ADVERTISEMENT

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയൻ നായകൻ ടിം പെയ്നെ കാഴ്ചക്കാരനാക്കി കളത്തിൽ സ്റ്റീവ് സ്മിത്ത് ‘സൂപ്പർ ക്യാപ്റ്റൻ’ ചമയുകയാണെന്ന കടുത്ത വിമർശനവുമായി മുൻ ഓസീസ് താരം ഇയാൻ ചാപ്പൽ രംഗത്ത്. മത്സരത്തിനിടെ ടിം പെയ്നെ സാക്ഷിയാക്കി സ്മിത്ത് ഫീൽഡിങ് ക്രമീകരണം നടത്തുന്നത് അസഹനീയമായ കാഴ്ചയാണെന്നും ചാപ്പൽ തുറന്നടിച്ചു. പാക്കിസ്ഥാനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് വിജയവുമായി ഓസ്ട്രേലിയ പരമ്പര തൂത്തുവാരിയതിനു പിന്നാലെയാണ് ചാപ്പലിന്റെ രൂക്ഷവിമർശനം.

ടിം പെയ്നു മുൻപ് ഓസീസ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്തു ചുരണ്ടൽ വിവാദത്തിൽ പിടിക്കപ്പെട്ടതോടെയാണ് തൽസ്ഥാനത്തുനിന്ന് പുറത്തായത്. ഒരു വർഷത്തെ വിലക്കിനുശേഷം ഓപ്പണർ ഡേവിഡ് വാർണറിനൊപ്പം സ്മിത്തും ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിശ്ചിത കാലത്തേക്ക് സ്മിത്തിനെ പരിഗണിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് അടുത്ത വർഷം ഏപ്രിലിനുശേഷമേ സ്മിത്തിന് ക്യാപ്റ്റൻ സ്ഥാനത്ത് തിരികെ എത്താനാകൂ. മാത്രമല്ല, ഇത്തരം ചുമതലകൾ ഏറ്റെടുക്കുന്നതിൽനിന്ന് വാർണറിനെ ആജീവനാന്തം വിലക്കുകയും ചെയ്തു.

 ഈ സാഹചര്യത്തിലാണ് സ്മിത്ത് ഓസ്ട്രേലിയയുടെ സൂപ്പർ ക്യാപ്റ്റൻ ചമയുന്നുവെന്ന ഇയാൻ ചാപ്പലിന്റെ ഗുരുതരമായ ആരോപണം. ‘സ്മിത്ത് ഇടയ്ക്കിടെ ടിം പെയ്നുമായി ഓരോന്നു സംസാരിക്കുന്നത് കാണാം. ഇടയ്ക്ക് ഓരോന്നു ചോദിച്ചശേഷം ഫീൽഡർമാരെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നീക്കിനിർത്തും. ഇതെല്ലാം സത്യത്തിൽ ടിം പെയ്ന്റെ താൽപര്യപ്രകാരമാണോ എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. സ്മിത്തിന്റെ ഈ രീതി വളരെ അരോചകമാണ്’ – ചാപ്പൽ പറഞ്ഞു.

ഓസീസ് ക്യാപ്റ്റൻ ടിം പെയ്നെ അപമാനിക്കുന്നതിനു തുല്യമാണ് സ്മിത്തിന്റെ പ്രവൃത്തിയെന്ന് ചാപ്പൽ തുറന്നടിച്ചു. ‘ഇത്തരം പ്രവൃത്തികൾ സാധാരണ ഗതിയിൽ ഇംഗ്ലണ്ട് ടീമിലാണ് കാണാറുള്ളത്. ക്യാപ്റ്റനെ സാക്ഷിനിർത്തി മറ്റു താരങ്ങൾ ഇടയ്ക്കിടെ ഫീൽഡിങ് ക്രമീകരണമൊക്കെ നടത്തും’ – ചാപ്പൽ പറഞ്ഞു.

അതേസമയം, ചാപ്പലിന്റെ ആരോപണം സ്മിത്ത് തള്ളിക്കളഞ്ഞു. ടീമിന്റെ നന്മയ്ക്കായി ക്യാപ്റ്റനെ സഹായിക്കാൻ മാത്രമാണ് തന്റെ ശ്രമമെന്ന് സ്മിത്ത് വിശദീകരിച്ചു. ‘എന്റെ കഴിവിന്റെ പരമാവധി പെയ്നെ സഹായിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനമാണ് പെയ്നിന്റേത്. പക്ഷേ ഇടയ്ക്ക് എന്റേതായ ചില അഭിപ്രായങ്ങൾ പെയ്നോടു പറയാറുണ്ട്. ടീമിനു നല്ലതു വരണമെന്ന് മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. അല്ലാതെ ക്യാപ്റ്റനെ മോശക്കാരനാക്കാൻ നോക്കിയിട്ടില്ല’ – സ്മിത്ത് പറഞ്ഞു.

English Summary: Ian Chappell has questioned Steve Smith's actions during the recently concluded Adelaide Test vs Pakistan wherein the latter was seen moving fielders around - an act which the former captain thinks amounted to undermining current skipper Tim Paine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com