ADVERTISEMENT

മുംബൈ∙ പരുക്കിൽനിന്ന് മുക്തനാകാത്ത ഓപ്പണർ ശിഖർ ധവാനു പകരം കർണാടക താരം മായങ്ക് അഗർവാളിനെ വെസ്റ്റിൻഡീസിനെതിരെ കളിക്കുന്ന ഇന്ത്യൻ ഏകദിന ടീമിൽ ഉൾപ്പെടുത്തി. ധവാന്റെ പരുക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മലയാളി താരം സഞ്ജു സാംസണെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ധവാനു പകരം മറ്റൊരു ഓപ്പണർ മതി എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടകയുടെ ഓപ്പണറായ മായങ്ക് അഗർവാളിന് നറുക്കുവീണത്.

ആഭ്യന്തര ക്രിക്കറ്റിൽ അഗർവാളിനുള്ള മികച്ച റെക്കോർഡ് കൂടി കണക്കിലെടുത്താണ് താരത്തെ ഏകദിന ടീമിലേക്ക് പരിഗണിക്കാനുള്ള തീരുമാനം. ടെസ്റ്റ് ടീമിൽ ഓപ്പണറായി സ്ഥാനമുറപ്പിച്ചു കഴിഞ്ഞ അഗർവാൾ, തുടർച്ചയായി മികച്ച പ്രകടനങ്ങളിലൂടെ കരുത്തുകാട്ടിയിരുന്നു. സഞ്ജുവിനു പുറമെ ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ എന്നിവരെയും ധവാനു പകരക്കാരായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ചർച്ചകൾ അഗർവാളിലേക്കെത്തുകയായിരുന്നു.

‘ശിഖർ ധവാനു പകരം മായങ്ക് അഗർവാളിനെ ഏകദിന ടീമിലേക്ക് സിലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ടീം മാനേജ്മെന്റുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണിത്. ധവാൻ ഇപ്പോഴും ചികിത്സയിലാണ്’ – ഒരു ബിസിസിഐ ഉന്നതൻ വ്യക്തമാക്കി. നിലവിൽ രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ കളിക്കുന്ന കർണാടക ടീമിൽ അംഗമാണ് മായങ്ക് അഗർവാൾ.

‘മായങ്കിനൊപ്പം യുവതാരങ്ങളായ പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ എന്നിവരുടെ പേരുകളും സിലക്ഷൻ കമ്മിറ്റി പരിഗണിച്ചിരുന്നു. പക്ഷേ, ലിസ്റ്റ് എ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള മായങ്ക് മതിയെന്നാണ് ഒടുവിൽ അവർ തീരുമാനിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ 50നു മുകളിൽ ശരാശരിയും 100നു മുകളിൽ സ്ട്രൈക്ക് റേറ്റും 13 സെഞ്ചുറികളുമുള്ള താരമാണ് മായങ്ക്’ – ബിസിസിഐ ഉന്നതൻ ചൂണ്ടിക്കാട്ടി. ലിസ്റ്റ് എ ക്രിക്കറ്റിൽ 50.90 ശരാശരിയിൽ 3869 റൺസാണ് മായങ്കിന്റെ സമ്പാദ്യം. ഇതിൽ 13 സെഞ്ചുറിഖവും 15 അർധസെ‍ഞ്ചുറികളുമുണ്ട്.

‘രോഹിത് ശർമയ്ക്കൊപ്പം ഏകദിനത്തിൽ ഓപ്പണിങ് സ്ഥാനത്തേക്ക് കുറച്ചധികം പേരുകൾ കണ്ടെത്താനുള്ള സമയമാണിത്. അതുകൊണ്ടുതന്നെ ധവാന്റെ പകരക്കാരൻ ഒരു ഓപ്പണറാകണമെന്നാണ് തീരുമാനം’ – അദ്ദേഹം വിശദീകരിച്ചു. ചെന്നൈയിൽ ഞായറാഴ്ച നടക്കുന്ന ഒന്നാം ഏകദിനത്തിനു മുന്നോടിയായി അഗർവാൾ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഏകദിന ടീമിലേക്ക് ഇതു രണ്ടാം തവണയാണ് മായങ്ക് അഗർവാളിന് വിളിയെത്തുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ വിജയ് ശങ്കറിനു പരുക്കേറ്റപ്പോൾ പകരം ഇംഗ്ലണ്ടിലേക്ക് പറന്നത് മായങ്കായിരുന്നു. പക്ഷേ, കളിക്കാൻ അവസരം ലഭിച്ചില്ല.

ഡിസംബർ 15ന് ചെന്നൈയിലാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ഏകദിനം ഡിസംബർ 18ന് വിശാഖപട്ടണത്തും അവസാന മത്സരം 22ന് കട്ടക്കിലും നടക്കും.

English Summary: Mayank Agarwal set to replace injured Shikhar Dhawan for West Indies ODIs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com