ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ആവേശം നിറഞ്ഞ അർധസെഞ്ചുറി മികവിലാണ് വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യ വിജയിച്ചത്. പുറത്താകാതെ 70 റൺസുമായി ക്യാപ്റ്റൻ മുന്നിൽനിന്നു നയിച്ചപ്പോൾ ഇന്ത്യയ്ക്കു ലഭിച്ചത് 67 റൺസ് വിജയം, ഒപ്പം പരമ്പരയും. ഹൈദരാബാദിൽ വിൻഡീസിനെതിരെ 94 റൺസ് നേടിയതിനു പിന്നാലെയാണ് മുംബൈയിലും ക്യാപ്റ്റൻ കോലി ‘മാസ് മായാജാലം’ പുറത്തെടുത്തത്.

21 പന്തുകൾ നേരിട്ട കോലി ട്വന്റി20യിലെ 24–ാം അർധസെഞ്ചുറി തികച്ചു. നാലു ഫോറും ഏഴ് സിക്സുകളുമാണ് കോലി തലങ്ങും വിലങ്ങും പായിച്ചത്. പരമ്പര ഇന്ത്യ സ്വന്തമാക്കിയതോടെ ആരാധകരും ആവേശത്തിലായി. വെസ്റ്റിൻഡീസ് താരങ്ങളോട് ഗ്രൗണ്ടിൽ ബാറ്റുകൊണ്ടു മാത്രമായിരുന്നില്ല കോലിയുടെ ഷോ. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ കണ്ണുകൊണ്ടും ശരീര ഭാഷകൊണ്ടും പലകുറി ഗ്രൗണ്ടിൽ ‘മേധാവിത്വം’ തെളിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വിൻഡീസ് ബോളർ കെസ്‍രിക് വില്യംസ് എറിഞ്ഞ 18–ാം ഓവറിലായിരുന്നു ഇതിൽ രസകരമായ ഒരു സംഭവം അരങ്ങേറിയത്.

ഓവറിലെ നാലാം പന്തിലായിരുന്നു കോലിയുടെ സിക്സ്. താനടിച്ച പന്ത് ഗാലറിയിലേക്കു പോകുന്നത് നോക്കി കണ്ണു തള്ളി നിന്ന കോലിയുടെ ഭാവം സമൂഹമാധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. സിക്സിന് ശേഷം ബാറ്റ് ശരീരത്തിൽ ചാരിനിർത്തി ‘വെറുതെ’ ബോളറെ നോക്കി നിൽക്കുന്നതും ഇന്ത്യൻ ക്യാപ്റ്റന് ശീലമായിട്ടുണ്ട്. ഹൈദരാബാദ് ട്വന്റി20യിൽ വില്യംസിനെ സിക്സ് പറത്തിയശേഷം വില്യംസിന്റെ തന്നെ ‘നോട്ട്ബുക്ക് സെലിബ്രേഷൻ’ പകർത്തിയായിരുന്നു കോലിയുടെ പ്രതികാരം.

ഇതു ഭാര്യയ്ക്കുള്ള സമ്മാനം: മാധ്യമങ്ങളോട് കോലി

വിൻഡീസിനെതിരായ തകർപ്പൻ പ്രകടനം രണ്ടാം വിവാഹവാർഷികത്തിൽ ഭാര്യ അനുഷ്ക ശർമയ്ക്കു നൽകുന്ന സമ്മാനമാണെന്നാണ് കോലി പറയുന്നത്. ഏറെ പ്രത്യേകതയുള്ള രാത്രിയാണിത്. എന്റെ കരിയറിലെ ഏറ്റവും മികച്ചൊരു ഇന്നിങ്സാണ്. വിവാഹ വാർഷിക ദിനത്തിലെ സമ്മാനമാണ് ഈ ഇന്നിങ്സ്– കോലി പറഞ്ഞു. ഇറ്റലിയിൽവച്ച് 2017 ഡിസംബർ‌ 11 നായിരുന്നു വിരാട് കോലിയും നടി അനുഷ്ക ശർമയും തമ്മിലുള്ള വിവാഹം.

കോലിക്കു പുറമേ രോഹിത് ശർമ (71), കെ.എൽ. രാഹുൽ (91) എന്നിവരും വിൻഡീസിനെതിരെ തിളങ്ങി. അതേസമയം യുവതാരം ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. രണ്ടു പന്തു മാത്രം നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഡിസംബർ 15ന് ഇന്ത്യ–വിൻഡീസ് ഏകദിന പരമ്പരയ്ക്കു തുടക്കമാകും. മൂന്ന് മത്സരങ്ങളാണു പരമ്പരയിലുള്ളത്.

English Summary: India vs West Indies: Virat Kohli In Awe Of His Own Six-Hitting Ability 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com