ADVERTISEMENT

അഡ്‌ലെയ്ഡ്∙ സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് നിര ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോലി. താരതമ്യേന പേസ് ബോളർമാരെ തുണയ്ക്കാത്ത ഇന്ത്യൻ പിച്ചുകളിൽ കഴിഞ്ഞ പരമ്പരകളിലെല്ലാം ഇഷാന്ത്  ശർമ – ഉമേഷ് യാദവ് – മുഹമ്മദ് ഷമി ത്രയം കാഴ്ചവച്ച അസാമാന്യ പ്രകടനങ്ങളുടെ പിൻബലത്തിലാണ് ഇന്ത്യയുടെ ബോളിങ് നിരയാണ് ലോകത്തിലെ ഏറ്റവും മികച്ചത് എന്ന കോലിയുടെ അവകാശ വാദം. സമീപകാല ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനം കോലിയുടെ അവകാശവാദത്തെ സാധൂകരിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ, ഇന്ത്യൻ ബോളിങ് നിരയേക്കാൾ ഒരുപടി മുന്നിൽ ഓസീസ് ബോളർമാരാണെന്ന തിരുത്തുമായി രംഗത്തുവന്നിരിക്കുകയാണ് മുൻ ഓസീസ് ക്യാപ്റ്റൻ കൂടിയായ റിക്കി പോണ്ടിങ്. ഇന്ത്യൻ ബോളിങ് ആക്രമണത്തെ വിലകുറച്ചു കാണുന്നില്ലെന്ന് പറഞ്ഞ പോണ്ടിങ്, കൂടുതൽ വൈവിധ്യമാർന്ന ബോളിങ് നിര ഓസീസിന്റേതാണെന്ന് അവകാശപ്പെട്ടു.

‘ഇന്ത്യയുടെ ബോളിങ് നിര തീർച്ചയായും മികച്ചതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബുമ്ര, ഷമി എന്നിവരുടെ ബോളിങ് പ്രകടനം ഉജ്വലമാണ്. ഇവർക്കൊപ്പം ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവർ കൂടി ചേരുമ്പോൾ ആ ബോളിങ് നിരയുടെ ലെവൽ തന്നെ മാറും. തീർച്ചയായും മികച്ചൊരു പേസ് ബോളിങ് യൂണിറ്റാണ് അത്. മാത്രമല്ല രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാർ കൂടി ചേരുന്നതോടെ ഇന്ത്യൻ ബോളിങ് ആക്രമണത്തിന് കൂടുതൽ മൂർച്ച കൈവരുന്നു’ – പോണ്ടിങ് പറഞ്ഞു.

‘പക്ഷേ, ഇന്ത്യൻ സ്പിന്നർമാർക്ക് ഓസീസ് മണ്ണിൽ അത്ര മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായില്ലെന്നത് ഒരു വസ്തുതയാണ്. ഇന്ത്യൻ സ്പിന്നർമാരേക്കാൾ ഒരുപടി മുന്നിൽ ഓസീസ് സ്പിന്നർ നേഥൻ ലയോണാണ്. മാത്രമല്ല, ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ സാന്നിധ്യം ഓസീസ് ബോളിങ് നിരയ്ക്ക് നൽകുന്ന വൈവിധ്യവും ഇന്ത്യൻ ബോളിങ് യൂണിറ്റിനില്ല (ഇന്ത്യൻ ബോളിങ് നിരയിൽ ഇടംകയ്യൻമാരില്ല). അതുകൊണ്ടുതന്നെ ഇന്ത്യയെ അപേക്ഷിച്ച് ഈ ഓസീസ് ബോളിങ് യൂണിറ്റ് ഒരുപടി മുന്നിലാണെന്ന് ഞാൻ കരുതുന്നു’ – പോണ്ടിങ് വിശദീകരിച്ചു.

പാക്കിസ്ഥാനെതിരായ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു പിന്നാലെയാണ് ഓസീസ് ബോളിങ് നിരയാണ് ഇന്ത്യയുടേതിനേക്കാൾ മെച്ചമെന്ന പോണ്ടിങ്ങിന്റെ നിരീക്ഷണം. പാക്കിസ്ഥാനെ ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും അഞ്ചു റൺസിനും തോൽപ്പിച്ച ഓസീസ്, അഡ്‌ലെയ്‌ഡിൽ നടന്ന ഡേ–നൈറ്റ് ടെസ്റ്റ് ഇന്നിങ്സിനും 48 റൺസിനുമാണ് ജയിച്ചത്.

മറുവശത്ത് ബംഗ്ലദേശിനെതിരെ സമാനമായ പ്രകടനമായിരുന്നു ഇന്ത്യയുടേതും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇരട്ട ഇന്നിങ്സ് വിജയങ്ങളോടെയാണ് ഇന്ത്യ തൂത്തുവാരിയത്. അതിൽ കൊൽക്കത്തയിൽ നടന്ന ആദ്യ ഡേ–നൈറ്റ് ടെസ്റ്റും ഉൾപ്പെടുന്നു. മാത്രമല്ല, ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ രണ്ട് ഇന്നിങ്സ് ജയങ്ങൾ സഹിതം തുടർച്ചയായി നാല് ഇന്നിങ്സ് ജയങ്ങൾ കുറിച്ച് ഇന്ത്യ പുതിയ റെക്കോർഡും സ്ഥാപിച്ചു.

English Summary: Australia Has Better Bowling Attack Than India in Tests: Ricky Ponting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com