ADVERTISEMENT

സൂറത്ത് ∙ ‘മിനി ഇന്ത്യൻ’ ടീമുകൾ ഏറ്റുമുട്ടിയ ആവേശപ്പോരാട്ടത്തിൽ ദിനേഷ് കാർത്തിക്കിന്റെ തമിഴ്നാടിനെ വീഴ്ത്തി മനീഷ് പാണ്ഡെയുടെ കർണാടക സയ്യിദ് മുഷ്താഖ് അലി ട്രോഫി നിലനിർത്തി. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒരു റണ്ണിനാണ് കർണാടകയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിന് അവസാന പന്തുവരെ വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഒരു റൺ അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് തമിഴ്നാട് 179 റൺസെടുത്തത്. വിജയപ്രതീക്ഷ സമ്മാനിച്ച് ക്രീസിൽനിന്ന വിജയ് ശങ്കർ അവസാന ഓവറിൽ റണ്ണൗട്ടായി. വിജയ് ഹസാരെ ട്രോഫിയിലും തമിഴ്നാടിനെ തോൽപ്പിച്ചാണ് കർണാടക കിരീടം ചൂടിയത്.

ഇന്ത്യൻ സീനിയർ ടീമിൽ അംഗങ്ങളായ ഒട്ടേറെ താരങ്ങൾ ഇരുഭാഗത്തുമായി അണിനിരന്ന കലാശപ്പോരാട്ടം അക്ഷരാർഥത്തിൽ ഒരു ‘മിനി ഇന്ത്യൻ’ ഫൈനൽ തന്നെയായിരുന്നു. ഇന്ത്യൻ താരം മനീഷ് പാണ്ഡെ നയിച്ച കർണാടക ടീമിൽ ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, കരുൺ നായർ എന്നീ ദേശീയ ടീം താരങ്ങളാണ് അണിനിരന്നത്. മറ്റൊരു ഇന്ത്യൻ താരം ദിനേഷ് കാർത്തിക് നയിച്ച തമിഴ്നാട് ടീമിൽ വാഷിങ്ടൺ സുന്ദർ, വിജയ് ശങ്കർ, രവിചന്ദ്രൻ അശ്വിൻ എന്നിവരുമെത്തി. സെമിഫൈനലിൽ ഒരു ഓവറിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി റെക്കോർഡിട്ട കർണാടക പേസ് ബോളർ അഭിമന്യു മിഥുന് പുറംവേദനയെ തുടർന്ന് ഫൈനലിൽ കളിക്കാനായില്ല.

അതേസമയം, ഉജ്വല ബാറ്റിങ്ങിലൂടെ കളംനിറഞ്ഞ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഐതിഹാസിക പ്രകടനമാണ് വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കർണാടകയ്ക്കു തുണയായത്. 12 ഇന്നിങ്സുകളിൽനിന്ന് 64.44 ശരാശരിയിൽ 580 റൺസാണ് ദേവ്ദത്ത് അടിച്ചുകൂട്ടിയത്. ഇതിൽ അഞ്ച് അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു. രണ്ടാമതുള്ള മഹാരാഷ്ട്ര താരം റിഥുരാജ് ഗെയ്ക്‌വാദിന് 11 ഇന്നിങ്സുകളിൽനിന്ന് നേടാനായത് 419 റൺസ് മാത്രം. വിജയ് ഹസാരെ ട്രോഫിയിൽ കർണാടക കിരീടം നേടുമ്പോൾ അവർക്കു കരുത്തായത് ടോപ് സ്കോററായ ദേവ്ദത്തിന്റെ ഇന്നിങ്സായിരുന്നു.

∙ ഫൈനലിനൊത്ത ‘ഫൈനൽ ഓവർ’

ട്വന്റി20 ക്രിക്കറ്റിന്റെ സകല ആവേശവും നിറഞ്ഞുനിന്നതായിരുന്നു ഫൈനൽ പോരാട്ടം. സ്പിന്നർ കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിൽ തമിഴ്നാടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 14 റൺസ്. ക്രീസിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും (അഞ്ചു പന്തിൽ ഏഴ്) വിജയ് ശങ്കറും (26 പന്തിൽ 43). വിജയ് ശങ്കറായിരുന്നു ക്രീസിലെങ്കിൽ എന്ന് ആഗ്രഹിച്ച തമിഴ്നാട് ആരാധകരെപ്പോലും ഞെട്ടിച്ച് കിടിലൻ തുടക്കമാണ് അശ്വിൻ ടീമിനു സമ്മാനിച്ചത്. ഓവറിലെ ആദ്യ രണ്ടു പന്തും ഫോർ! ആദ്യ പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെയും രണ്ടാം പന്ത് സ്ക്വയർ ലെഗ്ഗിലൂടെയുമാണ് ബൗണ്ടറി തൊട്ടത്.

ഇതോടെ തമിഴ്നാട് താരങ്ങൾ ഉഷാറായി. അവസാന നാലു പന്തിൽ വിജയത്തിലേക്ക് അഞ്ചു റൺസ് മാത്രം. ഇതോടെ കൂടുതൽ കരുതലോടെ പന്തെറിഞ്ഞ ഗൗതം മൂന്നാം പന്തിൽ റൺ വിട്ടുകൊടുത്തില്ല. വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ച്. നാലാം പന്തിൽ അശ്വിൻ സിംഗിൾ നേടിയതോടെ വിജയലക്ഷ്യം രണ്ടു പന്തിൽ നാലു റൺസായി ചുരുങ്ങി. വിജയ് ശങ്കർ ക്രീസിലെത്തിയതിന്റെ ആശ്വാസവും തമിഴ്നാടിന്. എല്ലാം വെറുതെയായിരുന്നെന്ന് തമിഴ്നാടിന് മനസ്സിലാകാൻ അധികം സമയം വേണ്ടിവന്നില്ല. അഞ്ചാം പന്തിൽ രണ്ടു റണ്‍സ് ലക്ഷ്യമിടുന്നതിനിടെ വിജയ് ശങ്കർ റണ്ണൗട്ട്! മനീഷ് പാണ്ഡെയുടെ ബുള്ളറ്റ് ത്രോ പിടിച്ചെടുത്ത് രാഹുൽ വിക്കറ്റ് തെറിപ്പിക്കുമ്പോൾ വിജയ് ശങ്കർ ക്രീസിനടുത്തെത്തിയിരുന്നില്ല.

ഇതോടെ അവസാന ഒരു പന്തിൽ വിജയലക്ഷ്യം മൂന്നു റണ്‍സായി. രണ്ടു റൺസെടുത്താൽ വിജയികളെ നിശ്ചയിക്കാൻ മത്സരം സൂപ്പർ ഓവറിലേക്ക്. തമിഴ്നാടിനെ കൂടുതൽ വേദനിപ്പിച്ച് അവസാന പന്ത് നേരിടുന്നത് തൊട്ടുമുൻപ് മാത്രം ക്രീസിലെത്തിയ മുരുഗൻ അശ്വിനും. ആവേശം ആകാശം തൊട്ടുനിൽക്കെ കൃഷ്ണപ്പ ഗൗതത്തിന്റെ അവസാന പന്ത്. മുരുഗൻ അശ്വിൻ രണ്ടും കൽപ്പിച്ച് ബാറ്റു വീശിയെങ്കിലും ലഭിച്ചത് ചെറിയൊരു സ്പർശം മാത്രം. സമ്മർദ്ദ ഘട്ടത്തിൽ പന്ത് വേണ്ടവിധം കയ്യിലൊതുക്കാൻ വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലിനു കഴിഞ്ഞില്ലെങ്കിലും തമിഴ്നാടിന് നേടാനായത് ഒരു റൺ മാത്രം. കർണാടകയ്ക്ക് ഒരു റൺ വിജയത്തോടെ തുടർച്ചയായ രണ്ടാം വർഷവും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കിരീടം. പവലിയനിൽ വിജയ് ശങ്കർ കണ്ണീരിലേക്ക് അമരുമ്പോൾ കർണാടക ക്യാംപിൽ ആവേശാരവം!

∙ പടനയിച്ച് ക്യാപ്റ്റൻ പാണ്ഡെ

നേരത്തെ, ക്യാപ്റ്റൻ മനീഷ് പാണ്ഡെ പൊരുതി നേടിയ അർധസെഞ്ചുറിയുടെ കരുത്തിലാണ് കർണാടക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തത്. 45 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം പാണ്ഡെ 60  റൺസെടുത്ത് പുറത്താകാതെ നിന്നു. മലയാളി താരം ദേവ്ദത്ത് പടിക്കൽ (23 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32), ലോകേഷ് രാഹുൽ (15 പന്തിൽ 22), രോഹൻ കദം (28 പന്തിൽ 35), കരുൺ നായർ (എട്ടു പന്തിൽ 17) എന്നിവരുടെ ഉറച്ച പിന്തുണയും കർണാടകയ്ക്ക് കരുത്തായി. ഗോൾഡൻ ഡക്കായ മായങ്ക് അഗർവാൾ മാത്രമാണ് നിരാശപ്പെടുത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിന് 27 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 44 റൺസെടുത്ത വിജയ് ശങ്കറിന്റെ പ്രകടനമാണ് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകിയത്. ബാബ അപരാജിത് (25 പന്തിൽ 40), വാഷിങ്ടൺ സുന്ദർ (19 പന്തിൽ 24), ദിനേഷ് കാർത്തിക് (16 പന്തിൽ 20), ഷാരൂഖ് ഖാൻ (11 പന്തിൽ 16), ഹരി നിശാന്ത് (12 പന്തിൽ 14), രവിചന്ദ്രൻ അശ്വിൻ (ഒൻപതു പന്തിൽ പുറത്താകാതെ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

English Summary: Karnataka vs Tamil Nadu, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com