sections
MORE

കേരളത്തിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച, അഞ്ചിന് 88; ലീഡ് 97 റൺസ്

md-nidheesh-bowling
കേരളത്തിനായി ഏഴു വിക്കറ്റ് പിഴുത എം.ഡി. നിധീഷ് (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ ബോളർമാരെ അതിരറ്റു തുണയ്ക്കുന്ന തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് രണ്ടാം ഇന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകർച്ച. ഒൻപതു റൺസിന്റെ തുച്ഛമായ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലാണ്. ഇതോടെ കേരളത്തിന്റെ ആകെ ലീഡ് 97 റൺസായി. മുഹമ്മദ് അസ്ഹറുദ്ദീൻ (എട്ട്), ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ സൽമാൻ നിസാർ (ഏഴ്) എന്നിവരാണ് ക്രീസിൽ. രണ്ടു ദിവസത്തെ കളി ശേഷിക്കെ മത്സരത്തിന് ഫലമുണ്ടാകുമെന്ന് ഉറപ്പായി.

നാലു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടർ ഗുർകീരത് മാന്റെ പ്രകടനമാണ് കേരളത്തെ രണ്ടാം ഇന്നിങ്സിലും തകർത്തത്. 12 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയാണ് മാൻ നാലു വിക്കറ്റ് വീഴ്ത്തിയത്. ഒരു വിക്കറ്റ് വിനയ് ചൗധരിക്കാണ്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ കേരളത്തിനായി ഇക്കുറി ഓപ്പൺ ചെയ്തത് റോബിൻ ഉത്തപ്പയും രോഹൻ പ്രേമുമായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഉത്തപ്പ പുറത്തായതോടെ കേരളം ഞെട്ടി. വിനയ് ചൗധരിക്കായിരുന്നു വിക്കറ്റ്.

എന്നാൽ രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടു തീർത്ത രോഹൻ പ്രേം – അക്ഷയ് ചന്ദ്രൻ സഖ്യം കേരളത്തെ രക്ഷപ്പെടുത്തുമെന്ന തോന്നലുയർന്നു. എന്നാൽ, സ്കോർ 55ൽ നിൽക്കെ ഇരുവരും പുറത്തായത് തിരിച്ചടിയായി. 36 പന്തിൽ 17 റൺസുമായി രോഹനാണ് ആദ്യം മടങ്ങിയത്. പിന്നാലെ 56 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസുമായി അക്ഷയും കൂടാരം കയറി. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടാം ദിനം അതിജീവിക്കാമെന്ന കേരളത്തിന്റെ മോഹം അതിമോഹമാണെന്ന് തെളിയിച്ച് ഗുർകീരത് മാൻ രണ്ടുപേരേക്കൂടീ മടക്കി. 32 പന്തിൽ 10 റൺസെടുത്ത ക്യാപ്റ്റൻ സച്ചിന്‍ ബേബിയെ റണ്ണൗട്ടാക്കിയ മാൻ, 22 പന്തിൽ എട്ടു റൺസെടുത്ത വിഷ്ണു വിനോദിനെ പകരക്കാരൻ ഫീൽഡർ ശരത് ലുംബയുടെ കൈകളിലെത്തിച്ചു.

∙ പേസിന്റെ നിധീഷ്ക്കരുത്ത്

നേരത്തെ, അസാമാന്യ മികവോടെ പന്തെറിഞ്ഞ പേസ് ബോളർ എം.ഡി. നിധീഷിന്റെ കരുത്തിലാണ് പഞ്ചാബിനെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡ് നേടിയത്. ഏഴു വിക്കറ്റ് പിഴുത് കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവച്ച നിധീഷിന്റെ മികവിൽ പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സ് 218 റൺസിൽ അവസാനിപ്പിച്ച കേരളം ഒൻപതു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്. 65.4 ഓവറിലാണ് പഞ്ചാബ് 218 റൺസിന് എല്ലാവരും പുറത്തായത്. കേരളം ഒന്നാം ഇന്നിങ്സിൽ 75.2 ഓവറിൽ 227 റൺസിന് പുറത്തായിരുന്നു.

ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട സന്ദീപ് വാരിയറിനു പകരം കേരളത്തിന്റെ ബോളിങ് ആക്രമണം നയിച്ച എം.ഡി. നിധീഷ് 21 ഓവറിൽ 88 റൺസ് വഴങ്ങിയാണ് ഏഴു വിക്കറ്റെടുത്തത്. ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റെടുത്തു. പഞ്ചാബ് ഇന്നിങ്സിലെ ഏക അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ മൻദീപ് സിങ്ങാണ് അവരുടെ ടോപ് സ്കോറർ. 143 പന്തുകൾ നേരിട്ട മൻദീപ് എട്ടു ഫോറുകൾ സഹിതം 71 റൺസുമായി പുറത്താകാതെ നിന്നു.

സ്കോർ ബോർഡിൽ 151 റൺസുള്ളപ്പോൾ എട്ടാം വിക്കറ്റ് നഷ്ടമായ പഞ്ചാബിനെതിരെ കേരളം ഭേദപ്പെട്ട ലീഡ് നേടുമെന്നാണ് കരുതിയതെങ്കിലും ഒൻപതാം വിക്കറ്റിൽ അപ്രതീക്ഷിതമായി തിരിച്ചടിച്ച മൻദീപ് സിങ് – സിദ്ധാർഥ് കൗൾ കൂട്ടുകെട്ട് കേരളത്തെ വിരട്ടി. ഇരുവരും ചേർന്ന് 48 റൺസാണ് കൂട്ടിച്ചേർത്തത്. 57 പന്തിൽ നാലു ഫോറുകൾ സഹിതം 25 റൺസെടുത്ത കൗളിനെ റണ്ണൗട്ടാക്കി സിജോമോൻ ജോസഫാണ് കേരളം കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. 10–ാം വിക്കറ്റിൽ ബാൽതേജ് സിങ്ങിനെ കൂട്ടുപിടിച്ച് മൻദീപ് 19 റൺസ് കൂടി ചേർത്തെങ്കിലും ലീഡു നേടാനായില്ല. ബാൽതേജ് 15 പന്തിൽ രണ്ടു റൺസെടുത്ത് പുറത്തായി.

37 പന്തിൽ ആറു ഫോറുകൾ സഹിതം 37 റൺസെടുത്ത ഗുർകീരത് മാനും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രോഹൻ മർവഹ (18 പന്തിൽ 16), സൻവിർ സിങ് (16 പന്തിൽ ഒന്ന്), മായങ്ക് മാർക്കണ്ഡെ (21 പന്തിൽ 14), അൻമോൽപ്രീത് സിങ് (0), അഭിഷേക് ശർമ (26 പന്തിൽ 17), അൻമോൽ മൽഹോത്ര (50 പന്തിൽ 21), വിനയ് ചൗധരി (0), ബാൽതേജ് സിങ് (2) എന്നിങ്ങനെയാണ് പുറത്തായ പഞ്ചാബ് താരങ്ങളുടെ പ്രകടനം.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം 227 റൺസിന് പുറത്തായി. 6ന് 89 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തിന്, മധ്യനിര ബാറ്റ്സ്മാൻ സൽമാൻ നിസാറാണ് (91*)ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഏഴാം വിക്കറ്റിൽ സൽമാൻ – അക്ഷയ് ചന്ദ്രൻ സഖ്യം കൂട്ടിച്ചേർത്ത 79 റൺസ് കൂട്ടുകെട്ടാണ് കേരളത്തെ 200 കടത്തിയത്. 48 റൺസെടുത്ത റോബിൻ ഉത്തപ്പയെ സിദ്ധാർഥ് കൗൾ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 46 റൺസെടുത്തുനിൽക്കെയാണ് ഒന്നാം ദിനം കളി നിർത്തിയത്. ഓപ്പണർമാരായ റോഹൻ മർവാഹ (16) സൻവീർ സിങ് (1) എന്നിവരെയാണ് പഞ്ചാബിന് നഷ്ടമായത്. 16 റൺസുമായി ഗുർക്രീത് മന്നും 12 റൺസുമായി മായങ്ക് മാർക്കണ്ഡെയുമായിരുന്നു ക്രീസിൽ.

English Summary: Kerala vs Punjab, Round 5, Elite Group A and B - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA