ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ ചരിത്രമെഴുതി ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസിന്റെ ബാറ്റിങ് വെടിക്കെട്ട്. സിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണറായിറങ്ങിയ സ്റ്റോയ്നിസ്, 79 പന്തിൽ 13 ഫോറുകളുടെയും എട്ടു സിക്സിന്റെയും അകമ്പടിയോടെ അടിച്ചെടുത്തത് പുറത്താകാതെ 147 റൺസ്. ഇതോടെ, ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് സ്റ്റോയ്നിസിനു സ്വന്തം. 122 റൺസെടുത്തിട്ടുള്ള മറ്റൊരു ഓസീസ് താരം ഡാർസി ഷോർട്ടിന്റെ റെക്കോർഡാണ് സ്റ്റോയ്നിസ് തകർത്തത്. 69 പന്തിൽനിന്നാണ് അന്ന് ഷോർട്ട് 122 റൺസടിച്ചത്.

ഓപ്പണിങ് വിക്കറ്റിൽ ഹിൽട്ടൺ കാർട്ട്റൈറ്റിനൊപ്പം 207 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടും തീർത്ത സ്റ്റോയ്നിസ്, ബിഗ് ബാഷ് ലീഗിലെ ഉയർന്ന കൂട്ടുകെട്ടിന്റെ റെക്കോർഡിലും സ്വന്തം പേരെഴുതി. കാർട്ട്റൈറ്റ് നേടിയത് 40 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 59 റൺസ്. ഇരുവരും തകർത്തടിച്ചതോടെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മെൽബൺ സ്റ്റാർസ് നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 219 റൺസ്. സിഡ്നി സിക്സേഴ്സിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസിൽ അവസാനിച്ചു. മെൽബണിന്റെ വിജയം 44 റൺസിന്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മെൽബൺ സ്റ്റാർസിന് വിക്കറ്റ് നഷ്ടം കൂടാതെ തന്നെ ഇന്നിങ്സ് അവസാനിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, ടോം കറൻ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ ഹിൽട്ടൺ കാർട്ട്റൈറ്റ് പുറത്തായത് തിരിച്ചടിയായി. പിന്നീടെത്തിയ ക്യാപ്റ്റൻ മാക്സ്‌വെല്ലിനെ കൂട്ടുപിടിച്ചാണ് സ്റ്റോയ്നിസ് ടീമിന്റെ സ്കോർ 219ൽ എത്തിച്ചത്. മാക്സ്‌വെൽ രണ്ടു പന്തിൽ അഞ്ചു റൺസുമായി പുറത്താകാതെനിന്നു.

നാല് വറിൽ 61 റൺസ് വഴങ്ങിയ ബെൻ ഡ്വാർഷൂയിസ്, നാല് ഓവറിൽ 58 റൺസ് വഴങ്ങിയ ടോം കറൻ എന്നിവരാണ് സിഡ്നി സിക്സേഴ്സ് നിരയിൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റു വാങ്ങിയത്. നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയ ജാക്സൻ ബേഡിന്റെ പ്രകടനം ശ്രദ്ധേയമായി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിഡ്നിക്കായി ക്യാപ്റ്റൻ മോയ്സസ് ഹെൻറിക്വസ് (25 പന്തിൽ 41), ജോർദാൻ സിൽക് (31 പന്തിൽ 32), ബെൻ ഡ്വാർഷൂയിസ് (17 പന്തിൽ പുറത്താകാതെ 42) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. മെൽബൺ സ്റ്റാർസിനായി ക്ലിന്റ് ഹിഞ്ച്‌ലിഫ് നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

ഐപിഎൽ താരലേലത്തിൽ 4.8 കോടി രൂപയ്ക്ക് സ്റ്റോയ്നിസിനെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസിനും താരത്തിന്റെ ഈ പ്രകടനം ആവേശം പകരും. ഈ വിജയത്തോടെ ഒൻപതു മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി മെൽബൺ സ്റ്റാർസ് ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സിഡ്നി സിക്സേഴ്സ് 12 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.

English Summary: Marcus Stoinis slams highest-ever individual score in BBL history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com