ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ ദേശീയ ടീമിൽ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുന്ന മലയാളി താരം സഞ്ജു സാംസണ് കരിയറിലാദ്യമായി ഏകദിന ടീമിലേക്ക് ക്ഷണം കിട്ടുമോ? വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടംപിടിച്ചേക്കും. ഓപ്പണർ ശിഖർ ധവാന്റെ പരുക്കു ഭേദമാകാത്ത സാഹചര്യത്തിലാണിത്.

ഇക്കുറി പക്ഷേ, സഞ്ജുവിനു മുന്നിൽ മത്സരം കടുത്തതാണ്. ടെസ്റ്റിൽ മികച്ച ഫോമിലുള്ള കർണാടക താരം മായങ്ക് അഗർവാൾ, ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ യുവതാരം പഞ്ചാബ് താരം ശുഭ്മാൻ ഗിൽ, ഉത്തേജക വിവാദത്തെ തുടർന്ന് വിലക്കിനുശേഷം കളത്തിലേക്ക് തിരികെയെത്തി ഫോം പ്രകടമാക്കിയ മുംബൈ താരം പൃഥ്വി ഷാ തുടങ്ങിയവരുടെ പേരുകളും ധവാന്റെ പകരക്കാരനാകാനുള്ള ചർച്ചകളിൽ സജീവമാണ്. സഞ്ജു ടീമിനൊപ്പം തുടരുന്ന കാര്യത്തിൽ സിലക്ടർമാർക്ക് എതിർപ്പില്ലെങ്കിലും, ധവാനു പകരം മറ്റൊരു ഓപ്പണറെ പരീക്ഷിക്കണോ എന്ന കാര്യത്തിലാണ് ചർച്ചകൾ.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളിൽ സിലക്ടർമാർ ശിഖർ ധവാനെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇടയ്ക്ക് ഫോം നഷ്ടമായതിനെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയ ധവാന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കായി കളിക്കുമ്പോഴാണ് പരുക്കേറ്റത്. ഇടതു കാൽമുട്ടിലായിരുന്നു പരുക്ക്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അവസരം ലഭിക്കാതെ ടീമിനു പുറത്തായ സഞ്ജു സാംസണ് വീണ്ടും ടീമിലേക്ക് വിളിയെത്തിയത് ഈ സാഹചര്യത്തിലാണ്.

സമാനമായ സ്ഥിതിവിശേഷമാണ് വീണ്ടും ആഗതമായിരിക്കുന്നത്. ധവാന്റെ പരുക്ക് ഭേദമാകാത്ത സാഹചര്യത്തിൽ സിലക്ടർമാർ ഏകദിന ടീമിലേക്കും പകരക്കാരെ തേടുന്ന കാര്യം ബെംഗളൂരു മിററാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും ഇക്കാര്യം ഏറ്റുപിടിച്ചു. വെസ്റ്റിൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഡിസംബർ 15ന് ചെന്നൈയിലാണ് ആദ്യ മത്സരം. രണ്ടാം ഏകദിനം വിശാഖപട്ടണത്തും മൂന്നാം മത്സരം കട്ടക്കിലുമാണ്.

ഏകദിന പരമ്പരയ്ക്ക് സിലക്ടർമാർ പ്രഖ്യാപിച്ച ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ

English Summary: After missing out the T20I series, Shikhar Dhawan is set to be out of the national team for a long time as he fails to recover ahead of the ODI series against West Indies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com