ADVERTISEMENT

മുംബൈ∙ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു മടങ്ങിയെത്തുന്നതിനു കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലെ വിജയത്തിനു ശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ബിസിസിഐയ്ക്കു വേണ്ടി രാഹുൽ ഹാർദിക്കുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലായിരുന്നു പ്രതികരണം. ഇന്ത്യൻ ക്രിക്കറ്റ് ടീം ഹാർദിക്കിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യ ഇല്ലാതപ്പോൾ ഡ്രസിങ് റൂം ആളൊഴിഞ്ഞതുപോലെയാണെന്നും രാഹുൽ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള തന്റെ സുഹൃത്തുക്കൾ ഗാലറിയില്‍ ഇരുന്ന് പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് വിൻഡീസിനെതിരെ മികച്ച പ്രകടനം നടത്താൻ സാധിച്ചതെന്നും രാഹുൽ പറഞ്ഞു. രോഹിത് ശർമയുമായുള്ള ഓപണിങ് ബാറ്റിങ് ഏറെ ആസ്വദിക്കുന്നുണ്ട്. ഇതിനു മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എതിരാളികൾ എപ്പോഴും രോഹിതിനെക്കുറിച്ചാണു ചിന്തിക്കുക. അപ്പോൾ എനിക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. അതാണ് ഒരു ബാറ്റ്സ്മാന് എപ്പോഴും ആവശ്യം. വിരാട് കോലിയുടെ പ്രകടനവും അതിശയകരമായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് വിരാടിൽ നിന്നും ഇത്തരമൊരു ബാറ്റിങ് കാണുന്നത്.

മുംബൈയിലെത്തുമ്പോൾ തന്നെ ആരാധകർ ഇന്ത്യൻ ടീമിൽനിന്ന് ഏറെ പ്രതീക്ഷിക്കും. അതിനനുസരിച്ചു കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ബുമ്രയും എത്രയും പെട്ടെന്നു പരുക്കുമാറി തിരികെയെത്തണമെന്നാണ് ആഗ്രഹമെന്നും രാഹുൽ പറഞ്ഞു. നിർണായകമായ മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനം കാണാൻ സാധിച്ചതിൽ‌ സന്തോഷമുണ്ടെന്നു ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി. ഇന്ത്യയുടെ ബാറ്റിങ് കണ്ടപ്പോൾ ബാറ്റും എടുത്തു ഗ്രൗണ്ടിൽ ഉടൻ കളിക്കാൻ എത്തണമെന്ന് ആഗ്രഹിച്ചതായും പാണ്ഡ്യ പറഞ്ഞു.

ശിഖർ ധവാൻ പരുക്കേറ്റു പുറത്തായതോടെയാണ് വിൻ‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ കെ.എൽ. രാഹുലിന് ഓപ്പണറാകാൻ വഴിയൊരുങ്ങിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 2 അർധ സെഞ്ചുറികളുമായി രാഹുൽ ഓപ്പണിങ് മികവ് തെളിയിക്കുകയും ചെയ്തു. 9 ഫോറുകളും നാല് സിക്സുകളും അടിച്ചുകൂട്ടി 56 പന്തിൽനിന്ന് 91 റൺസാണ് മൂന്നാം ട്വന്റി20യിൽ രാഹുൽ നേടിയത്. അതേസമയം പരുക്കു ഭേദപ്പെട്ട് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ് ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഹാർദിക് അവസാനമായി കളിച്ചത്.

English Summary: Dressing room feels empty without you– KL Rahul to Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com