ADVERTISEMENT

പുണെ∙ ഋഷഭ് പന്തിനു പകരം എന്തുകൊണ്ട് സഞ്ജു സാംസൺ പുണെയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മൂന്നാം ട്വന്റി20യിൽ വിക്കറ്റ് കീപ്പറായി? ബാറ്റിങ് ഓർഡറിൽ ക്യാപ്റ്റൻ വിരാട് കോലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ തുടങ്ങിയവർക്കു മുന്നിൽ വണ്‍ഡൗണായി സഞ്ജുവിനെ ഇറക്കാൻ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരവുമായാണ് മത്സരശേഷം പതിവുള്ള വാർത്താ സമ്മേളനത്തിനായി  ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ എത്തിയത്. ക്യാപ്റ്റൻ വിരാട് കോലിക്കു പകരമാണ് ധവാൻ മാധ്യമങ്ങളെ കണ്ടത്.

പന്തിനു പകരം സഞ്ജുവിനെ കളിപ്പിച്ചതിനേക്കാൾ, ഏറ്റവും സുപ്രധാനമായ മൂന്നാം നമ്പർ സ്ഥാനത്തെ യുവതാരത്തെ കളിപ്പിച്ചതിനെക്കുറിച്ചായിരുന്നു ധവാനോടുള്ള ചോദ്യം. മാത്രമല്ല, കഴിഞ്ഞ മത്സരങ്ങളിലെല്ലാം വൺ‍ഡൗണായി വിവിധ താരങ്ങളെ പരീക്ഷിക്കുന്ന പതിവിനെക്കുറിച്ചും ചോദ്യങ്ങളുയർന്നു. ഒക്ടോബർ – നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റ20 ലോകകപ്പിനുള്ള മുന്നൊരുക്കമെന്നായിരുന്നു ഇതേക്കുറിച്ച് ധവാന്റെ മറുപടി.

‘ടീം മാനേജ്മെന്റിന് വിവിധ കളിക്കാരെ വ്യത്യസ്ത പൊസിഷനുകളിലേക്കു പരീക്ഷിക്കാൻ താൽപര്യമുണ്ട്. പരമ്പരയിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത താരങ്ങൾക്ക് ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം നൽകാനാണ് പുണെയിലും നമ്മൾ ശ്രമിച്ചത്. ഇനി വളരെ കുറച്ചു മത്സരങ്ങൾ മാത്രമേ ലോകകപ്പിനു മുന്നോടിയായി നമുക്കു മുന്നിലുള്ളൂ’ – ധവാൻ പറഞ്ഞു.

‘ടീമെന്ന നിലയിലും എല്ലാ കളിക്കാർക്കും അവസരം ഉറപ്പാക്കാനാണ് ശ്രമം. ഈ കാഴ്ചപ്പാടു വച്ചാണ് ഓരോ മത്സരങ്ങളിലും താരങ്ങളെ മാറ്റിമാറ്റി പരീക്ഷിക്കുന്നത്. ലോകകപ്പ് വരെ ഓരോരുത്തർക്കും സജ്ജരായി തുടരാനും സ്വന്തം ജോലി മനസ്സിലുറപ്പിക്കാനും ഈ നീക്കം ഉപകരിക്കും’ – ധവാൻ ചൂണ്ടിക്കാട്ടി.

എല്ലാ കളിക്കാർക്കും അവസരം ഉറപ്പാക്കുക എന്നതിനേക്കാൾ ലോകകപ്പിനായി ഒരു പ്ലാൻ ബി തയാറാക്കാനുള്ള ശ്രമമാണോ ഇതെന്ന ചോദ്യത്തിന് ധവാന്റെ മറുപടി ഇങ്ങനെ:

‘കളിക്കാർക്ക് കൂടുതൽ സമയം നൽകുക എന്നതു തന്നെയാണ് പ്രധാനം. ഇന്ന് സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റു ചെയ്യാനെത്തിയത് ഈ നീക്കത്തിന്റെ ഭാഗമാണ്. അതിനുശേഷം മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും വന്നു. മധ്യനിരയിൽ കളിക്കുന്നവർക്ക് ഇതോടെ കൂടുതൽ സമയം ലഭിച്ചു. മത്സരത്തിൽ നമ്മൾ ബാറ്റു ചെയ്യുമ്പോൾ ഇഷ്ടം പോലെ ഓവറുകൾ ബാക്കിയുണ്ടായിരുന്നതും ഇത്തരം പരീക്ഷണങ്ങൾക്ക് തുണയായി’ – ധവാൻ പറഞ്ഞു.

പുണെയിൽ ആദ്യം ബാറ്റു ചെയ്യാൻ അവസരം കിട്ടിയത് നന്നായെന്നും ധവാൻ പറഞ്ഞു. ആദ്യം ബാറ്റു ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ മനസ്സിലാക്കാനും മറികടക്കാനും ഇതു സഹായിച്ചു. മികച്ച സ്കോർ നേടാൻ കഴിഞ്ഞതോടെ ടീമിന്റെ ആത്മവിശ്വാസം ഉയർന്നെന്നും ധവാൻ ചൂണ്ടിക്കാട്ടി.

English Summary: Shikhar Dhawan explains why Sanju Samson replaced Rishabh Pant and batted at No.3 in 3rd T20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com