ADVERTISEMENT

വിജയവാഡ∙ മഴമൂലം കളി നിർത്തിവച്ചുവെന്ന് നമ്മൾ കേട്ടിട്ടുണ്ട്. വെളിച്ചക്കുറവ്, മോശം കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാലും കളി വൈകുന്നതും നിർത്തിവയ്ക്കുന്നതും പതിവാണ്. എന്നാൽ, രഞ്ജി ട്രോഫിയിൽ പുതിയ സീസണിനു തുടക്കമായ ഇന്ന് ആന്ധ്രാപ്രദേശും വിദർഭയും തമ്മിലുള്ള മത്സരം തുടങ്ങാൻ വൈകിയത് ഈ കാരണങ്ങളാലൊന്നുമല്ല. സമയം അതിക്രമിച്ചിട്ടും മത്സരം തുടങ്ങാൻ വൈകിയതോടെ കാരണം വെളിപ്പെടുത്തി ബിസിസിഐ ട്വീറ്റ് ചെയ്തു:

‘SNAKE STOPS PLAY' – നിങ്ങൾ വായിച്ചത് ശരിയാണ്. ‘പാമ്പ് കളി തടസ്സപ്പെടുത്തി’.

വിജയവാഡയിലെ ആന്ധ്രാപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് ആന്ധ്രാപ്രദേശും വിദർഭയും തമ്മിലുള്ള മത്സരം വൈകിച്ച് ‘ക്ഷണിക്കപ്പെടാത്ത അതിഥി’യായി ഒരു പാമ്പെത്തിയത്. ഇതോടെ മത്സരം തുടങ്ങുന്നത് അനിശ്ചിതമായി നീണ്ടു. മത്സരത്തിൽ ടോസ് നേടിയ വിദർഭ ഫീൽഡ് ചെയ്യാൻ തീരുമാനിച്ച് അധികം വൈകും മുൻപാണ് കളത്തിൽ പാമ്പിനെ കണ്ടത്. ഇതോടെ അംപയർമാർ മത്സരം നിർത്തിവച്ചു. തുടർന്ന് ഗ്രൗണ്ട് സ്റ്റാഫ് എത്തി പാമ്പിനെ ഗ്രൗണ്ടിൽനിന്ന് ഓടിച്ചശേഷമാണ് മത്സരം തുടങ്ങിയത്.

ഈ സംഭവത്തിന്റെ വിഡിയോ ബിസിസിഐ അവരുടെ ആഭ്യന്തര മത്സരങ്ങൾക്കുള്ള ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ‘പാമ്പ് കളി തടസ്സപ്പെടുത്തി. കളത്തിൽ അപ്രതീക്ഷിതമായി എത്തിയൊരു അതിഥി മത്സരം വൈകിച്ചു’ – എന്നായിരുന്നു ട്വീറ്റ്.

രഞ്ജി ട്രോഫിയിൽ ഗ്രൗണ്ടിൽ പാമ്പിനെ കണ്ടതുകൊണ്ട് മത്സരം നിർത്തിവയ്ക്കുന്നത് ഇത് ആദ്യ സംഭവമല്ല. 2015ൽ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ബംഗാളും വിദർഭയും തമ്മിലുള്ള മത്സരവും ഇതേ കാരണത്താൽ നിർത്തിവച്ചിരുന്നു.

എന്തായാലും വിദർഭയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രാപ്രദേശ്, 74 ഓവറിൽ 211 റൺസിന് എല്ലാവരു പുറത്തായി. അർധസെഞ്ചുറി നേടിയ ദേശീയ ടീം താരം കൂടിയായ ഹനുമ വിഹാരിയാണ് ആന്ധ്രയുടെ ടോപ് സ്കോറർ. 155 പന്തുകൾ നേരിട്ട വിഹാരി 83 റൺസെടുത്തു. 18 ഓവറിൽ 50 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുത ആദിത്യ സർവാതെയാണ് ആന്ധ്രയെ തകർത്തത്. രജനീഷ് ഗുർബാനി മൂന്നു വിക്കറ്റ് പിഴുതു. മറുപടി ബാറ്റിങ് ആരംഭിച്ച വിദർഭ ഒന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 26 റൺസെന്ന നിലയിലാണ്.

English Summary: Snake delays the Ranji Trophy match between Andhra Pradesh and Vidarbha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com