ADVERTISEMENT

തിരുവനന്തപുരം∙ വെസ്റ്റിൻഡീസിനെതിരെ തിരുവനന്തപുരത്ത് നടന്ന രണ്ടാം ട്വന്റി20യിൽ ഏതെങ്കിലുമൊരു താരത്തെ പുറത്തിരുത്തി സഞ്ജു സാംസണ് സ്വന്തം കാണികൾക്കു മുന്നിൽ അവസരം നൽകുമെന്നാണ് മലയാളികൾ പ്രതീക്ഷിച്ചതെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താരത്തിന് അവസരം നൽകാത്ത സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. സഞ്ജു തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയപ്പോൾ ആരാധകർ ആഹ്ലാദാരവം മുഴക്കുന്നതിന്റെ വിഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് തരൂരിന്റെ കുറിപ്പ്.

‘ഏതെങ്കിലുമൊരു താരത്തിന് വിശ്രമം അനുവദിച്ച് തിരുവനന്തപുരത്തെ സ്വന്തം കാണികൾക്കു മുന്നിൽ ഇന്ത്യൻ ടീം സഞ്ജുവിന് അവസരം നൽകുമെന്നാണ് ഞങ്ങളിലേറപ്പേരും പ്രതീക്ഷിച്ചത്. അങ്ങനെയെങ്കിൽ വീരോചിതമായ പ്രകടനം പുറത്തെടുക്കുന്നതിന് ഞങ്ങൾ അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുമായിരുന്നു’ – തരൂർ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ മലയാളി ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മത്സരത്തിനിടെ സഞ്ജു കളത്തിലിറങ്ങിയപ്പോഴെല്ലാം വലിയ ആരവങ്ങളുയർത്തിയാണ് ആരാധകർ പ്രതികരിച്ചത്. മത്സരത്തിനിടെ ഋഷഭ് പന്ത് ക്യാച്ച് നഷ്ടമാക്കിയപ്പോൾ ‘സഞ്ജു, സഞ്ജു’ എന്ന് ആർത്തുവിളിച്ച ആരാധകരുടെ നടപടി ഇന്ത്യൻ നായകൻ വിരാട് കോലിയുടെ അപ്രീതിക്കും കാരണമായിരുന്നു.

അതേസമയം, പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യത തീർത്തും വിരളമാണെന്നാണ് വിലയിരുത്തൽ. ആദ്യ രണ്ടു മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ഈ സാഹചര്യത്തിൽ സഞ്ജുവിന് അവസരം നൽകിയൊരു ചൂതാട്ടത്തിന് ടീം മാനേജ്മെന്റ് തുനിയാനിടയില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യർക്കു പകരം സഞ്ജുവിന് അവസരം നൽകണമെന്ന വാദം ശക്തമാണെങ്കിലും, അയ്യരുടെ ഹോം ഗ്രൗണ്ടാണ് മുംബൈ എന്നത് താരത്തിന് അനുകൂലമാണ്. കഴിഞ്ഞ മത്സരത്തിൽ ബാറ്റുകൊണ്ട് കരുത്തുകാട്ടിയ ഋഷഭ് പന്ത്, ശിവം ദുബെ എന്നിവരെയും പുറത്തിരുത്താൻ വഴിയില്ല.

English Summary: Shashi Tharoor feels one player should have been rested for allowing Sanju Samson to play on his home ground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com