ADVERTISEMENT

മിന്നലടികളിലൂടെ കെ.എൽ.രാഹുലും (56 പന്തിൽ 91) വിരാട് കോലിയും (29 പന്തിൽ 70) രോഹിത് ശർമയും (34 പന്തിൽ 71) തകർത്തടിച്ചപ്പോൾ ഇന്ത്യ പടുത്തുയർത്തിയ 240 റൺസിന്റെ കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ വിൻഡീസ് വീണു. ആദ്യ 4 ഓവറിനുള്ളിൽ 3 വിക്കറ്റ് നഷ്ടമായിട്ടും പതറാതെ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡും (39 പന്തിൽ 68) ഷിമ്രോൺ ഹെറ്റ്മയറും (24 പന്തിൽ 41) പോരാടിയെങ്കിലും വിൻഡീസിന് 67 റൺസ് തോൽവി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, കുൽദീപ് യാദവ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ട്വന്റി20 സ്കോറാണ് ഇന്നലത്തേത്. 3 മത്സര ട്വന്റി20 പരമ്പര 2–1ന് ഇന്ത്യയ്ക്കു സ്വന്തം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച ചെന്നൈയിൽ. സ്കോർ: ഇന്ത്യ 20 ഓവറിൽ 3ന് 240, വിൻഡീസ് 20 ഓവറിൽ 8ന് 173.

മുംബൈ ∙ കഴിഞ്ഞ കളിയിൽ പറ്റിയ ‘കൈപ്പിഴ’യ്ക്കു ബാറ്റുകൊണ്ട് പരിഹാരം ചെയ്യാനുറച്ചാണ് ഇന്ത്യ ഇന്നലെ ക്രീസിലിറങ്ങിയതെന്നു തോന്നിപ്പോയി കാണികൾക്ക്. ആദ്യ ഓവറിലെ 2–ാം പന്ത് കവറിലൂടെ രോഹിത് ശർമ ബൗണ്ടറിയിലേക്കു പറത്തിയതു മുതൽ അവസാന പന്ത് ക്യാപ്റ്റൻ വിരാട് കോലി സിക്സിനു തൂക്കിയതുവരെ ഓരോ നിമിഷവും കാണികൾ ആസ്വദിച്ചു.

ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനു വിട്ട വിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡും സംഘവും ഇന്ത്യൻ ബാറ്റിങ് നിരയുടെ ചൂട് ശരിക്കുമറിഞ്ഞു. സെഞ്ചുറിക്ക് 9 റൺസ് അകലെ കെ.എൽ.രാഹുൽ വീണുപോയതു മാത്രമാണ് ഏക നൊമ്പരം. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവീന്ദ്ര ജഡേജയ്ക്കു പകരം മുഹമ്മദ് ഷമി വന്നു. യുസ്‌വേന്ദ്ര ചെഹലിനു പകരം കുൽദീപ് യാദവും. മലയാളിതാരം സഞ്ജു സാംസൺ ഇന്നലെയും ‘വിശ്രമിച്ചു.’

cricket-champions-india
വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര നേടിയ ഇന്ത്യൻ ടീമംഗങ്ങൾ ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ. ട്രോഫി പിടിച്ചിരിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ

രാ–രോ–വി

ഓപ്പണിങ് വിക്കറ്റിൽ രാഹുലും രോഹിത്തും 135 റൺസാണു കൂട്ടിച്ചേർത്തത്. 23 പന്തിൽ രോഹിത് അർധ സെഞ്ചുറി കടന്നു. വിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് 200നു മുകളിൽ സ്ട്രൈക്ക് റേറ്റോടെ രോഹിത് കുതിച്ചപ്പോൾ വീണ്ടുമൊരു സെഞ്ചുറി പ്രതീക്ഷിച്ചെങ്കിലും കെസ്രിക് വില്യംസിന്റെ പന്തിൽ വമ്പനടിക്കു ശ്രമിച്ച് താരം വീണു. 29 പന്തിൽ അർധ സെഞ്ചുറി തികച്ച രാഹുൽ അനായാസമാണു സ്കോർ ഉയർത്തിയത്.

സെഞ്ചുറിക്കായുള്ള ശ്രമത്തിൽ അവസാന ഓവറിലെ 4–ാം പന്തിൽ കോട്രലിനു മുന്നിൽ രാഹുൽ കീഴടങ്ങി. രോഹിത് മടങ്ങിയപ്പോൾ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ഋഷഭ് പന്ത് വന്നതും പോയതും ഒരുമിച്ചായിരുന്നു. നേരിട്ട 2–ാം പന്തിൽ പന്ത് പൂജ്യത്തിനു പുറത്തായി. കഴിഞ്ഞ മത്സരത്തിൽ തുടക്കത്തിൽ പമ്മിക്കളിച്ച കോലി ഇന്നലെ ആദ്യംമുതലേ ഗിയർ മാറ്റിക്കളിച്ചു. 50 തികയ്ക്കാൻ കോലിക്ക് 21 പന്തുകളേ വേണ്ടിവന്നുള്ളൂ.

സിക്സർ മഴ

വാങ്കഡെയിൽ ഇന്നലെ രാത്രി പെയ്തിറങ്ങിയതു സിക്സർ മഴയായിരുന്നു. ഇന്ത്യ 16 സിക്സറുകൾ നേടിയപ്പോൾ വിൻഡീസ് 12 സിക്സറുകൾ പറത്തി. ഇന്ത്യയ്ക്കായി കോലി 7 സിക്സടിച്ചു മുന്നിലെത്തി. രോഹിത് ശർമ 5 സിക്സും രാഹുൽ 4 സിക്സുമടിച്ചു. വിൻഡീസിനായി 6 സിക്സ് പൊള്ളാർഡ് 5 സിക്സ് ഹെറ്റ്മയറും നേടി. ഒരെണ്ണം കെസ്രിക് വില്യംസിന്റെ വക.
ഫീൽഡിങ്ങിനിടെ കാലിനു പരുക്കേറ്റ വിൻഡീസ് താരം എവിൻ ലൂയിസിനു ബാറ്റിങ്ങിന് ഇറങ്ങാനായില്ല. താരം ആശുപത്രിയിലാണ്.

400 കടന്ന് രോഹിത് ശർമ

ഇന്നലത്തെ ബാറ്റിങ് വെടിക്കെട്ടിനിടെ രാജ്യാന്തര ക്രിക്കറ്റിൽ രോഹിത് ശർമയുടെ സിക്സർ നേട്ടം 400 കടന്നു. ക്രിസ് ഗെയ‍‌്‌ൽ (534), ഷാഹിദ് അഫ്രിദി (476) എന്നിവരാണു സിക്സർ എണ്ണത്തിൽ മുന്നിലുള്ളത്. ഇന്നലത്തെ ഇന്നിങ്സ് കഴിഞ്ഞപ്പോൾ രോഹിത്തിന്റെ സിക്സർ നേട്ടം 404 ആയി.

വീണ്ടും കോലി – വില്യംസ്

koli-action
വില്യംസിനെ ആംഗ്യം കാണിക്കുന്ന കോലി.

കെസ്രിക് വില്യംസിന്റെ വായ തുന്നിക്കെട്ടിയാണു കോലി ഇന്നലെ ക്രീസ് വിട്ടത്. 16–ാം ഓവറിലാണു കോലിയും വില്യംസും ആദ്യം നേർക്കുനേർ വന്നത്. നേരിട്ട ആദ്യ 2 പന്തുകളിലും കോലിക്ക് റൺ നേടാൻ കഴിഞ്ഞില്ല. അടുത്ത പന്തിൽ സിംഗിൾ. അവസാന പന്തിൽ സ്ട്രൈക്കിൽ തിരിച്ചെത്തി കോലിക്ക് വീണ്ടും സിംഗിൾ. 18–ാം ഓവർ എറിയാൻ വില്യംസ് എത്തി. കോലിയുടെയും രാഹുലിന്റെയും സിക്സറുകൾ. ഓവറിൽ ആകെ 17 റൺസ്. തൊട്ടടുത്ത ഓവർ എറിഞ്ഞ പൊള്ളാർഡിനെതിരെ 3 സിക്സ് അടക്കം 27 റൺസ്. ഓരോ ബൗണ്ടറിക്കു ശേഷവും കോലി വില്യംസിനെ നോക്കി ചോദിച്ചു: ‘എന്താ മിണ്ടാട്ടം മുട്ടിപ്പോയോ’.. !

English Summary: India vs West Indies, 3rd T20I - Live Cricket Score, Commentary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com