sections
MORE

ധവാന്റെ പകരക്കാരനല്ലേ, സഞ്ജുവിനെ ഓപ്പൺ ചെയ്യിക്കണമെന്ന് പരിശീലകൻ

biju-sachin-sanju
കേരള താരങ്ങളായ സച്ചിൻ ബേബി, സഞ്ജു സാംസൺ എന്നിവർക്കൊപ്പം ബിജു ജോർജ് (ഇടത്). (ഫെയ്‌സ്ബുക് ചിത്രം)
SHARE

തിരുവനന്തപുരം∙ ഓപ്പണർ ശിഖർ ധവാന് പരുക്കേറ്റ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലേക്കു മടക്കിവിളിച്ച മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിൻഡീസിനെതിരെ ഓപ്പണറായി പരീക്ഷിക്കണമെന്ന് താരത്തിന്റെ ബാല്യകാല പരിശീലകൻ ബിജു ജോർജ്. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിജു മനസ്സു തുറന്നത്. 2007ൽ 14–ാം വയസ്സു മുതൽ ബിജു ജോർജിനു കീഴിലാണ് സഞ്ജുവിന്റെ പരിശീലനം. ‘വിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരം മുതൽ സഞ്ജുവിന് അവസരം നൽകണം. ശിഖർ ധവാനു പകരമാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. അതുകൊണ്ട് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ സ‍ഞ്ജുവിനെ തന്നെ നിയോഗിക്കണം. ആത്മവിശ്വാസവും ആധിപത്യവുമാണ് സഞ്ജുവിന്റെ വിജയമന്ത്രം’ – ബിജു ജോർജ് പറഞ്ഞു.

‘ഒടുവിൽ സഞ്ജുവിന്റെ സമയം തെളിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അണ്ടർ 19 കാലഘട്ടം മുതൽ നോക്കിയാൽ തന്നെ സഞ്ജുവിനെ വിടാതെ പിടികൂടിയിരിക്കുന്ന നിർഭാഗ്യം കാണാം. മികച്ച പ്രകടനങ്ങൾ ആവർത്തിച്ചിട്ടും അവൻ തുടർച്ചയായി അവഗണിക്കപ്പെട്ടു. എങ്കിലും തോറ്റുപിൻമാറാൻ സഞ്ജു ഒരുക്കമായിരുന്നില്ല. മുന്നോട്ടു പോകുന്തോറും റൺസ് നേടാനുള്ള അവന്റെ ആഗ്രഹം വർധിച്ചതേയുള്ളൂ. ആഭ്യന്തര ക്രിക്കറ്റിലായാലും ഐപിഎല്ലിലായാലും അത് അങ്ങനെതന്നെ. ഈ സമയത്തെല്ലാം അവൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. മണിക്കൂറുകളോളം ബാറ്റിങ് മെച്ചപ്പെടുത്താൻ ചെലവഴിച്ചു. വിക്കറ്റ് കീപ്പിങ് മികവ് വർധിപ്പിക്കാനും സമയം കണ്ടെത്തി’ – ബിജു ജോർജ് ചൂണ്ടിക്കാട്ടി.

‘ഒരു രഞ്ജി മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം ഓർമവരുന്നു. വളരെ മോശം വിക്കറ്റായിരുന്നു അത്. അന്ന് ബോളർ സ‍ഞ്ജുവിനെതിരെ ഷോർട്ട് ബോൾ പരീക്ഷിച്ചു. പുൾഷോട്ടിനുള്ള ശ്രമം പരാജയപ്പെട്ട് സഞ്ജു പുറത്തായി. രണ്ടാം ഇന്നിങ്സിലും സമാനമായ പന്തിൽ സഞ്ജുവിനെ കുരുക്കാൻ എതിർ ടീം ബോളർ ശ്രമിച്ചു. ആ പന്ത് ബൗണ്ടറി കടത്തിയായിരുന്നു സഞ്ജുവിന്റെ മറുപടി. അന്ന് എഴുപതുകളിലാണ് സഞ്ജു പുറത്തായത്. കളിയോടുള്ള സഞ്ജുവിന്റെ മനോഭാവം വ്യക്തമാക്കുന്നുണ്ടിത്. കാര്യങ്ങൾ വേഗം പഠിച്ചെടുക്കാനും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടാനുമുള്ള പ്രത്യേക കഴിവ് സഞ്ജുവിനുണ്ട്’ – ബിജു ജോർജ് പറഞ്ഞു.

‘ബോളർക്കു മേൽ ആധിപത്യം പുലർത്തുന്ന ശൈലിയാണ് സഞ്ജുവിന്റേത്. കുട്ടിക്കാലം മുതലേ സഞ്ജുവിന്റെ ബാറ്റിങ് ഞാൻ കാണുന്നതാണ്. ഇന്ന് ഒരു സമ്പൂർണ ബാറ്റ്സ്മാനായി അവൻ മാറിക്കഴിഞ്ഞു. പഠിച്ചുകൊണ്ടേയിരിക്കുക എന്നതാണ് എന്നും സഞ്ജുവിന്റെ രീതി. ആത്മവിശ്വാസവും എതിരാളിക്കുമേലുള്ള ആധിപത്യവുമാണ് സഞ്ജുവിനെ മുന്നോട്ടു നയിക്കുന്നത്.’

മികച്ച പ്രകടനങ്ങൾ പലകുറി കാഴ്ചവച്ചിട്ടും സിലക്ടർമാർ സഞ്ജുവിനെ അവഗണിച്ചതായി ബിജു ജോർജ് ചൂണ്ടിക്കാട്ടി. പലപ്പോഴും ഐപിഎല്ലിലെ പ്രകടനം ആധാരമാക്കിയാണ് താരങ്ങളെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കുന്നത്. അവിടെപ്പോലും സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ടീം മാനേജ്മെന്റാണ്. താരങ്ങളെ തിരഞ്ഞെടുക്കുന്നത് അവരാണ്. ഒരു കളിയിലെങ്കിലും അവന് അവസരം നൽകണമെന്നാണ് എന്റെ അഭിപ്രായം’ – ബിജു ജോർജ് പറഞ്ഞു.

ഋഷഭ് പന്തിന്റെ പ്രകടനത്തെ വിലയുത്താൻ താൻ ആളല്ലെന്നും ബിജു ജോർജ് പറഞ്ഞു. അതിന് സിലക്ടർമാരുണ്ട്. എങ്കിലും ലോകോത്തര നിലവാരമുള്ള ബോളർമാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള, വിക്കറ്റ് കീപ്പറാകാനും ഏതു സ്ഥാനത്തും ഫീൽഡ് ചെയ്യാനും കഴിവുള്ള ഒരാളെ വെറുതെയങ്ങ് അവഗണിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞെന്നേയുള്ളൂ. ഇക്കാര്യത്തിൽ ആരെയും പ്രത്യേകം പിന്തുണയ്ക്കാനില്ല. പന്തായാലും സഞ്ജുവായാലും രാഹുലായാലും എല്ലാവർക്കും തുല്യം അവസരം നൽകണം. തുല്യ പിന്തുണയും ഉറപ്പാക്കണം’ – ബിജു ജോർജ് വ്യക്തമാക്കി.

English Summary: Sanju Samson should open against West Indies in the T20I series, says his childhood coach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA