ADVERTISEMENT

കൊൽക്കത്ത∙ ഈ വർഷത്തെ ഐപിഎൽ താരലേലത്തിനു മുന്നോടിയായി ‘വിലയേറിയ’ താരങ്ങളുടെ പട്ടിക പുറത്ത്. രണ്ട് കോടി, 1.5 കോടി എന്നിങ്ങനെ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയാണ് ഐപിഎൽ അധികൃതർ പുറത്തുവിട്ടത്. ഇത്തവണ താരലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങളില്ല എന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല, രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ താരങ്ങൾക്കാണ് ആധിപത്യം. 73 താരങ്ങൾക്കു മാത്രം ഒഴിവുള്ള താരലേലത്തിനായി ആകെ റജിസ്റ്റർ ചെയ്തിരിക്കുന്നത് 971 പേരാണ്. ഇതിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ളത് ഏഴു പേർക്കു മാത്രം! ലേലത്തിന് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക ഓരോ ടീമും ഡിസംബർ ഒൻപതാം തിയതി അഞ്ചു മണിക്കു മുൻപ് നൽകണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, ഓസീസ് പേസ് ബോളർ മിച്ചൽ സ്റ്റാർക് തുടർച്ചയായ രണ്ടാം വർഷവും താരലേലത്തിനില്ല. 2015ൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് കളിച്ചിട്ടുള്ള സ്റ്റാർക്കിനെ 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 9.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ചിരുന്നു. എന്നാൽ, പരുക്കുമൂലം ഒരു കളിപോലും കളിക്കാൻ സ്റ്റാർക്കിനായില്ല. കഴിഞ്ഞ സീസണിൽ വാങ്ങാൻ ആളില്ലാതെ പോയ ജോ റൂട്ടും ലേലത്തിനില്ല. ട്വന്റി20 ലോകകപ്പ് മുൻനിർത്തി റൂട്ട് ഇത്തവണ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ ഗണത്തിൽ ഒരേയൊരു ഇന്ത്യക്കാരൻ ഇടംപിടിച്ചു. ഈ ആഭ്യന്തര സീസണിൽ കേരളത്തിന്റെ താരമായ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാണ് പട്ടികയിലെ ഏക ഇന്ത്യൻ സാന്നിധ്യം. ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരലേലത്തിനു മുന്നോടിയായി റിലീസ് ചെയ്ത താരമാണ് ഉത്തപ്പ.

ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടിയ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഒന്നാമൻ. ഈ വർഷം ടെസ്റ്റിൽ 50 വിക്കറ്റ് തികച്ച ഏക ബോളറാണ് കമ്മിൻസ്. ഓസീസ് ടീമിൽ സ്റ്റാർക്കിന്റെ സഹബോളറായ ജോഷ് ഹെയ്സൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർക്കൊപ്പം കൊൽക്കത്ത ഈ സീസണിൽ റിലീസ് ചെയ്ത ക്രിസ് ലിന്നും രണ്ടു കോടി ക്ലബ്ബിലുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഗ്ലെൻ മാക്‌സ്‌വെലാണ് പട്ടികയിലെ മറ്റൊരു ഓസീസ് സാന്നിധ്യം. ലോകകപ്പ് മുൻനിർത്തി കഴിഞ്ഞ ഐപിഎൽ സീസണിൽനിന്ന് മാക്‌സ്‌വെൽ പിന്മാറിയിരുന്നു. ഒരു സീസണിലെ സേവനത്തിനുശേഷം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ റിലീസ് ചെയ്ത ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌ൽ സ്റ്റെയ്ൻ, ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ് എന്നിവർ കൂടി ചേരുമ്പോൾ രണ്ടു കോടി ക്ലബ് പൂർണം.

അതേസമയം, 1.5 കോടി ക്ലബ്ബിൽ ‘ഇംഗ്ലിഷ് ആധിപത്യ’മാണ്. ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ, ഓപ്പണർ ജെയ്സൻ റോയി, പേസ് ബോളർമാരായ ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവരാണ് 1.5 കോടി ക്ലബ്ബിലെ ഇംഗ്ലിഷ് സാന്നിധ്യങ്ങൾ. ഇവർക്കു പുറമെ രണ്ടുവീതം ഓസീസ് താരങ്ങളും ദക്ഷിണാഫ്രിക്കൻ താരങ്ങളും പട്ടികയിലുണ്ട്. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഷോൺ മാർഷാണ് ഇതിലൊരാൾ. പേസ് ബോളർ കെയ്ൻ റിച്ചാർഡ്സനാണ് രണ്ടാമൻ. ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത ക്രിസ് മോറിസ്, കൈൽ ആബട്ട് എന്നിവരാണ് 1.5 കോടി ക്ലബ്ബിലുള്ള ദക്ഷിണാഫ്രിക്കക്കാർ. ഇവർക്കൊപ്പം ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കൂടി ചേരുന്നതോടെ പട്ടിക പൂർണം.

∙ ലേലം ഇത്തവണ കൊൽക്കത്തയിൽ

ഐപിഎൽ താരലേലം ഇത്തവണ ആദ്യമായി കൊൽക്കത്തയിൽ നടക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 19നാണ് താരലേലം അരങ്ങേറുക. ആകെ 971 താരങ്ങളാണ് ലേലത്തിനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 713 പേർ ഇന്ത്യൻ താരങ്ങളും 258 പേർ വിദേശികളുമാണ്. ആകെ ഒഴിവുള്ള 73 സ്ഥാനങ്ങളിലേക്കാണ് 971 പേർ റജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നത് ശ്രദ്ധേയം.

ഇതിൽ 215 പേർ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ളവരാണ്. 754 പേർക്ക് രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ ഇനിയും അവസരം ലഭിച്ചിട്ടില്ല. ഐസിസിയുടെ അസോഷ്യേറ്റ് രാജ്യങ്ങളിൽനിന്ന് രണ്ടു പേരും ലേലത്തിനുണ്ട്. വിദേശ താരങ്ങളുടെ രാജ്യം തിരിച്ചുള്ള പട്ടിക ചുവടെ:

അഫ്ഗാനിസ്ഥാൻ – 19

ഓസ്ട്രേലിയ – 55

ബംഗ്ലദേശ് – 6

ഇംഗ്ലണ്ട് – 22

ഹോളണ്ട് – 1

ന്യൂസീലൻഡ് – 24

ദക്ഷിണാഫ്രിക്ക – 54

ശ്രീലങ്ക – 39

യുഎസ്എ – 1

വെസ്റ്റിൻഡീസ് – 34

സിംബാബ്‌വെ – 3

English Summary: IPL 2020: Players list with highest base prices announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com