ADVERTISEMENT

മുംബൈ∙ ദേശീയ ക്രിക്കറ്റ് ടീം സിലക്ടർമാർക്ക് നാലു വർഷത്തെ കാലാവധി തന്നെ അധികമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ നിലവിലെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന് തൽസ്ഥാനത്ത് തുടരാനാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, സിലക്ഷൻ കമ്മിറ്റിയിലെ മറ്റ് നാല് അംഗങ്ങളിൽ സെൻട്രൽ സോണിൽനിന്നുള്ള ഗഗൻ ഖോഡ ഒഴികെയുള്ളവർക്ക് തുടരാവുന്ന സാഹചര്യമാണുള്ളത്. ജതിൻ പരാഞ്ജ്പെ (വെസ്റ്റ് സോൺ), ശരൺദീപ് സിങ് (നോർത്ത്), ദേവാങ് ഗാന്ധി (ഈസ്റ്റ്) എന്നിവർ 2016ലാണ് സിലക്ഷൻ കമ്മിറ്റി അംഗങ്ങളായത്.

നേരത്തെ, സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ കാലയളവിൽ സിലക്ടർമാരുടെ കാലാവധി നാലിൽനിന്ന് അഞ്ചു വർഷമാക്കി ദീർഘിപ്പിച്ചിരുന്നു. 2015ൽ മാത്രം സിലക്ഷൻ കമ്മിറ്റിയിലെത്തിയ എം.എസ്.കെ. പ്രസാദിന് ഇതോടെ ഒരു വർഷം കൂടി തുടരാനുള്ള സാഹചര്യവുമൊരുങ്ങിയതാണ്. എന്നാൽ, നാലു വർഷം തന്നെ സിലക്ടർമാർക്ക് അധികമാണെന്ന് വ്യക്തമാക്കിയ ഗാംഗുലിയുെട നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി, ഇത് മൂന്നു വർഷമാക്കി ചുരുക്കുന്നതിനെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

അങ്ങനെയെങ്കിൽ പ്രസാദിനും ഖോഡെയ്ക്കും പുറമെ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും സ്ഥാനമൊഴിയേണ്ടി വരും. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥിരം വിവാദങ്ങളിൽ ചാടുന്ന ഇപ്പോഴത്തെ സിലക്ഷൻ കമ്മിറ്റിയെ നീക്കാനാണ് പുതിയ ഭരണസമിതിക്കു താൽപര്യമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. അങ്ങനെയെങ്കിൽ സിലക്ടർമാരുടെ കാലാവധി മൂന്നു വർഷമാക്കി നിജപ്പെടുത്തി (കുറഞ്ഞപക്ഷം പ്രസാദിന്റെയും സംഘത്തിന്റെയും കാര്യത്തിലെങ്കിലും) പുതിയ സിലക്ഷൻ കമ്മിറ്റിയെ നിയോഗിക്കാനാകും ശ്രമം.

‘നാലു വർഷത്തെ കാലാവധി തന്നെ ഐസിസി ലോകകപ്പുകൾ മുൻനിർത്തി തീരുമാനിച്ചതാണെന്ന്’ ഒരു ദേശീയ മാധ്യമത്തോട് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അത് മുൻപത്തെ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഗാംഗുലി, ടീം തിരഞ്ഞെടുപ്പ് കൂടുതൽ സജീവമാക്കുന്നതിന് മൂന്നുവർഷം കൂടുമ്പോൾ സിലക്ടർമാരെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും അറിയിച്ചിരുന്നു.

അതേസമയം, പ്രസാദിനു പകരം ആരാകും പുതിയ സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്ന കാര്യം ഇനിയും വ്യക്തമല്ല. താരതമ്യേന രാജ്യാന്തര മത്സര പരിചയം കുറഞ്ഞ നിലവിലെ കമ്മിറ്റിക്കെതിരെ പലപ്പോഴും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ, പരിചയ സമ്പന്നരായ മുൻതാരങ്ങളെ ആരെയെങ്കിലും അടുത്ത തവണ ചെയർമാനാക്കാനാണ് ബിസിസിഐയ്ക്കു താൽപര്യം. തമിഴ്നാട്ടുകാരനായ ലക്ഷ്മൺ ശിവരാമന്റെ പേര് ചർച്ചകളിൽ സജീവമാണ്. അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ ഒൻപതു ടെസ്റ്റുകളും 16 ഏകദിനങ്ങവും മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

മുൻ സിലക്ടറായ ദിലീപ് വെങ്സർക്കാരാണ് ചർച്ചകളിലെ മറ്റൊരു പേര്. മുൻപ് സിലക്ടറായിരുന്ന സമയത്ത് കാലാവധി പൂർത്തിയാക്കാതെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഈ സാഹചര്യത്തിൽ ചീഫ് സിലക്ടറായി അദ്ദേഹത്തെ പുനർനിയമിക്കാനുള്ള സാധ്യതയും ഏറെയാണ്.

English Summary: MSK Prasad and his selection panel's tenure is over, says BCCI prez Sourav Ganguly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com