ADVERTISEMENT

മുംബൈ∙ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ റണ്ണൗട്ടായതിനെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രതികരിച്ച് മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണി രംഗത്ത്. രവീന്ദ്ര ജഡേജയ്ക്കൊപ്പം തോൽവിയുടെ വക്കിൽനിന്ന് ടീമിനെ കൈപിടിച്ചുയർത്തിയ ധോണി, വിജയത്തിന് തൊട്ടരികെയാണ് റണ്ണൗട്ടായത്. ഫലത്തിൽ, ഇന്ത്യയുടെ സെമി തോൽവിക്കു കാരണമായതും ഈ പുറത്താകൽ തന്നെ. ലോകകപ്പ് സെമിക്കു ശേഷം ദീർഘകാലമായി സജീവ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ധോണിയെ പിന്നീട് ഇന്ത്യൻ ജഴ്സിയിൽ കണ്ടിട്ടില്ല. ഇതിനിടെ വിരമിക്കൽ അഭ്യൂഹങ്ങളും കൊടുമ്പിരി കൊണ്ടെങ്കിലും അതെല്ലാം ഇപ്പോഴും അഭ്യൂഹങ്ങൾ മാത്രമായി തുടരുന്നു.

ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ധോണി ഇതാദ്യമായി ലോകകപ്പിലെ റണ്ണൗട്ടിനെക്കുറിച്ച് പ്രതികരിച്ചത്. അന്ന് രണ്ടാം റൺ പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ റണ്ണൗട്ടായെങ്കിലും ക്രീസിലേക്ക് ഡൈവ് ചെയ്തിരുന്നെങ്കിൽ ഔട്ട് ഒഴിവാക്കാമായിരുന്നുവെന്ന് ധോണി ചൂണ്ടിക്കാട്ടി.

‘ആദ്യ മത്സരത്തിൽ റണ്ണൗട്ടായ ഞാൻ പിന്നീട് സെമി ഫൈനലിലും റണ്ണൗട്ടായി. സെമിയിൽ എന്തുകൊണ്ട് ഡൈവ് ചെയ്തില്ല എന്ന ചോദ്യം ഞാൻ ഇപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ആ രണ്ട് ഇഞ്ച് ദൂരത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഞാൻ സ്വയം പറയും – ധോണി നീ അന്ന് നിർബന്ധമായും ഡൈവ് ചെയ്യേണ്ടതായിരുന്നു’ – താരം പറഞ്ഞു.

ലോകകപ്പ് സെമിയിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് റോസ് ടെയ്‌ലർ (90 പന്തിൽ 74), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67) എന്നിവരുടെ അർധസെഞ്ചുറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണെടുത്തത്. 240 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് അഞ്ച് റൺസെടുക്കുന്നതിനിടെ രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ എന്നിവരുടെ വിക്കറ്റ് നഷ്ടമായി. 4–24, 5–71, 6–92 എന്നിങ്ങനെ തകർന്നതോടെ ഇന്ത്യ തോൽവി ഉറപ്പാക്കിയെങ്കിലും ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ധോണിയും ജഡേജയും പ്രതീക്ഷ കാത്തു. ഇരുവരും അർധസെഞ്ചുറിയും കുറിച്ചു.

അവസാന രണ്ട് ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 31 റൺസായിരുന്നു. ജഡേജ 77 റൺസുമായി മുൻപേ മടങ്ങിയെങ്കിലും ക്രീസിലുള്ള ധോണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 49–ാം ഓവർ ബോൾ ചെയ്ത ലോക്കി ഫെർഗൂസനെതിരെ ധോണി സിക്സോടെയാണ് തുടങ്ങിയത്. ധോണി അർധസെഞ്ചുറി പൂർത്തിയാക്കിയതും ഈ സിക്സോടെ തന്നെ. രണ്ടാം പന്തിൽ റണ്ണെടുക്കാനാകാതെ പോയ ധോണി, മൂന്നാം പന്തിൽ ഡബിൾ നേടാനുള്ള ശ്രമത്തിലാണ് റണ്ണൗട്ടായത്. മാർട്ടിൻ ഗപ്ടിലിന്റെ നേരിട്ടുള്ള ത്രോ സ്റ്റംപ് തെറിപ്പിക്കുമ്പോൾ ക്രീസിന് ഇഞ്ചുകൾക്കു മാത്രം പുറത്തായിരുന്നു ധോണി. ഇതിനു പിന്നാലെ അഞ്ചു റൺസിനുള്ളിൽ ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചെഹൽ എന്നിവരെ മടക്കി ന്യൂസീലൻഡ് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.

English Summary: 'Why didn't I dive': MS Dhoni talks about run-out in World Cup 2019 semi-final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com