ADVERTISEMENT

കറാച്ചി∙ നിഷ്പക്ഷ വേദികളിൽ ഹോം മത്സരങ്ങൾ കളിക്കുന്ന പതിവ് പാക്കിസ്ഥാൻ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രസിഡന്റ് എഹ്സാൻ മാനി. ഇനിമുതൽ പാക്കിസ്ഥാനെതിരെ കളിക്കാൻ താൽപര്യമുള്ള ടീമുകൾ ഇവിടേക്കു വരണമെന്നും മാനി വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായാണ് പിസിബി പ്രസിഡന്റിന്റെ പ്രഖ്യാപനം. ഏതാണ്ട് ഒരു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് പാക്ക് മണ്ണിൽ രാജ്യാന്തര ടെസ്റ്റ് മത്സരം തിരികെയെത്തുന്നത്. ബുധനാഴ്ച മുതൽ റാവൽപിണ്ടിയിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 19–ാം തീയതി കറാച്ചിയിൽ ആരംഭിക്കും.

‘ഇനിമുതൽ പരമ്പരയ്ക്കായി മറ്റു രാജ്യങ്ങളെ ഞങ്ങൾ പാക്കിസ്ഥാനിലേക്കു ക്ഷണിക്കും. പാക്കിസ്ഥാൻ സുരക്ഷിതമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഞങ്ങളും ക്രിക്കറ്റ് കളിക്കുന്നവർ തന്നെയാണ്. ഇനി പാക്കിസ്ഥാനോടു കളിക്കാൻ താൽപര്യമുള്ളവർ ഇവിടേക്കു വരണം’ – എഹ്സാൻ മാനി വ്യക്തമാക്കി.

ഏറ്റവും ഒടുവിൽ പാക്കിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിച്ച ടീം ശ്രീലങ്ക തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. 2009ൽ ആയിരുന്നു ഇത്. അന്ന് ലഹോറിലെ ടെസ്റ്റ് മത്സരത്തിനിടെ ശ്രീലങ്കൻ ടീം ബസിനുനേരെ ഭീകരാക്രണം നടന്നതോടെയാണ് രംഗം മാറിയത്. എട്ടു പേർ കൊല്ലപ്പെട്ട ആക്രമണത്തിൽനിന്ന് ശ്രീലങ്കൻ താരങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിനുശേഷം മറ്റു ടീമുകളൊന്നും ഇതുവരെ പാക്കിസ്ഥാനിലേക്ക് ടെസ്റ്റ് പരമ്പരയ്ക്കായി പോയിട്ടില്ല.

ഇതോടെ ടീമിന്റെ ഹോം മത്സരങ്ങളെല്ലാം തുടർന്ന് യുഎഇയിലാണ് നടത്തിയിരുന്നത്. ഇതിനിടെ കഴിഞ്ഞ നാലു വർഷത്തിനിടെയാണ് പാക്കിസ്ഥാനിലേക്ക് രാജ്യാന്തര ക്രിക്കറ്റ് തിരികെ കൊണ്ടുവരാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമം തുടങ്ങിയത്. സിംബാബ്‌വെ, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകളെ ലിമിറ്റഡ് ഓവർ മത്സരങ്ങൾക്കായി പിസിബി പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചതും ഇതിന്റെ ഭാഗമായിരുന്നു. ഇടയ്ക്ക് ലോക ഇലവനുമായും മത്സരം നടത്തി. മൂന്നു മാസം മുൻപ് പാക്കിസ്ഥാനിൽ ഏകദിന, ട്വന്റി20 പരമ്പരകൾ കളിച്ചതിന്റെ ബാക്കിയായാണ് ഇപ്പോൾ ടെസ്റ്റ് പരമ്പരയ്ക്കായും ശ്രീലങ്കൻ ടീം ഇവിടെ എത്തിയിരിക്കുന്നത്. അന്ന് ഏകദിന പരമ്പര പാക്കിസ്ഥാനും ട്വന്റി20 പരമ്പര ശ്രീലങ്കയുമാണ് നേടിയത്.

പാക്കിസ്ഥാനേക്കുറിച്ച് മറ്റു രാജ്യങ്ങളിലുള്ളവർ ധരിച്ചുവച്ചിരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും എഹ്സാൻ മാനി ചൂണ്ടിക്കാട്ടി. ‘പാക്കിസ്ഥാനേക്കുറിച്ച് ആളുകൾക്കുള്ള ധാരണയും യാഥാർഥ്യവും തമ്മിൽ വളരെയേറെ അന്തരമുണ്ട്. കുറഞ്ഞപക്ഷം കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനിടെ ഇക്കാര്യത്തിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്’ – എഹ്സാൻ മാനി പറഞ്ഞു.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെയും രാജ്യാന്തര ക്രിക്കറ്റ് താരങ്ങളുടെ സംഘടനയുടെയും പ്രതിനിധികൾ കഴിഞ്ഞ ആറു മാസത്തിനിടെ പാക്കിസ്ഥാനിൽ സന്ദർശനത്തിനെത്തിയിരുന്നു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളുമായി താൻ ചർച്ച നടത്തിയെന്നും 2021ൽ ഇംഗ്ലണ്ടും 2022ൽ ഓസ്ട്രേലിയയും ഇവിടെ പര്യടനത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്നും  മാനി പറഞ്ഞു.

English Summary: If you want to play against Pakistan, you have to come to Pakistan: Ehsan Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com