ADVERTISEMENT

ന്യൂഡല്‍ഹി∙ ടീമിലുണ്ടായിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കർ. സഞ്ജു സാംസൺ‌ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാൽ കളിക്കാൻ സാധിച്ചില്ല. ഉടൻ തന്നെ സഞ്ജുവിനു പ്ലേയിങ് ഇലവനിൽ തന്റെ കഴിവു പുറത്തെടുക്കാൻ സാധിക്കുമെന്ന് സുനിൽ ഗാവസ്കർ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ജനുവരിയുടെ തുടക്കത്തിൽ തന്നെ നമുക്ക് ട്വന്റി20 മത്സരങ്ങളുണ്ട്. ശ്രീലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുണ്ട്. ഇനിയും അവസരങ്ങളുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനു കളിക്കാൻ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുക. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ടീമിൽ സഞ്ജുവിനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതോടെ താരത്തെ ടീമിലേക്കു വിളിക്കുകയായിരുന്നു. ബംഗ്ലദേശിനെതിരായ ടീമിലും സഞ്ജു ഉണ്ടായിരുന്നെങ്കിലു‍ം കളിക്കാൻ അവസരം ലഭിച്ചില്ല.

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കു ജയിക്കാൻ സാധിക്കണമെങ്കിൽ വിരാട് കോലിയും സംഘവും ഫീൽഡിങ് മെച്ചപ്പെടുത്തണമെന്നും ഗാവസ്കർ പറഞ്ഞു. ഫീൽഡിങ് ആണ് ഏറ്റവും പ്രധാനമെന്ന് എനിക്കു തോന്നുന്നു. റൺസ് സംരക്ഷിക്കാൻ സാധിച്ചാൽ എതിരാളികളെ സമ്മർദത്തിലാക്കാം. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം പരിതാപകരമായിരുന്നു. നിരവധി ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞത്.

ട്വന്റി20യിൽ റൺസ് പ്രതിരോധിക്കുന്നതിലുള്ള പ്രശ്നങ്ങൾ ഇന്ത്യയുടേതു മാത്രമല്ല. ലോകത്തുള്ള എല്ലാ ടീമുകളും ഇതേ പ്രശ്നം നേരിടുന്നുണ്ട്. ആദ്യ ട്വന്റി20യിൽ വെസ്റ്റിൻഡീസും സമാനമായ പ്രശ്നത്തിൽപെട്ടു. വൈകുന്നേരങ്ങളിലെ മത്സരങ്ങളിൽ മഞ്ഞിന്റെ സ്വാധീനവും പ്രധാനമാണ്. നനഞ്ഞ പന്തുമായി ബോൾ‌ ചെയ്യുകയെന്നതു ബോളർമാർക്കും പ്രശ്നമാണ്. ഫീൽഡർമാർക്കു പന്തിൽ ഗ്രിപ്പ് കിട്ടാത്തതിനാൽ ഫീൽഡിങ്ങിലും ക്യാച്ച് എടുക്കുമ്പോഴുമെല്ലാം പ്രശ്നമാണെന്നും സുനിൽ ഗാവസ്കർ പ്രതികരിച്ചു.

English Summary: Sanju Samson Will Get An Opportunity Sooner Than Later, Feels Sunil Gavaskar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com