sections
MORE

ജയിക്കും മുൻപേ ആഘോഷം, പിന്നെ തോറ്റു; റഹിമിന്റെ വഴിയേ നാണംകെട്ട് അശ്വിൻ

ashwin-rahim
കർണാടകയ്‌ക്കെതിരായ മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ, ഇന്ത്യയ്‌ക്കെതിരെ മുഷ്ഫിഖുർ റഹിം.
SHARE

സൂറത്ത്∙ ‘കൗതുകം ലേശം കൂടുതലാ... മാപ്പാക്കണം' – ടൊവീനോ തോമസ് നായകനായ ഗോദ എന്ന ചിത്രത്തിൽ ഹരീഷ് കണാരന്റെ പ്രസിദ്ധമായ ഡയലോഗാണിത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്നലെ നടന്ന കർണാടകയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ തമിഴ്നാട് താരം രവിചന്ദ്രൻ അശ്വിന്റെ പ്രകടനം ഓർമിപ്പിച്ചത് ഈ സിനിമാ ഡയലോഗാണ്. ആവേശം അവസാന പന്തുവരെ കൂട്ടിനെത്തിയ കലാശപ്പോരാട്ടത്തിനിടെ അശ്വിൻ അണിഞ്ഞത് ‘ബഹുമുഖ’ങ്ങളാണ്. വിക്കറ്റ് നേടിയ ശേഷമുള്ള ആഘോഷത്തിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറിനെ ഓർമിപ്പിച്ചു, അശ്വിൻ. അവസാന ഓവറിലെ ബാറ്റിങ് പ്രകടനത്തിൽ സാക്ഷാൽ മഹേന്ദ്രസിങ് ധോണിയുടെ വഴിയിലായിരുന്നു താരം. പക്ഷേ വൈറലായത് ഇതൊന്നുമല്ല. വിജയമുറപ്പിച്ചെന്ന വിശ്വാസത്തിൽ കൈകൾ ചുഴറ്റി വായുവിലിടിച്ച് അശ്വിൻ നടത്തിയ ആഘോഷം അൽപം കടന്ന കയ്യായിപ്പോയി! മത്സരം കർണാടക ഒരു റണ്ണിനു ജയിച്ചെന്നു മാത്രമല്ല, അശ്വിന്റെ ‘പ്രീ–മച്വർ’ ആഘോഷം വൈറലാവുകയും ചെയ്തു.

ആവേശം വാനോളമുയർന്ന അവസാന ഓവറിലാണ് അശ്വിന് അബദ്ധം പിണഞ്ഞത്. 2016ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‍ക്കെതിരായ മത്സരത്തിൽ വിജയമുറപ്പിച്ചെന്ന് കരുതി ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം ‘നേരത്തേ’ ആഘോഷിച്ച് നാണംകെട്ട സംഭവത്തോടാണ് ആരാധകർ ഈ സംഭവത്തെ ഉപമിച്ചത്. കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിൽ തമിഴ്നാടിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 13 റൺസായിരുന്നു. ക്രീസിൽ അശ്വിനും നോൺ സ്‍‍ട്രൈക്കേഴ്സ് എൻഡിൽ വിജയ് ശങ്കറും. അവസാന ഓവറിലെ സമ്മർദ്ദത്തിനിടെ ആദ്യ പന്ത് അശ്വിൻ സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറിയിലെത്തിച്ചു. മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഫീൽഡിങ് പിഴവിന്റെ കൂടി അകമ്പടിയോടെ രണ്ടാം പന്ത് സ്ക്വയർ ലെഗ്ഗിലൂടെ അശ്വിൻ‌ ബൗണ്ടറിയിലെത്തിച്ചു. താരത്തിന് ഇതിൽപ്പരമൊരു സന്തോഷമുണ്ടോ? കൈകൾ വായുവിൽ ചുഴറ്റി മത്സരം ജയിച്ചതുപോലെയാണ് അശ്വൻ ‘ഇരട്ടഫോർ’ ആഘോഷിച്ചത്. ഗാലറിയിലും തമിഴ്നാട് ആരാധകർ ആവേശത്തിലായി.

എന്നാൽ, തമിഴ്നാടിനായി വിധി കാത്തുവച്ചിരുന്ന ആന്റി ക്ലൈമാക്സ് അടുത്ത നാലു പന്തുകളിൽ വ്യക്തമായി. മൂന്നാം പന്തിൽ റണ്ണെടുക്കാനാകാതെ പോയ അശ്വിൻ, നാലാം പന്തിൽ സിംഗിൾ നേടി. അഞ്ചാം പന്തിൽ ഡബിൾ നേടാനുള്ള ശ്രമത്തിൽ വിജയ് ശങ്കർ റണ്ണൗട്ട്! ഇതോടെ അവസാന പന്തിൽ വിജയത്തിലേക്കു വേണ്ടിയിരുന്നത് മൂന്നു റൺ. ക്രീസിലെത്തിയ മുരുഗൻ അശ്വിന് അവസാന പന്ത് കണക്ട് ചെയ്യാൻ കഴിയാതെ പോയതോടെ അവരുടെ നേട്ടം ഒരു റണ്ണിലൊതുങ്ങി. വിജയമുറപ്പാക്കിയതിനു തൊട്ടുപിന്നാലെ ഇന്ത്യൻ ടീമിൽ അശ്വിന്റെ സഹതാരം കൂടിയായ കർണാടക വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ അശ്വിനെ ‘ട്രോളി’യാണ് വിജയമാഘോഷിച്ചത്. പന്തിനു പിന്നാലെ ഓടി പിച്ചിനു നടുവിലെത്തിയ രാഹുൽ, മുഷ്ടി വായുവിലേക്ക് ചുരുട്ടിയെറിഞ്ഞാണ് വിജയമാഘോഷിച്ചത്. ഇതെല്ലാം കണ്ട് ചുവന്ന മുഖത്തോടെ അശ്വിൻ നിരാശനായി. വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തമിഴ്നാടിനെ വീഴ്ത്തി ഒരു റൺ ജയവുമായി കർണാടക കിരീടം നിലനിർത്തുകയും ചെയ്തു.

∙ ഇടയ്‌ക്കൊരു ‘താഹിർ’, പിന്നെ ‘ധോണി’

മത്സരത്തിലെ ‘അശ്വിൻ വിശേഷ’ങ്ങൾ ഇതുകൊണ്ടും അവസാനിക്കുന്നില്ല. ടോസ് നഷ്ടപ്പെട്ട് കർണാടക ബാറ്റു ചെയ്യുമ്പോഴും കണ്ടു, ചില അശ്വിൻ നമ്പറുകൾ. ഇക്കുറി ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിറിന്റെ പ്രശസ്തമായ വിക്കറ്റ് ആഘോഷം അനുകരിച്ചാണ് അശ്വിൻ വാർത്തകളിൽ ഇടംപിടിച്ചത്. കർണാടക ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് സംഭവം. ഓവറിലെ രണ്ടാം പന്തിൽ അപകടകാരിയായ ലോകേഷ് രാഹുലിനെ അശ്വിൻ പുറത്താക്കി. 15 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത ലോങ് ഓണിൽ മുരുഗൻ അശ്വിനാണ് പിടികൂടിയത്. ആദ്യ പന്ത് സിക്സടിച്ച രാഹുലിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കിയതിന്റെ ആവേശം അശ്വിനിൽ തെളിഞ്ഞുകണ്ടു.

തൊട്ടടുത്ത പന്തിൽ അപകടകാരിയായ മായങ്ക് അഗർവാളിനെയും പുറത്താക്കിയതോടെയാണ് അശ്വിൻ മറ്റൊരു താഹിറായത്. നേരിട്ട ആദ്യ പന്തിൽ അശ്വിനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് അഗർവാൾ കൂടാരം കയറിയത്. ഇതോടെ ആവേശത്തിന്റെ ഉച്ചാസ്ഥിയിലെത്തിയ അശ്വിൻ, താഹിറിനെ അനുസ്മരിപ്പിച്ച് മൈതാനം മുഴുനീളെ ഓടിയാണ് ആഘോഷിച്ചത്.

പിന്നീട് തമിഴ്നാട് ബാറ്റു ചെയ്യുമ്പോൾ ‘ധോണി സ്റ്റൈൽ’ ഫിനിഷിങ്ങിന് സമാനമായ പ്രകടനത്തിലൂടെയും അശ്വിൻ ആരാധകരെ ആവേശത്തിലാഴ്ത്തി. അവസാന ഓവറിൽ വിജയത്തിലേക്കു 13 റൺസ് വേണ്ടിയിരിക്കെ, ആദ്യ രണ്ടു പന്തും അനായാസം ബൗണ്ടറി കടത്തിയ അശ്വിൻ മറ്റൊരു ധോണിയാകുമെന്ന് ആരാധകർ മോഹിച്ചതാണ്. പക്ഷേ, മത്സരത്തിലേക്കു തിരിച്ചെത്തിയ കർണാടക ഒരു റണ്ണിനു വിജയിച്ചു.

∙ അശ്വിന്റെ മുൻഗാമി, മുഷ്ഫിഖുർ

വിജയത്തിന്റെ വക്കിൽ നിൽക്കെ അമിതമായി ആഘോഷിച്ച് പിന്നീട് മത്സരം തോറ്റ് നാണംകെട്ട അശ്വിന് ഇക്കാര്യത്തിൽ ഒരു മുൻഗാമിയുണ്ട്; ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം. 2016ലെ ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയ്ക്കെതിരെ റഹിമിന് അബദ്ധം പിണഞ്ഞത്. അന്ന് ബെംഗളുരൂ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ ഏഴിന് 146 റൺസാണ് ഇന്ത്യ നേടിയത്. അവസാന ഓവറിൽ ഇന്ത്യയുടെ കഥ കഴിക്കുന്ന അട്ടിമറി വിജയത്തിന് ബംഗ്ലാദേശിന് വേണ്ടിയിരുന്നത് 11 റൺസ്. ക്രീസിൽ മഹ്മുദുല്ലയും മുഷ്ഫിക്കർ റഹിമും. ബോളർ ഹാർദിക് പാണ്ഡ്യ.

ആദ്യ ബോളിൽ ഒരു റൺ. പക്ഷേ ഓഫ് സ്റ്റംപിനു പുറത്തേക്കെറിഞ്ഞ രണ്ടാം ബോൾ മുഷ്ഫിക്കർ റഹിമിന്റ ബാറ്റിലേറി വിശ്രമിച്ചത് ബൗണ്ടറിയിൽ. ആർത്തുവിളിച്ച ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗാലറി ശോകമൂകം. അടുത്ത ബോൾ ധോണിയുടെ തലയ്ക്കു മുകളിലൂടെ സ്കൂപ്പ് ചെയ്തതും ബൗണ്ടറി ലൈൻ തൊട്ടു. ഇതോടെ ബംഗ്ലദേശിന്റെ വിജയലക്ഷ്യം മൂന്നു പന്തിൽ രണ്ടു റൺസായി കുറഞ്ഞു. വിജയമുറപ്പിച്ചതിന്റെ ആവേശത്തിൽ റഹിം ആഘോഷവും തുടങ്ങി.

എന്നാൽ, അശ്വിനു പറ്റിയ അതേ അബദ്ധം റഹിമിനും പിണഞ്ഞു. നാലാം ബോളിലും വമ്പൻ അടിക്കു ശ്രമിച്ച മുഷ്ഫിക്കർ(11) മിഡ് വിക്കറ്റിൽ ശിഖർ ധവാന്റെ കൈകളിലൊതുങ്ങി. അടുത്ത ബോളിൽ മഹ്മുദുല്ല ശ്രമിച്ചതും ബൗണ്ടറിക്ക്. കവർ പൊസിഷനിൽ നിന്നും ഓടിയെത്തിയ ജഡേജ കൈവിട്ടെന്നു കരുതിയ ക്യാച്ച് കിടന്നു പിടിച്ചു. ഇന്ത്യൻ ഗാലറികളിൽ വീണ്ടും ആരവം. അവസാന ബോളിൽ ബംഗ്ലാദേശിന് വേണ്ടിയിരുന്നത് രണ്ട് റൺസ്. പാണ്ഡ്യയുടെ ലക്ഷണമൊത്ത ഫുൾ ലെങ്ത് ബോളിൽ ഷുബാഹത്തോ ഹോമിന് ഒന്നും ചെയ്യാനായില്ല. ബോൾ ധോണിയുടെ കൈകളിലൊതുങ്ങി. പക്ഷേ മറുവശത്തു നിന്നു മുസ്താഫിസുർ റഹിം അതിനകം തന്നെ ക്രീസിൽ പാതി ദൂരം പിന്നിട്ടിരുന്നു. കയ്യിൽ കിട്ടിയ ബോൾ എറിയാൻ നിൽക്കാതെ ഓടിക്കയറിയ ധോണി ബോൾ സ്റ്റംപ് ചെയ്തു. റണ്ണൗട്ട്? തീരുമാനം തേർഡ് അംപയറിന്. റീ പ്ലേയിൽ ഭാഗ്യം ഇന്ത്യക്കൊപ്പം. ഒരു റൺസിന്റെ നാടകീയ വിജയം. പരിഹാസപാത്രമായ റഹിം പവലിയനിൽ മുഖംപൊത്തി. ഇന്നലെ സമാനമായ രീതിയിൽ നാണംകെട്ട അശ്വിനായിരുന്നു അന്ന് മാൻ ഓഫ് ദ് മാച്ച് എന്ന കൗതുകം വേറെ.

English Summary: Ashwin does a Tahir, a Mushfiqur, then almost an MS Dhoni: India spinner’s show of emotions lights up Mushtaq Ali final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA