ADVERTISEMENT

മുംബൈ∙ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. കൂടുതൽ ട്വന്റി20 മത്സരങ്ങൾ കളിച്ച് പോരായ്മകളേതുമില്ലാത്ത ടീമിനെത്തന്നെ ഓസ്ട്രേലിയൻ മണ്ണിലേക്കു പോരാട്ടത്തിനയക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു വർഷത്തെ മികവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടാനുള്ള എല്ലാ അർഹതയുമുണ്ടെന്നാണ് ക്യാപ്റ്റൻ വിരാട് കോലിയുടെ വാദം. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് അഞ്ചിന് (ഞായറാഴ്ച) തുടക്കമാകും.

ഓപ്പണർ ശിഖർ ധവാന്റെ ഫോമില്ലായ്മയാണ് ഇന്ത്യയെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കുന്ന ഘടകം. ട്വന്റി20യിൽ ധവാൻ ഒരു അർ‌ധ സെഞ്ചുറിയെങ്കിലും നേടിയിട്ട് 13 ഇന്നിങ്സുകൾ പിന്നിട്ടുകഴിഞ്ഞു. സ്ട്രൈക്ക് റേറ്റിലും ധവാൻ പിന്നിലാണ്. വെസ്റ്റിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയിൽ പരുക്കേറ്റ ധവാന് കളിക്കാൻ സാധിച്ചില്ല. പകരക്കാരനായി വന്ന കെ.എൽ. രാഹുൽ അവസരം മികച്ചതാക്കി. മൂന്ന് മത്സരങ്ങളിൽനിന്ന് 62, 11, 91 റൺസുകൾ നേടിയ രാഹുൽ ഓപണർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.

ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനാൽ ധവാനു കഴിവു തെളിയിക്കാൻ ഇതിലും നല്ല അവസരം വേറെയില്ല. പരമ്പരയിലാകെ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമാണ് ടീമിൽ ധവാന്റെ സ്ഥാനം ഇനി സ്ഥിരപ്പെടാൻ സാധ്യതയുള്ളത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ രോഹിതിനും രാഹുലിനും പിന്നിൽ ഓപ്പണിങ്ങിലെ മൂന്നാമനായി ധവാൻ പിന്തള്ളപ്പെട്ടും.

ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്തു തകർന്നു വീഴുന്നതു പതിവായിരിക്കുകയാണ്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ വിൻ‍ഡീസ് ഇന്ത്യയ്ക്കെതിരെ വിജയിച്ചത് ഈ പോരായ്മ മുതലെടുത്താണ്. എന്നാൽ മുംബൈയിലെത്തിയപ്പോൾ ഇന്ത്യയുടെ കളി മാറ്റി. ആദ്യം ബാറ്റു ചെയ്ത അവർ മൂന്നിന് 240 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞത് ഇങ്ങനെ– ‘ആദ്യം ബാറ്റു ചെയ്യുകയെന്നതു ഞങ്ങൾക്കു കുറച്ചു കഷ്ടമാണ്. എന്നാൽ മുംബൈയിലെ പിച്ച് സ്വതന്ത്രമായി കളിക്കാൻ അനുവദിച്ചു. ഇക്കാര്യം ഞങ്ങൾക്കൊരു പാഠമാണ്, ഓർത്തുവയ്ക്കേണ്ടതുണ്ട്’. മുംബൈയിൽ പഠിച്ച പാഠം ടീം ഇന്ത്യ ഓർത്തുവച്ചാൽ അവർ വേറെ ലെവലാകുമെന്ന് ഉറപ്പ്.

ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് കാര്യമായ തലവേദനയില്ലാത്തത് മധ്യനിരയിലാണ്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ മോശമാക്കാതെ കളിച്ച ഋഷഭ് പന്തും ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്നതിനു പ്രാപ്തിയുണ്ടെന്നു തെളിയിച്ചുകഴിഞ്ഞു. വിന്‍ഡീസിനെതിരെ ശ്രേയസ് അയ്യർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതാണു സത്യം. എന്നാൽ അതിനു മുൻപേ തന്നെ അദ്ദേഹം മധ്യനിരയിലെ സ്ഥിര സാന്നിധ്യമാകാൻ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.

ബുമ്രായുധം മടങ്ങിവരുന്നു

ജസ്പ്രിത് ബുമ്രയുടെ മടങ്ങിവരവിനോളം ഇന്ത്യൻ ക്യാംപിനെ സന്തോഷിപ്പിക്കുന്ന വേറെ വാർത്തയില്ല. പരുക്ക് മാറി തിരിച്ചെത്തിയ ബുമ്ര ശ്രീലങ്കയ്ക്കെതിരെ ട്വന്റി20യിലും ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയിലും കളിക്കും. ബുമ്രയെ പോലൊരു ബോളറുടെ വിടവ് വിൻഡീസിനെതിരായ പരമ്പരയിൽ പ്രകടമായി. പേസർമാരായി ഇന്ത്യയ്ക്ക് ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ദീപക് ചഹറുമുണ്ട്. എന്നാൽ ചഹറിനും ഭുവനേശ്വറിനും പരുക്കേറ്റതു തിരിച്ചടിയാണ്. ഷമിക്കു വിശ്രമം അനുവദിച്ചു. അതുകൊണ്ടുതന്നെ പുതുവർഷത്തിൽ ബുമ്രയ്ക്കൊപ്പം നവ്ദീപ് സെയ്നിയും ഷാർദൂൽ താക്കൂറുമാണു പന്തെറിയാനെത്തുക.

English Summary: Indian cricket team problems ahead of T20 WC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com