ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യയുടെ ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ, യുഎസ് ബഹിരാകാശ ഏജൻസിക്കു മുന്നിൽ ‘പ്രത്യേക അഭ്യർഥന’യുമായി ഐപിഎൽ ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. ട്വിറ്ററിലൂടെയാണ് റോയൽ ചാലഞ്ചേഴ്സ് അധികൃതർ നാസയ്ക്കു മുന്നിൽ ഈ ‘പ്രത്യേക അഭ്യർഥന’ നടത്തിയത്. റോയൽ ചാലഞ്ചേളഴ്സ് തമാശയ്ക്കു നടത്തിയ അഭ്യർഥന സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

ചാന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനു പിന്നാലെ ജൂലൈ 24ന് ട്വിറ്ററിൽ കുറിച്ച അഭിനന്ദന സന്ദേശം, റീട്വീറ്റ് ചെയ്ത് റോയൽ ചാലഞ്ചേഴ്സ് മുന്നോട്ടുവച്ച അഭ്യർഥന ഇങ്ങനെ:

‘വിക്രം ലാൻഡർ കണ്ടെത്തിയ നാസ ടീമിന് എബിഡിയും (എ.ബി. ഡിവില്ലിയേഴ്സ്) വിരാടും (വിരാട് കോലി) പറത്തിവിട്ട പന്തുകൾ കണ്ടെത്താൻ ഞങ്ങളെ സഹായിക്കാനാകുമോ?’

എന്തായാലും ഈ ട്വീറ്റ് ആരാധകർ ഏറ്റെടുത്തതോടെ പണികിട്ടിയത് റോയൽ ചാലഞ്ചേഴ്സിനാണ്. വലിയൊരു സംഭവമെന്ന മട്ടിൽ അവതരിപ്പിച്ച ഈ ട്വീറ്റിനെ ട്രോളുന്ന മറുപടികളാണ് ആരാധകരിലേറെയും ട്വിറ്ററിൽ കുറിച്ചത്. ‘ആദ്യം ഐപിഎൽ കിരീടം കണ്ടെത്താൻ സഹായം തേടാനായിരുന്നു’ ഒരു ആരാധകന്റെ ഉപദേശം (ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാത്ത ചുരുക്കം ടീമുകളിലൊന്നാണ് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ).

‘ഐപിഎല്ലിൽ കളി ജയിക്കാനുള്ള വഴി കണ്ടെത്തിത്തരാനാ’ണ് ആവശ്യപ്പെടേണ്ടതെന്ന് മറ്റൊരു ആരാധകൻ കുറിച്ചു. 

‘കോലിയും ഡിവില്ലിയേഴ്സും അടിച്ച പന്തുകൾ കിട്ടിയേക്കാം. ധോണി അടിച്ച പന്തുകൾ അന്വേഷിക്കാൻ പറഞ്ഞാൽ അവർ ബുദ്ധിമുട്ടുമെന്ന്’ കുറിച്ച് ക്ലബ് വൈരം ഈ ട്വീറ്റിലേക്ക് കൊണ്ടുവന്ന ആരാധകരുമുണ്ട്.

‘നല്ലൊരു ബോളറെ കണ്ടെത്താൻ വല്ല വഴിയുമുണ്ടോയെന്ന് നാസയോടു ചോദിക്കൂ’ എന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. 

‘പന്തു പെറുക്കാൻ നടക്കാതെ ഐപിഎൽ ട്രോഫി കിട്ടാനുള്ള വഴി തേടൂ’ എന്ന് ഉപദേശിച്ച ആരാധകനുമുണ്ട്. ‘കോലിയും ഡിവില്ലിയേഴ്സും അടിച്ച പന്ത് മിക്കവാറും സ്ലിപ്പിലെ ഫീൽഡറുടെ കയ്യിൽ കാണു’മെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ‘റോയൽ ചാലഞ്ചേഴ്സ് താരങ്ങളുടെ പരിശീലനത്തിനിടെ സ്വന്തം ബോളർമാരെ നേരിട്ടപ്പോൾ അടിച്ച പന്താണോ കാണാതെ പോയതെന്നാ’യിരുന്നു മറ്റൊരു ആരാധകന്റെ അന്വേഷണം.

English Summary: RCB makes hilarious plea to team which located Vikram Lander and Gets Trolled Brutally.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com