ADVERTISEMENT

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ബംഗാൾ താരം റിച്ച ഘോഷിനെ ഉൾപ്പെടുത്തി ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യയുടെ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന 15 അംഗ ടീമിന്റെ ഉപനായിക സ്മൃതി മന്ഥനയാണ്. 16 വയസ്സുകാരിയായ റിച്ച ഘോഷിനെ ഉൾപ്പെടുത്തിയത് ഒഴിച്ചുനിർത്തിയാൽ ടീമിൽ മറ്റ് അദ്ഭുതങ്ങളില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ കളിക്കാതിരുന്ന രാജേശ്വരി ഗെയ്‌ക്‌വാദ് ലോകകപ്പ് ടീമിൽ ഇടംപിടിച്ചപ്പോൾ അനൂജ പാട്ടീൽ, മാൻസി ജോഷി തുടങ്ങിയവർ പുറത്തായി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ലോകകപ്പ് അരങ്ങേറുക.

കഴിഞ്ഞ സീസണിൽ ബംഗാളിനായി അണ്ടർ 19 ക്രിക്കറ്റിൽ പുറത്തെടുത്ത പ്രകടനമാണ് റിച്ച ഘോഷിന് ടീമിൽ ഇടം നേടിക്കൊടുത്തത്. അടുത്തിടെ സമാപിച്ച ചാലഞ്ചർ ട്രോഫിയിൽ സ്മൃതി മന്ഥന നയിച്ച ഇന്ത്യ ബിയ്ക്കായി പുറത്തെടുത്ത പ്രകടനവും റിച്ചയ്ക്ക് തുണയായി. ചാലഞ്ചർ ട്രോഫിയിലെ പ്രകടനമാണ് രാജേശ്വരി ഗെയ്‌ക്‌വാദിന്റെ തിരിച്ചുവരവിനും വഴിയൊരുക്കിയത്. അടുത്തിടെ സമാപിച്ച ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ രാജേശ്വരി ടീമിലുണ്ടായിരുന്നില്ല. ചാലഞ്ചർ ട്രോഫിയിൽ 5.15 ഇക്കോണമി നിരക്കിൽ എട്ടു വിക്കറ്റുകൾ പിഴുതാണ് അനൂജ പാട്ടീലിനെ പിന്തള്ളി രാജേശ്വരി ടീമിൽ ഇടം നേടിയത്. പരുക്കുമൂലം ടീമിനു പുറത്തായിരുന്ന ഹാർലീൻ ഡിയോളും തിരിച്ചെത്തി. ടാനിയ ഭാട്യയാണ് ടീമിലെ ഏക വിക്കറ്റ് കീപ്പർ.

കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ കടന്ന ടീമാണ് ഇന്ത്യ. ഇക്കുറി നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരെ ഫെബ്രുവരി 21നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി ഫെബ്രുവരി 16ന് പാക്കിസ്ഥാനെതിരെയും 18ന് വെസ്റ്റിൻഡീസിനെതിരെയും പരിശീലന മത്സരങ്ങൾ കളിക്കും.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ ), ഷഫാലി വർമ, ജമീമ റോഡ്രിഗസ്, ഹാർലീൻ ഡിയോൾ, വേദ കൃഷ്ണമൂർത്തി, റിച്ച ഘോഷ്, ടാനിയ ഭാട്യ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, ശിഖ പാണ്ഡെ, പൂജ വസ്ട്രാകാർ, പൂനം യാദവ്, രാധാ യാദവ്, അരുദ്ധതി റെഡ്ഡി, രാജേശ്വരി ഗെയ്‌ക്‌വാദ്

English Summary: Kaur, Mandhana, Verma part of full strength India squad for T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com