായി ബഹുദൂരം മുന്നിലുള്ള ഇന്ത്യയ്ക്കു പിന്നിൽ രണ്ടാമതാണ് ഓസീസിന്റെ സ്ഥാനം. മറുവശത്ത്, ഓസീസ് മണ്ണിൽ ആദ്യത്തെ ടെസ്റ്റ് പരമ്പര ജയത്തിനായുള്ള പാക്കിസ്ഥാന്റെ കാത്തിരിപ്പ് ഇനിയും നീളും.

അർധസെഞ്ചുറി നേടിയ ഓപ്പണർ ഷാൻ മസൂദാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. മസൂദ് 127 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 68 റൺസെടുത്തു. മസൂദിനു പുറമെ ആസാദ് ഷഫീഖും പാക്ക് ഇന്നിങ്സിൽ അർധസെഞ്ചുറി നേടി. 112 പന്തുകൾ നേരിട്ട ആസാദ്, അ‍ഞ്ചു ഫോറുകൾ സഹിതം 57 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കിന്റെ വേഗതയേറിയ പന്തുകൾക്കു മുന്നിൽ തകർന്നുവീണ പാക്കിസ്ഥാൻ, ഇക്കുറി നേഥൻ ലയോണിന്റെ സ്പിന്നിനു മുന്നിൽ കറങ്ങിവീണു. ലയോൺ 25 ഓവറിൽ 69 റണ്‍‌സ് വഴങ്ങി അഞ്ചും ഹെയ്സൽവുഡ് മൂന്നും മിച്ചൽ സ്റ്റാർക്ക് ഒന്നും വിക്കറ്റ് വീഴ്ത്തി.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്‌വാൻ (45), ഇഫ്തിഖർ അഹമ്മദ് (27), യാസിർ ഷാ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവർ. ഓപ്പണർ ഇമാം ഉൾ ഹഖ് (0), ക്യാപ്റ്റൻ അസ്ഹർ അലി (9), ബാബർ അസം (8), ഷഹീൻ അഫ്രീദി (1), മുഹമ്മദ് അബ്ബാസ് (1) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മുഹമ്മദ് മൂസ നാലു റൺസുമായി പുറത്താകാതെ നിന്നു.

ഒന്നാം ഇന്നിങ്സിലും കൂട്ടത്തകർച്ച നേരിട്ട പാക്കിസ്ഥാന്, വാലറ്റത്ത് യാസിർ ഷാ പൊരുതിനേടിയ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 213 പന്തുകൾ നേരിട്ട ഷാ, 13 ഫോറുകൾ സഹിതം 113 റൺസാണെടുത്തത്. ബാബർ അസം സെഞ്ചുറിക്ക് മൂന്നു റൺസകലെ പുറത്തായി. 132 പന്തിൽ 11 ഫോറുകൾ സഹിതമാണ് അസം 97 റൺസെടുത്തത്. ഷാൻ മസൂദ് (19), ഇഫ്തിഖർ അഹമ്മദ് (10), മുഹമ്മദ് അബ്ബാസ് (29), മുഹമ്മദ് മൂസ (പുറത്താകാതെ 12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ.

നേരത്തെ, ടെസ്റ്റിലെ തന്റെ കന്നി ട്രിപ്പിൾ സെഞ്ചുറി നേടിയ ഡേവിഡ് വാർണറിന്റെ പ്രകടനമാണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വാർണർ 418 പന്തിൽ 39 ഫോറും ഒരു സിക്സും സഹിതം 335 റൺസോടെ പുറത്താകാതെ നിന്നു. മാർനസ് ലബുഷെയ്ൻ തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി. 238 പന്തുകൾ നേരിട്ട ലബുഷെയ്ൻ, 22 ഫോറുകൾ സഹിതം 162 റൺസെടുത്താണ് പുറത്തായത്.

English Summary: Australia vs Pakistan, 2nd Test - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com