ADVERTISEMENT

മുംബൈ ∙ അധ്യക്ഷ സ്ഥാനത്തു സൗരവ് ഗാംഗുലിക്കു കാലാവധി നീട്ടിക്കിട്ടാൻ നിയമ ഭേദഗതി തേടി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ദേശീയ, സംസ്ഥാന അസോസിയേഷനുകളിൽ 2 തവണ 3 വർഷ കാലാവധി (ആകെ 6 വർഷം) പൂ‍ർത്തിയാക്കുന്നവർ പിന്നീടുള്ള 3 വർഷത്തേക്കു മാറിനിൽക്കണമെന്ന (കൂളിങ് ഓഫ് കാലാവധി) നിയമമാണ് ഗാംഗുലിക്കു വേണ്ടി പരിഷ്കരിക്കുന്നത്. ബിസിസിഐ വാർഷിക യോഗം നിയമഭേദഗതിക്ക് അംഗീകാരം നൽകി. സുപ്രീം കോടതിയുടെ അനുവാദം ലഭിച്ചാൽ നിയമം പ്രാബല്യത്തിലാകും.

നിലവിലെ നിയമപ്രകാരം അടുത്ത വർഷം ഗാംഗുലിക്കു സ്ഥാനമൊഴിയേണ്ടി വരും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി ഗാംഗുലി 5 വർഷം പ്രവർത്തിച്ചിരുന്നു. എന്നാൽ, നിയമത്തിൽ ഭേദഗതി വരുത്തി കൂളിങ് ഓഫ് ഒഴിവാക്കിയാൽ ഗാംഗുലിക്കു 2024 വരെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു തുടരാം.

മറ്റു തീരുമാനങ്ങൾ:

∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സെക്രട്ടറി ജയ് ഷായെ ബിസിസിഐ തിരഞ്ഞെടുത്തു. നിലവിൽ സിഇഒ രാഹുൽ ജോഹ്റിയാണു പങ്കെടുക്കുന്നത്.

∙ ക്രിക്കറ്റ് ഭരണസമിതി അംഗങ്ങളായി കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരെ നിയമിച്ചതിൽ എതിർപ്പ് രേഖപ്പെടുത്തി.

∙ നിയമഭേദഗതി നടപ്പാക്കാൻ വാർഷിക യോഗത്തിന് അധികാരം നൽകും. നിലവിൽ എല്ലാ ഭേദഗതിക്കും സുപ്രീം കോടതിയുടെ അനുവാദം വാങ്ങണം.

∙ ധോണിയോട് ചോദിക്കൂ

അടുത്ത ട്വന്റി20 ലോകകപ്പിൽ മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്കായി കളിക്കുമോ? ബിസിസിഐ വാർഷിക യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സൗരവ് ഗാംഗുലിയോടു ചോദ്യമുയർന്നു. ആ ചോദ്യം ധോണിയോടുതന്നെ ചോദിക്കണം – ഉടൻ വന്നു ഗാംഗുലിയുടെ മറുപടി.

English Summary: BCCI decides to seek Supreme Court approval to relax tenure reform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com