ADVERTISEMENT

ഗുവാഹത്തി∙ നാലു മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് പേസ് ബോളർ ജസ്പ്രീത് ബുമ്ര. 2019 ഏകദിന ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടന്ന വിൻഡീസിനെതിരായ പരമ്പര മുതലിങ്ങോട്ടു ബുമ്ര ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. ട്വന്റി20, ഏകദിന ക്രിക്കറ്റുകളെക്കാൾ കളിക്കാൻ കൂടുതൽ താൽപര്യം ടെസ്റ്റ് ക്രിക്കറ്റാണെന്ന് ബുമ്ര പ്രതികരിച്ചു. ടെസ്റ്റിൽ മികവു പുറത്തെടുത്താൽ വേറെ ഏതു ഫോർമാറ്റിലും തിളങ്ങാൻ സാധിക്കും. ഐപിഎൽ കളിച്ച് ഉയർന്നു വന്നതുകൊണ്ടുതന്നെ ഐപിഎല്ലാണ് എന്നിലെ താരത്തെ കണ്ടെത്തിയതെന്നാണു പലരും കരുതുന്നത്– ഒരു ദേശീയ മാധ്യമത്തോടു ബുമ്ര പറഞ്ഞു.

ക്യാപ്റ്റൻമാരെന്ന നിലയിൽ എം.എസ്. ധോണിയുടെയും വിരാട് കോലിയുടെയും രീതികൾ സമാനമാണെന്നാണ് ബുമ്ര പറയുന്നത്. ഇരുവരും നമ്മളെക്കൊണ്ട് ഉത്തരവാദിത്തമേറ്റെടുപ്പിക്കുകയാണു ചെയ്യാറ്. ഫീൽഡിങ്ങിൽ നമുക്കാവശ്യമുള്ളത് അവർ ചെയ്തുതരും. എല്ലാ സഹായവും അവർ നൽകും. പക്ഷേ നമ്മളുടെ ബോളിങ്ങിന്റെ ഉത്തരവാദിത്തം നമുക്കായിരിക്കുമെന്നും ബുമ്ര വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റിൽ എന്റെ ആദ്യത്തെ വിക്കറ്റ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റേതാണ്. ഒരു ബാറ്റ്സ്മാനെ പുറത്താക്കുന്നതിനു പ്രത്യേക വഴികളില്ല. വിക്കറ്റിന്റെ സ്വഭാവം പഠിച്ച ശേഷം നല്ലതു തിരഞ്ഞെടുക്കുകയാണു വേണ്ടത്. നല്ല കളിക്കാർക്കു നേരെ പ്രയോഗിക്കുന്ന ഏറ്റവും മികച്ച തന്ത്രം ക്ഷമ കാണിക്കുകയെന്നതാണ്. ഓസീസ് താരം പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ എന്നിവരുമായി ശത്രുതയൊന്നുമില്ലെന്നും ബുമ്ര പറഞ്ഞു.

ഫാസ്റ്റ് ബോളിങ് എനിക്ക് ഇഷ്ടമാണ്. മറ്റള്ളവരുടെ കാര്യത്തിൽ അസൂയപ്പെടുന്ന സ്വഭാവം എനിക്കില്ല. നല്ല ബോളിങ് ഉണ്ടെങ്കിൽ അത് ഇന്ത്യയ്ക്കെതിരെയാണെങ്കിൽ പോലും അസ്വദിക്കുകയാണു ചെയ്യാറെന്നും ബുമ്ര വ്യക്തമാക്കി. ഞായറാഴ്ച ഗുവാഹത്തിയിലാണ് ഇന്ത്യ– ശ്രീലങ്ക ഒന്നാം ട്വന്റി20. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ മത്സരത്തിനിടെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു കനത്ത സുരക്ഷയിലാണ് ഗുവാഹത്തിയിലെ കളി. മൊബൈൽ ഫോണുകളും പഴ്സുകളുമൊഴികെ മറ്റു വസ്തുക്കളൊന്നും കളി കാണാനെത്തുന്നവർക്കു സ്റ്റേ‍‍ഡിയത്തിലേക്കു കൊണ്ടുപോകാൻ സാധിക്കില്ല.

English Summary: Virat Kohli and MS Dhoni both are similar as a captain: Jasprit Bumrah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com